രചന :- ബിനു. ആർ.

വാർമഴവില്ലിൻചാരുതയോടെ
നീവന്നെൻമുന്നിൽ നിന്നപ്പോൾ,
ചാരുമുഖീ കുസുമവദനേത്രേ
ഞാനൊരു മന്ദാനിലനായ്
പോകെന്നെനിക്കു തോന്നി… !
മഴവില്ലാകും ചാരുമുഖീ
നിന്നിൽനിന്നൂർന്നുവീഴും
കളഭത്തിൻ നറുഗന്ധം
എന്നിൽ പരിരംഭണത്താൽ
നിറയേ ചുറ്റുംനിറയുന്നതാ –
യെനിക്കു തോന്നി… !
മാനത്തിൻ നീലിമയിൽ
സന്ധ്യാകാശത്തിൽ
വിരിഞ്ഞു നിൽക്കുമാമൊരു
മാരിവില്ലുപോൽ
അഴകോലും സുന്ദരീമണീ നീ
വിരുന്നുവന്നുവെന്നെനിക്കു തോന്നി.. !
ഏകാന്തരാവിൽ വന്നെത്തും
കാർമുകിൽ ജാലങ്ങളാലെ
കാർമുകിൽത്തുമ്പിൽ
നിന്നിറ്റുവീഴാൻ വെമ്പിനിൽക്കും
പരിമളം നിറയും പനിനീർക്ക –
ണങ്ങളാവാൻകാത്തു
നില്പതതെന്നുതോന്നി… !
സുന്ദരീ മനോമോഹിനീ
മഴവില്ലിൻ ചാരുശീലേ,
നിൻ പുരികക്കൊടികൾ
കൊണ്ടെന്നെ ചികഞ്ഞു
നോക്കുന്നതു കണ്ടെൻമനം
കാർമുകിലുകൾ ഭൂമിയിൽ
പെയ്തൊഴിയുന്നേരം വർണ്ണലതാജാലങ്ങളിൽ
കുളിരുപെയ്യിക്കുന്നതുപോലെ
എന്നിൽകഞ്ചുകമായ്
നിറയുന്നതായെനിക്കു തോന്നി… !

By ivayana