കവിത : മംഗളാനന്ദൻ*
സ്മൃതിനാശത്തിന്നിരുട്ടറയിൽകടക്കുമ്പോൾ
മൃതിതൻ കരതല സ്പർശനമറിയുന്നു.
മറവി, മനുഷ്യന്നുമരണത്തിലേക്കുള്ള
പദയാത്രയിലിടത്താവളമൊരുക്കുന്നു.
മറവി പുനർജ്ജനിയാകുന്നു,വാർദ്ധക്യങ്ങൾ
പിറവിയെടുക്കുന്നു പിന്നെയും ശിശുക്കളായ്.
വലിയ ശരീരത്തെ പേറുവാൻകഴിയാതെ-
വലയുന്നവർ രണ്ടാം ബാല്യത്തിലുടനീളം.
മരണം വരിയ്ക്കുവാൻ ശുഭകാലവും കാത്തു
ശരശയ്യകൾക്കുമേൽശയിച്ചീടുന്നു ചിലർ.
അയനസങ്ക്രാന്തിയിലോർമ്മതൻ കൂരമ്പുകൾ
അവരെ വീണ്ടും കുത്തിവേദനിപ്പിച്ചീടുന്നു.
ഒരുജന്മവും കൂടിയാടുവാൻ കഴിയില്ലീ
മൃതതുല്യമാം ജര ബാധിച്ച ശരീരത്തിൽ.
ഭയമില്ലാതെ മൃത്യുവരിയ്ക്കും സ്വാസ്ഥ്യത്തിനെ
പറയുന്നല്ലോ നമ്മൾ മോക്ഷദായകമെന്നു.
മറവി! സിരകളിൽ പകരാൻ മധുപാന-
ചഷകമെടുത്തന്ത്യനാളതിൽ വരേണ്ടനീ.
ഉണ്മയാമീവേദിയിലാടിനിൽക്കുമ്പോൾ, മൃത്യു
വന്നൊരീ ശരീരത്തെ പുണർന്നുപോയീടട്ടെ.
ഇനിയും ശരീരമാം ഭാരവും പേറി പുനർ-
ജ്ജനനത്തിനേക്കാളും മോക്ഷമാണഭികാമ്യം.
അനന്തനൈരന്തര്യമീവിശ്വമൊരുക്കുന്ന
പ്രണയമാല്യത്തിലെകണ്ണിയായാലുംപുണ്യം.
ഇനിയുംപുതിയൊരു ജന്മമുണ്ടെന്നാലത്
നിനവായ് പുലരണം പ്രേമാർദ്രചിത്തങ്ങളിൽ
സ്നേഹലേപനംകൊണ്ടു ഞാൻമുറിവുണക്കിയ
ജീവിതങ്ങളിലുള്ളംനിറഞ്ഞസൗഹാർദ്ദത്തിൽ.