രചന : ശ്രീകുമാർ എം പി*
കിളി പാടും പാട്ടിനുണ്ടൊരു
മലരിതളിൻ ശോഭ
അതു കേട്ടു വിടരുന്നൊരു
മുക്കുറ്റിപ്പൂവ്വ്
കിളി പാടും പാട്ടിനുണ്ടൊരു
മധുകണത്തിൻ മധുരം
അതു കേട്ടു മൂളുന്നൊരു
കരിവണ്ടു മെല്ലെ
കിളിപാടും പാട്ടിലുണ്ടൊരു
കുഞ്ഞരുവിത്തെളിമ
അതു കേട്ടിട്ടിളകി വന്നു
കുഞ്ഞലകൾ തുള്ളി
കിളിപാടും പാട്ടൊഴുകി
താരാട്ടു പോലെ
പടിയിറങ്ങിപ്പോയീടാതെ
നിദ്ര തങ്ങി നിന്നു.
കിളി പാടും പാട്ടിനുണ്ടൊരു
വിരഹത്തിൻ വിതുമ്പൽ
ഒതുക്കുന്ന കദനത്തിൻ
നിശ്വാസമുതിർന്നു
കിളിപാടും പാട്ടിനുണ്ടൊരു
കദനത്തിൻ തേങ്ങൽ
മൂകമായിട്ടതു കേട്ടു
വിതുമ്പിടുന്നാരൊ
കിളിപാടും പാട്ടിനുണ്ടൊരു
കഥയില്ലാക്കലമ്പൽ
അതു കേട്ടിട്ടുയരുന്നൊരു
കുഞ്ഞിന്റെ കരച്ചിൽ
കിളി പാടും പാട്ടിലുണ്ടൊരു
പുലർകാലവെട്ടം
അതു കേട്ടിട്ടുണർന്നു വീടിൻ
വെട്ടമാകുന്നമ്മ
കിളിപാടും പാട്ടിലുണ്ടൊരു
പ്രകൃതിയുടെ താളം
അതു കേട്ടു തുള്ളീടുന്നൊരു
കൊച്ചു പശുക്കിടാവ്
കിളി പാടും പാട്ടിലിപ്പോൾ
നല്ല നേരമെന്ന്
അതു കേൾക്കെ യാത്ര പോകാ
നിറങ്ങിടുന്നാരൊ
കിളിപാടും പാട്ടിലുണ്ടൊരു
വിരുന്നുകാരന്റെ വരവ്
അതു കേട്ടാ വരവും നോക്കി
കാത്തിരുന്നു വീട്ടിൽ
കിളി പാടും പാട്ടിലുണ്ട്
കാലദോഷമെന്ന്
കറുത്ത നാള് കടന്നു പോകാൻ
കാത്തിരിയ്ക്കുന്നപ്പോൾ
കിളി പാടും പാട്ടിനുണ്ടൊരു
ചിലമ്പൊലിക്കിലുക്കം
അതിനൊപ്പമുയരുന്നൊരു
കേളികൊട്ടെങ്ങൊ
കിളിപാടും പാട്ടിനുണ്ടൊരു
തകിലടിമേളം
അതു കേട്ടുണർന്നു വന്നൊരു
പൂങ്കാറ്റു വീശി
കിളിപാടും പാട്ടിലുണ്ടൊരു
പ്രണയ സംഗീതം
അനുരാഗത്തിരകൾ വ-
ന്നലയടിയ്ക്കുന്നെങ്ങൊ.