കൃഷ്ണ പ്രേമം ഭക്തി*
ഗു എന്നാൽ ഇരുട്ട്. രു എന്നാൽ അകറ്റുക .ഗുരു എന്നാൽ ഇരുട്ടിനെ അകറ്റുന്ന ആൾ. നമ്മുടെ അജ്ഞാനത്തെ നീക്കം ചെയ്യുന്ന ആളാണ് ഗുരു.ഒരു ഗുരുവിന്‍റെ സാമീപ്യം അനുഭവിക്കുവാൻ ആർക്കാണ് അർഹതയുള്ളത്? ഗുരുവിന് മാത്രമേ ശിഷ്യനെ നിശ്ചയിക്കാൻ കഴിയുകയുള്ളു.
തന്നെ കാണാനും, തിരിച്ചറിയാനും, മനസ്സിലാക്കാനും കഴിവുള്ളവരെ, ഗുരു തിരഞ്ഞെടുക്കുന്നു. മറ്റുള്ളവർ കാണും, ഒരിക്കലും മനസ്സിലാക്കില്ല. ചിലർക്ക് ഗുരുവിന്‍റെ അടുത്തേക്ക് എത്താൻ പോലും കഴിയില്ല. ചിലർ എത്തിയാലും അവരുടെ ദഹനശേഷിക്കനുസരിച്ച് കുറച്ച് സ്വീകരിച്ച് പിന്നെ അകന്നു പോകുന്നു. ഒരാൾക്ക് തന്നെത്തന്നെ അറിയുവാനുള്ള സമയമാകുമ്പോഴാണ് ഗുരു പ്രത്യക്ഷപ്പെടുന്നത്. ശിഷ്യന് അതിനുള്ള പാകത ആയോ എന്ന് ഗുരുവിനറിയാം.
യഥാർത്ഥ ഗുരുക്കന്മാർ ഏറ്റവും സാധാരണമായി പെരുമാറും. അവരുടെ ആത്മജ്ഞാനം ഒരിക്കലും പ്രദർശിപ്പിക്കില്ല. ഗുരു തന്നെത്തന്നെ കാട്ടിത്തരുവാൻ തയ്യാറാകുന്നതുവരെയും നിങ്ങൾക്ക് അവിടുത്തെ തിരിച്ചറിയുവാനാകില്ല. നിങ്ങൾക്കും അദ്ദേഹത്തെ തിരിച്ചറിയുവാനും ഉപയോഗിക്കുവാനും ഉള്ള അർഹത ഉണ്ടെങ്കിലെ അറിയുവാൻ പറ്റൂ. വിശ്വാസമാണ് താക്കോൽ. ഭക്തിയും ക്ഷമയുമാണ് നിങ്ങളെ അവിടെ എത്തിക്കാനുള്ള കാലുകൾ.
മഹാഗുരുക്കന്മാർ അറിവിന്‍റെയും, അവബോധത്തിന്‍റെയും ഉയർന്ന തലത്തിൽ നിന്ന് പ്രവർത്തിക്കുന്നു. സാധാരണ മനുഷ്യന് അത് മനസ്സിലാക്കാൻ പ്രയാസമാണ്. അതുകൊണ്ട്, വളരെ പരിമിതവും, വ്യവസ്ഥിതവുമായ നമ്മുടെ ബുദ്ധികൊണ്ട് അതിനെ വിശകലനം ചെയ്യാനും, മനസ്സിനകത്തും പുറത്തും തർക്കിക്കാനും നിൽക്കാതെ, അവർ പറയുന്നത് അനുസരിക്കുന്നതാണ് വിവേകം. പൂർണ്ണസമർപ്പണമില്ലെങ്കിൽ ഗുരുവിന്റെ സാമീപ്യം കൊണ്ട് നമുക്ക് പ്രയോജനം ലഭിക്കില്ല. യഥാർത്ഥ ഗുരുക്കന്മാർ ഒരു നിയോഗവുമായി വരുന്നു .
അവർക്ക് അതെപ്പറ്റി അറിയാം. അതു പൂർത്തീകരിച്ച് തിരിച്ചു പോകുന്നു. നാമെല്ലാവരും ഈശ്വരാംശങ്ങൾ തന്നെയാണ്. ഗുരുവാകട്ടെ ഈശ്വരനെന്ന് അറിഞ്ഞു ജീവിക്കുന്നു. നമുക്ക് ഗുരുവിനെ അറിയുവാൻ ഭാഗ്യമില്ലെങ്കിൽ അവരുടെ ശാരീരികമായ പരിമിതികൾ നോക്കിയും അവർ സമൂഹത്തിൽ പെരുമാറുന്ന വിധം നോക്കിയും ഒരു സാധാരണ മനുഷ്യൻ എന്നു തെറ്റിദ്ധരിക്കുന്നുഗുരു തന്റെ സവിശേഷത മറ്റുള്ളവരെ അറിയിക്കുവാൻ ഇഷ്ടപ്പെടുന്നില്ല.
അദ്ദേഹം സാധാരണക്കാരിൽ സാധാരണക്കാരനായി പെരുമാറുന്നു. അറിയുവാൻ അർഹത നേടിയവർ അദ്ദേഹത്തിനു സമീപം സ്വയം എത്തിച്ചേരുന്നു.അതുകൊണ്ട് ഗുരുവിനെ അന്വേഷിക്കേണ്ടതില്ല. നിങ്ങൾക്ക് യഥാർത്ഥത്തിൽ ഗുരുവിന്റെ സഹായം ആവശ്യമെങ്കിൽ അതു ലഭിക്കുന്നു.