കഥ : ദേവി പ്രിയ*
പട്ടികൾടെ ഒച്ച കേൾക്കാതെയായിട്ട് കൊറച്ചായി.. ഒന്നിന്റെ കൊര കേട്ടാൽ അന്നക്കുട്ടീന്നു അങ്ങേര് വിളിക്കുന്ന പോലെ തോന്നും ചെലപ്പോ.
നല്ല സ്നേഹവാ രണ്ടിനും ..കൂട്ടായിട്ടിപ്പോ അവത്തുങ്ങള്‍ മാത്രല്ലെ ഒള്ളു.
ഒന്ന് വിളിച്ചാൽ വിളി കേള്ക്കാൻ പോലും ആരൂല്ല.
സിസിലി ചത്തു പോയെമ്മിച്ചു ഇപ്പൊ നാല് മാസമായി.അവക്കടെ ഒരു മ്യാവൂ എങ്കിലും കേൾക്കുവാർന്നു പെരക്കുള്ളിൽ.. അല്ലേ ! ഇപ്പൊ അതും പറഞ്ഞുമ്മേച്ച് എന്നതാ..
മക്കളൊണ്ടായിട്ടെന്നാ..ഇല്ലാഞ്ഞിട്ടെന്നാ ..
എറയത്ത് ഏതാണ്ട് ഒരൊച്ച കേക്കുന്നല്ലോ .ആരാ ഈ പാതിരാത്രീല്.. പട്ടികൾടെ അനക്കവുമില്ല..
പതിയെ ജനൽ തുറന്നു വെളിയിലേക്ക് പാളി നോക്കി..
യ്യോടാ.. ദേണ്ടെ കിടക്കണ് പട്ടികൾ രണ്ടും ചത്തു മലച്ച കണക്ക്.. പ്പോ ഒറങ്ങാനായിട്ട് എന്നതാ കാര്യം .
പെട്ടെന്ന് കറണ്ടും പോയി ..കരണ്ടില്ലാത്തപ്പോഴും വീടെല്ലാം കത്തുന്ന സൂത്രവുണ്ടായിരുന്നു നേരത്തെ.. …അതിപ്പോ ചത്തിട്ട് കുറെ നാള്‍ ആയി. ആ അവറാച്ചനോട് പറഞ്ഞിട്ട് എത്ര നാള്‍ ആയി ഒന്ന് കവലേലെ കടയി കൊടുത്ത്ശരിയാക്കാനെക്കൊണ്ട്..ആര് കേക്കണ്.. പിള്ളേര്‍ക്ക് വേണ്ടാത്തവരെ അവര് വക വക്കുവോ
പിന്നാമ്പുറത്ത് നിന്നൊരൊച്ച കേള്‍ക്കുന്നല്ലോ .അടുക്കളവാതില്‍ ഞാന്‍ അടച്ചാരുന്നല്ലോ.. ഇനി സാക്ഷ ഇടാന്‍ മറന്നൊ എന്തോ?
അതോ കാറ്റത്ത് ആ നേന്ത്രവാഴയെങ്ങാനും ഒടിഞ്ഞു വീണോ?
ധൈര്യം സംഭരിച്ച് അന്നമ്മ ചേടത്തി പിന്നാമ്പുറത്തേക്ക് നടന്നു . വലത്തെ കയ്യിലെ വെട്ടോത്തി പിന്നിലേക്ക് മറച്ചു വച്ച് ഉറക്കെ ചോദിച്ചു
.”ആരാ അവടെ ..വെട്ടത്തി വാടാ ..മറഞ്ഞു കളിക്കാതെ “
ടോര്‍ച്ച് വെട്ടത്ത് വാടാ ..ഇടത്തെ കയ്യിലെ ടോര്‍ച്ച് കൊണ്ട് ചേടത്തി വൃത്തം വരച്ചു .
രണ്ടു വട്ടം അന്നമ്മചേടത്തി ആക്രോശിച്ചതും മൂന്നാമത്തെ ആട്ട് കേള്‍ക്കാന്‍ കൂട്ടാക്കാതെ ഒരു രൂപം വാഴയുടെ മറവില്‍ നിന്നും പതിയെ മുന്നില്‍ വന്നു
ചേടത്തി ഒരു നിമിഷം പകച്ചു നിന്നു.പൊറം പണിക്ക് വന്നോണ്ടിരുന്ന കൊമ്പൻ കണാരന്റെ കൊച്ചനല്ലിയോ ഇത്!
ഇവൻ കക്കാനും തുടങ്ങിയോ, ?
“ഡാ ചെക്കാ, ഇങ്ങോട്ട് വാ, ഇവടെ മിണ്ടിപ്പറഞ്ഞിരിക്കാൻ ആളില്ലാണ്ടിരിക്കുവാ.”
ചേടത്തി അവനെ അകത്തേക്ക് സ്നേഹത്തോടെ വിളിച്ചു .
“നിനക്ക് എന്നാ വേണ്ടത് ന്നു വച്ചാ കൊണ്ട് പൊയ്ക്കോ. ഇപ്പോ ഇവിടിരി. “
വെട്ടോത്തി നിലത്തു വച്ച് അന്നമ്മ ചേടത്തി അകത്തേക്ക് നടന്നു .
“.നീ വല്ലതും കഴിച്ചാരുന്നോ കൊച്ചെ,..കയറി വാ.. .നല്ല പോത്തിറച്ചി പെരട്ടുണ്ട് “
അവരുടെ കൂടെ അകത്തേക്ക് നടക്കുമ്പോള്‍ അയാളുടെ കയ്യിൽ നിന്നും തിളങ്ങുന്ന ഒരു വടിവാള്‍ നിലത്തു വീണു. കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീരും..