നോഹയ്‌ക്കും കുടുംബത്തിനും പ്രളയത്തിൽനിന്ന്‌ രക്ഷപ്പെടാൻവേണ്ടി വലിയ ഒരു പെട്ടകം ഉണ്ടാക്കുവാൻ യഹോവ നോഹയോടു കൽപ്പിച്ചു. യഹോവ പറഞ്ഞ രീതിയിൽത്തന്നെ അവർ ആ പെട്ടകം ഉണ്ടാക്കി. പ്രളയം വരുമെന്ന കാര്യം ആ സമയത്തെല്ലാം നോഹ ജനങ്ങളോടു ആവർത്തിച്ചു  പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ മറ്റ് കാര്യങ്ങളിൽ മുഴുകിയിരുന്ന ജനം അത് ശ്രദ്ധിച്ചില്ല. അവസാനം പെട്ടകത്തിൽ കയറുവാനുള്ള സമയമായി. ജലപ്രളയം വന്ന്‌ അവരെ എല്ലാവരെയും അടിച്ചൊഴുക്കിക്കൊണ്ടുപോകുന്നതുവരെ അവർ നോഹയുടെ ശബ്ദം ഗൗനിച്ചില്ല. വി.മത്തായി 24:37-39.-ൽ യേശുക്രിസ്തു നോഹയുടെ നാളുകളിൽ മരിച്ചവരെക്കുറിച്ച്‌ പറയുന്നുണ്ട്.. ആ കാലത്ത്‌ ഒരു പ്രളയജലം മുഴുഭൂമിയേയും മൂടി.— പെട്ടകത്തിൽ കയറി രക്ഷപെടാൻ യഹോവ ജനത്തിന് ഒരു അവസരം കൊടുത്തു. യഹോവ നോഹയോടു പ്രസംഗിക്കാൻ പറഞ്ഞു. അതുകൊണ്ട്‌ പെട്ടകം പണിയപ്പെട്ടുകൊണ്ടിരുന്ന വർഷങ്ങളിലെല്ലാം നോഹ ആസന്നമായ ജലപ്രളയത്തെക്കുറിച്ചു ജനങ്ങൾക്കു മുന്നറിയിപ്പു കൊടുത്തുകൊണ്ടിരുന്നു. പ്രളയം വരുമെന്ന്‌ അപ്പോഴും ജനം വിശ്വസിച്ചില്ല. നോഹ പറഞ്ഞതു ശരിയായിരുന്നു. “ജലപ്രളയം വന്ന്‌ അവരെ എല്ലാവരെയും അടിച്ചൊഴുക്കിക്കൊണ്ടുപോയി.” അവർ ഒരു വലിയ കുന്നിൽ കയറിയാൽ പോലും അതു പ്രയോജനപ്പെടുമായിരുന്നില്ല. കാരണം—യേശു പറഞ്ഞതുപോലെ  “അവർ ശ്രദ്ധിച്ചില്ല”. ലോകമെങ്ങും “കൊറോണവൈറസ്” എന്ന അദൃശ്യശത്രു നമ്മെ കീഴടക്കുവാനായി വലവിരിച്ചു കഴിഞ്ഞു. നമ്മുടെ  ഭവനം ഒരു പെട്ടകമാക്കി മാറ്റി അതിൽ തന്നെ ഏതാനും ദിവസങ്ങൾ കഴിച്ചുകൂട്ടുവാനാണ് സർവ്വശക്തനായ ദൈവം ഇപ്പോൾ ഈ ലോകത്തിന്റെ അധികാരികളിലൂടെ തന്റെ ജനത്തോട് ഇപ്പോൾ ആവശ്യപ്പെടുന്നത്. അനുസരിക്കാം…!!!നിരാകരിക്കാം…!!!   

കൊറോണ വൈറസ്

രംഗബോധമില്ലാത്ത കോമാളിയായി കടന്നുവരുന്നു…..ആധുനിക വൈദ്യശാസ്ത്രത്തിനു മനസിലാക്കുവാൻ കഴിയാതെപോയ കോമാളി…. തിരിച്ചറിയാനാവാത്ത അത്ഭുതം… എപ്പോൾ…? എങ്ങനെ….? എവിടെ നിന്ന്….? ആരിലൂടെ….? ചിന്തിക്കുവാൻ പോലും  സാധിക്കാത്ത പ്രതിഭാസം… നാം ഭയക്കുന്നില്ല എന്ന്പറയുമ്പോഴും…. അതെങ്ങനെ സംഭവിക്കും എന്നുള്ള ഒരു ആകാംഷ നമ്മെ ഗ്രസിച്ചിരിക്കുന്നു… അതാണ്‌ സത്യം… അത്  ആരെയും കാത്തു നില്‍ക്കുന്നില്ല…. എല്ലാവരും അവനെ കാത്തു നില്‍ക്കുന്നു… ലോകം മുഴുവൻ അതി ഭീകരമായ മരണ ഭീതിയിലൂടെ കടന്നുപോകുമ്പോൾ രാഷ്ട്രനേതാക്കന്മാർ വ്യക്തമായ അറിയിപ്പുകളും, നിദ്ദേശങ്ങളും, സൂചനകളും തന്നിട്ടും  എത്ര നിസ്സാരമായിട്ടാണ് നാം അതിനെ നിസ്സാരവൽക്കരിക്കുന്നത്. കാലിഫോർണിയായിലെയും, ന്യൂയോർക്കിലെയും, ന്യൂജേഴ്സിയിലെയും തയ്യാറെടുപ്പുകളും മുന്നറിയിപ്പുകളും അതിൻറെ സൂചനകളിലേക്ക് വിരൽ ചൂണ്ടുന്നു.  “സാഹസികത” ആവാം… പക്ഷേ  അത്  ഒരു സമൂഹത്തെ, അല്ല,  ഒരു രാജ്യത്തെ തന്നെ ഭീതിയിലേക്ക് തള്ളിവിടുന്ന “ആരാച്ചാർ” ആകുവാൻ ഇടയാകരുത്.

“തന്നെ ശ്രദ്ധിച്ച ആളുകളെ യഹോവ രക്ഷിച്ചു.—ഉല്‌പത്തി 6:5–7:24.

ആരാധനകളും അനുഷ്ഠാനങ്ങളും നിർബന്ധിതവും സമയബന്ധിതവുമാണെങ്കിലും അവയുടെ അടിസ്ഥാനപരമായ ലക്ഷ്യം മനുഷ്യനന്മയാണ്. അത് മറന്നുകൊണ്ട് കേവലം ചടങ്ങുകളായി മാറ്റുവാൻ ഇടയാകരുത്. രോഗങ്ങൾ വരാതിരിക്കുന്നതിനും രോഗസൗഖ്യത്തിനും നാം അടിയന്തിര ശ്രദ്ധ നൽകേണ്ട സമയമാണിത്. 

അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക യെശയാവു 26 :20.

എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക. പാപികളുടെ അനുതാപത്തിൽ പ്രീതിയോടെ സന്തോഷിക്കുന്ന സർവ്വ ശക്തനായ ദൈവം തമ്പുരാനെ! ഞങ്ങൾ പാപം ചെയ്തു പോയതുകൊണ്ട് നീ ഞങ്ങളെ ഞെരുക്കുകയും ശിക്ഷിക്കുകയും ഈ കഠിന രോഗത്തിൽ ഞങ്ങളെ നീ അകപ്പെടുത്തരുതേ എന്നും ക്രോധത്തിന്റെയും ശിക്ഷയുടെയും കാലത്തിൽ ഞങ്ങളുടെ നേരെ നിൻറെ കരുണയുടെ വാതിൽ അടച്ചു കളയരുതേ എന്നും മുട്ടിപ്പായി പ്രാർഥിക്കുവാനുള്ള സമയമാണിത്..

നെഹെമ്യാവിന്റെ രഹസ്യ പ്രാർഥന

പേർഷ്യൻ രാജാവായ അർത്ഥഹ്‌ശഷ്ടാവിന്റെ കൊട്ടാരത്തിലെ ജോലിക്കാരനായിരുന്നു നെഹെമ്യാവ്‌.  നെഹെമ്യാവ്‌ ഒരു വാർത്ത കേട്ടു. നെഹെമ്യാവിന്റെ  ആളുകൾ താമസിച്ചിരുന്ന യെരുശലേം നഗരത്തിന്റെ മതിലുകൾ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നു! അതു കേട്ടപ്പോൾ നെഹെമ്യാവിന്‌ വലിയ വിഷമമായി. വിഷമത്തിനു കാരണം എന്താണെന്ന്‌ രാജാവ്‌ ചോദിച്ചപ്പോൾ നെഹെമ്യാവ്‌ മറുപടി  പറയുന്നതിനുമുമ്പ്‌ മനസ്സിൽ ദൈവത്തോട്  പ്രാർഥിച്ചു. എന്നിട്ട്‌, വിഷമത്തിനു കാരണം രാജാവിനെ ബോധിപ്പിച്ചു. യെരുശലേമിന്റെ മതിലുകൾ പുതുക്കിപ്പണിയാൻ അവിടേക്ക്‌ പോകാൻ അനുവാദം ചോദിക്കുകയും ചെയ്‌തു. ദൈവം നെഹെമ്യാവിന്റെ പ്രാർഥന കേട്ടു. രാജാവ്‌ അവനെ പോകാൻ അനുവദിച്ചു. മതിലിന്റെയും മറ്റും പണിക്കായി കുറെ തടികളും കൊടുത്തയച്ചു. മനസ്സിൽ പ്രാർഥിച്ചാൽപ്പോലും ദൈവം ഉത്തരം തരും—നെഹെമ്യാവു 1:2, 3; 2:4-8.

ഭവനത്തിനുള്ളിൽ തന്നെ കഴിയണം

ഭവനത്തിലെ അംഗങ്ങൾ തമ്മിലും സംസാരിക്കുമ്പോഴും, ചുമക്കുമ്പോഴും, പാടുമ്പോഴുമെല്ലാം പുറത്തേക്കുവരുന്ന സ്രവം മൂലം ഈ വൈറസ് പകരുവാനുള്ള സാധ്യത ഏറെയാണ്. സംസാരിക്കുമ്പോൾ മൂന്നടി അകലം വരെ അണുക്കൾ പകരുവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. അതുകൊണ്ടാണ് കുറഞ്ഞത് ആറടി അകലം പാലിക്കണം എന്ന് വൈദ്യശാസ്ത്രം നിർദ്ദേശിക്കുന്നത്. കഴിവതും ഇക്കാലയളവിൽ “വീട്ടിനുള്ളിൽ തന്നെ കഴിയണം” എന്ന് പറയുന്നതിന്റെ കാരണവും ഇതാണ്. ആരൊക്കെയാണ് ഇതിന്റെ മൊത്ത വിതരണക്കാർ എന്ന് ആർക്കും പ്രവചിക്കുവാൻ സാധ്യമല്ല. പത്ത്ആൾ  വരെ കൂടുന്നതിന് വിലക്കില്ല എന്ന പഴുത് ഉപയോഗിച്ചുകൊണ്ട് വിശ്വാസികളെ കൂട്ടിവരുത്തുന്നതും  അപകടത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്തിനു വേണ്ടിയാണ് ഇങ്ങനെ ഒരു വിലക്ക് എന്നത് നാം ബോധപൂർവ്വം വിസ്മരിക്കുന്നു.  പിന്നീട് സർക്കാർ അങ്ങനെ അനുവദിച്ചത് കൊണ്ടാണ് ഞങ്ങൾ അങ്ങനെ ചെയ്തത് എന്ന് വേണമെങ്കിൽ പറഞ്ഞൊഴിയാം. വീണത് വിദ്യയാക്കുവാൻ ശ്രമിക്കുന്നത് അപകടമാണ്. കഴിഞ്ഞ രണ്ടാഴ്ചകൾ നാം കാര്യമായി എടുക്കാഞ്ഞതിൻറെ തിക്തഫലമാണ് ഇനി നാം നേരിടുവാൻ പോകുന്നത്. അതിന്റെ ഭീകരാവസ്ഥ നമ്മുടെ ഒക്കെ ചിന്തക്കപ്പുറമാണ് എന്നാണ് സൂചനകൾ. വരും ദിനങ്ങൾ അതി സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതിന് പകരം നിസ്സാരമായി കാണുന്നത് മൂലം ഒരു സമൂഹം മുഴുവൻ വലിയ വില കൊടുക്കേണ്ടി വരും. ഇപ്പോൾ ഇറ്റലിയിൽ കാണുത് അതാണ്. നിൻറെ രക്ഷക്കുള്ള മാർഗം ഇനിയെങ്കിലും തിരിച്ചറിഞ്ഞെങ്കിൽ ……!!!

രഹസ്യ പ്രാർഥനയുടെ സമയമായി നമുക്ക് വരും ദിവസങ്ങൾ മാറ്റാം.

യേശു ക്രിസ്തു വേറിട്ട് മാറി പ്രാർഥിക്കാനായി തനിയെ ഒരു മലയിലേക്കു പോയി. നേരം വളരെ വൈകിയിട്ടും അവൻ അവിടെ തനിച്ചിരുന്നു പ്രാർഥിച്ചു’ വി.മത്തായി 14:23. നീയോ, പ്രാർഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്നു വാതിലടച്ച്‌ സ്വർഗത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്കുക.’ (വി മത്തായി 6:6) രഹസ്യത്തിൽ മനസ്സിൽ പ്രാർഥിച്ചാൽ ദൈവം കേൾക്കും. ഓർത്തോഡോക്സ് സഭയുടെ വി ആരാധനയിൽ രഹസ്യപ്രാർഥനയുടെ നീണ്ട നിരതന്നെയുണ്ട് 


സാംക്രമിക രോഗങ്ങളുടെ കാലത്ത് നടത്താനുള്ള പ്രത്യേക പ്രാർത്ഥന. (പാമ്പാക്കുട നമസ്കാരത്തിൽ നിന്നും)

പാപികളുടെ അനുതാപത്തിൽ പ്രീതിയോടെ സന്തോഷിക്കുന്ന ഞങ്ങളുടെ ദൈവം തമ്പുരാനെ! ഞങ്ങൾ പാപം ചെയ്തു പോയതുകൊണ്ട് നീ ഞങ്ങളെ ഞെരുക്കുകയും ശിക്ഷിക്കുകയും അരുതേ. ദൈവമാതാവായ വിശുദ്ധകന്യക മറിയമിനെ പ്രതിയും, നിബിയെൻമാരെ പ്രതിയും ശ്ലീഹൻമാരെ പ്രതിയും സഹദേൻമാരെ പ്രതിയും സർവശിക്ഷകളെയും ഞങ്ങളിൽ നിന്ന് വിരോധിച്ച് നീക്കണമെ. കർത്താവേ! ഈ കഠിന രോഗത്തിൽ ഞങ്ങളെ നീ അകപ്പെടുത്തരുതേ. നീ കരുണയുള്ള ദൈവം ആകുന്നു എന്ന് കൽപ്പിച്ചിരിക്കുന്നത് കൊണ്ട് ക്രോധത്തിന്റെയും ശിക്ഷയുടെയും കാലത്തിൽ ഞങ്ങളുടെ നേരെ നിൻറെ കരുണയുടെ വാതിൽ അടച്ചു കളയരുത്. ഞങ്ങൾ പാപികൾ ആകുന്നു എന്ന് ഞങ്ങൾ ഏറ്റുപറയുന്നു. നിൻറെ കരുണയാൽ ഞങ്ങളെ ആശ്വസിപ്പിക്കണമേ. ദൈവമേ! കരുണയോടെ അല്ലാതെ കോപത്തോടെ നീ ഞങ്ങളെ ശിക്ഷിക്കരുതേ. രണ്ടാമത്തെ മരണത്തിൽ നിന്ന് ഞങ്ങളെ നീ രക്ഷിച്ചു കൊള്ളേണമേ. ഞങ്ങളുടെ നമസ്കാരങ്ങള്കും അപേക്ഷകള്ക്കും നിൻറെ കരുണയുടെ വാതിൽ നീ തുറന്നു തരേണമേ. ഞങ്ങൾ അനുഭവിച്ചിട്ടുള്ള നിൻറെ തിരുശരീരവും, തിരുരക്തവും ഞങ്ങൾക്ക് സഹായമായി ഭവിക്കേണമേ. ജയമുള്ള ആയുധമാകുന്ന നിൻറെ സ്ലീബാ രോഗപീഡ അനുഭവിക്കുന്ന എല്ലാവർക്കും രക്ഷ ആയിരിക്കേണമേ. നല്ല ഇടയനായ കർത്താവേ! ഞങ്ങളുടെ ആവലാതികളെ കേൾക്കേണമേ. ഞങ്ങൾ സങ്കടത്തോടെ നിൻറെ അടുക്കൽ നിലവിളിക്കുന്നത് കൊണ്ട് ഞങ്ങളുടെ പാപങ്ങൾക്ക് മോചനം നൽകണമേ. മനോഗുണവാനേ! നിൻറെ അടുക്കൽ അല്ലാതെ ഞങ്ങൾ ആരുടെ അടുക്കൽ പോകേണ്ടൂ. നിന്നെയല്ലാതെ ആരെ ഞങ്ങൾ വന്ദിക്കേണ്ടൂ. അപേക്ഷിക്കുവാനും പ്രാർത്ഥിക്കുവാനും വന്ദിക്കുവാനും നീ അല്ലാതെ ആരും ഞങ്ങൾക്കില്ല. ആയതുകൊണ്ട് കർത്താവേ നീ നിൻറെ ത്രക്കൈകൾ നീട്ടി ഞങ്ങളെ വാഴ്തേണമേ. തിരുവുള്ളം കൊണ്ട് ഇല്ലായ്മയിൽ നിന്ന് ഞങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയ ദൈവമേ, തിരുവുള്ളക്കേട് കൊണ്ട് ഞങ്ങളെ നീ നശിപ്പിച്ചു കളയരുതേ. ഞങ്ങളുടെ നേരെ നീ കോപിക്കാതെ ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങളുടെ അനീതികൾ നിമിത്തം ഉണ്ടായിട്ടുള്ള ഈ ശിക്ഷയെ ഞങ്ങളിൽ നിന്ന് നീ നിരോധിക്കേണമേ. ഉഗ്ര കോപത്തിൽ നിന്ന് നീ ശാന്തതപ്പെടെണമെ. നിന്നെ ഞങ്ങൾ കോപിപ്പിച്ചു എങ്കിലും നിന്നിൽ ഞങ്ങൾ അഭയം പ്രാപിക്കുന്നതിനാൽ നീ ഞങ്ങളൊട് നിരപ്പാകണമെ. നീ ഞങ്ങൾക്ക് അനുതാപത്തീൻറെ ഹൃദയവും കണ്ണുനീരുകളും തരേണമേ. നിൻറെ വിശുദ്ധ സ്ലീബായാൽ ഞങ്ങളെ രക്ഷിക്കണമേ. കാരുണ്യവാനും ദീർഘക്ഷമയും ഉള്ളവനായി കർത്താവേ! നിൻറെ തിരുരക്തത്താൽ നീ രക്ഷിച്ചിരിക്കുന്നു നിൻറെ ജനത്തൊട് നിനക്ക് മനസ്സലിവ് ഉണ്ടാകണമേ. വൃദ്ധന്മാരെയും യൗവനക്കാരെയും, കുഞ്ഞുങ്ങളെയും മരണം വിഴുങ്ങി കൊണ്ടിരിക്കുന്നു. ദൈവമേ നിൻറെ ജനത്തിന് കരച്ചിലുകളെയും വിലാപങ്ങളെയും നിലവിളികളെയും നീ കേൾക്കേണമേ. കർത്താവേ നീ നിൻറെ തിരു കരങ്ങൾ നീട്ടി ഞങ്ങളെ സഹായിച്ചില്ലെങ്കിൽ ഞങ്ങൾ പൂർണ്ണമായും നശിച്ചു പോകുമല്ലോ. ഞങ്ങളുടെ പാപങ്ങൾ അസംഖ്യം എങ്കിലും നീ അല്ലാതെ ഞങ്ങൾക്ക് ആശ്രയവും രക്ഷയും വേറെ ഇല്ലാത്തതുകൊണ്ട് കരുണയോടെ ത്രിക്കൺ പാർത്ത് ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങളെയും ഞങ്ങൾക്കുള്ള സകലത്തെയും നീ ക്രപയോടെ കാത്തുരക്ഷിക്കേണമേ. ഞങ്ങളെല്ലാവരും നന്ദിയുള്ള ഹൃദയത്തോടെ നിന്നെയും, നിൻറെ പിതാവിനെയും, ജീവനുള്ള നിൻറെ പരിശുദ്ധ റൂഹായേയും ഇപ്പോഴും എല്ലാ സമയത്തും എന്നേക്കും സ്തുതിച്ച് സ്തോത്രം ചെയ്യുവാൻ കൃപയോടെ ഞങ്ങൾക്ക് ഇടയാക്കുകയും ചെയ്യണമേ, ആമേൻ.

By ivayana