ആനി കടവൂർ*
ഓൺ ലൈൻ ക്ലാസുകൾ ആരംഭകാലത്ത് എങ്ങനെ പ്രാവർത്തികമാകും എന്ന ആശങ്ക പൊതു സമൂഹത്തിനും അധ്യാപകർക്കും ഉണ്ടായിരുന്നു.പ്രാരാബ്ദങ്ങളുടെ നടുക്കടലിൽ ജീവിക്കുന്ന കുട്ടികളാണ് അധികവും. എന്നാൻ എല്ലാ ആകുലതകളെയും കാറ്റിൽ പറത്തി കൊണ്ട് ഓൺലൈൻ ക്ലാസുകൾ അനുസ്യൂതം മുന്നോട്ടു നീങ്ങി.
നമ്മൾ അറിയാത്ത എത്രയോ സംഘർഷങ്ങളുടെയും പ്രശ്നങ്ങളുടെയും നടുവിലാണ് ഇന്നത്തെ കുട്ടികൾ ജീവിക്കുന്നത്. ഓരോ കുട്ടിയും ഓരോ ദ്വീപാണ്. ചുറ്റപ്പെട്ട സമുദ്രം താണ്ടണം അവരെ അറിയാൻ.
സാധാരണക്ലാസ് എടുക്കുമ്പോൾ പോലും കുട്ടികൾ ഉറക്കം തൂങ്ങുകയും തൊട്ടടുത്തിരിക്കുന്നവനെ തോണ്ടുകയും ദിവാസ്വപ്നത്തിൽ മുഴുകിയിരിക്കുന്നവരും ഉണ്ടാകും.പഠനം ആഘോഷമായി മാറാറില്ല പലപ്പോഴും .ഒരു വിഭാഗം കുട്ടികൾ ഒന്നിലും ശ്രദ്ധയില്ലാതെ, വിരസതയോടെയിരിക്കും. അവരെ ശ്രദ്ധിക്കുകയും അവരുടെ പ്രശ്നങ്ങൾ തിരിച്ചറിയുകയും ചെയ്ത് കഴിയുമ്പോൾ സമയം കുറെ നഷ്ടപ്പെടും.
ഏറ്റവും മിടുക്കരായവരെയും പിന്നോക്കം നിൽക്കുന്നവരെയും പരിഗണിച്ചാകും ഒരു നല്ല ക്ലാസ് മുന്നോട്ടു പോകുന്നത്. എന്നാൽ ഓൺലൈൻ ക്ലാസിൻ്റെ പ്രശ്നങ്ങൾ വളരെ സങ്കീർണ്ണമാണ്. അവിടെ എന്താണ് നടക്കുന്നതെന്നും ആ വിഷയത്തെ കുറിച്ച് അറിയാൻ തുടക്കം മുതൽ അവസാനം വരെ ക്ലാസ് കാണുന്നതിനും കുട്ടിക്ക് താത്പര്യമില്ല. അവൻ അലസമായി ക്ലാസ് കാണും. ചില സമയങ്ങളിൽ ഉറങ്ങി കൊണ്ട് ഫോൺ ചെവിയിൽ വച്ച് ക്ലാസ് കേൾക്കും.
ക്ലാസ് കണ്ടോ എന്ന് ടീച്ചർ ചോദിച്ചാൽ കണ്ടു. ടീച്ചർ കൊടുത്ത ചോദ്യങ്ങൾക്കെല്ലാം അവൻ ഉത്തരം വാട്സ് അപ്പ് ചെയ്തു. ഓൺലൈൻ പരീക്ഷകൾ വളരെ ഭംഗിയായ് എഴുതും. ഫോണിൽ കുട്ടികൾ തന്നെ ഒരു ഗ്രൂപ്പ് ഉണ്ടാക്കി ചോദ്യ ഉത്തരങ്ങൾ കൈമാറും വാട്സ് ആപ്പ് വഴി. ടീച്ചറോട് പറയും നെറ്റ് സ്ലോയാണ് ടീച്ചർ.കുട്ടികളെ നേരിൽ കണ്ടപ്പോൾ ക്ലാസ് കാണാത്ത ധാരാളം കുട്ടികൾ ഉണ്ടെന്ന് ടീച്ചറിന് ബോധ്യമായി. വിശദമായി പഠിപ്പിക്കാൻ സമയം തികഞ്ഞില്ലെങ്കിലും പ്രധാന കാര്യങ്ങൾ അവരെ പഠിപ്പിക്കാൻ അധ്യാപകർക്ക് കഴിഞ്ഞു.
എന്നാൽ ചില കുട്ടികൾ വ്യത്യസ്തരാണ്.പെയ്തൊഴിയാൻ വെമ്പുന്ന മനസ്സുമായി വരുന്നവർക്കുണ്ട്.പ0നത്തിലും സ്വകാര്യ ദുഖങ്ങൾ ആയാലും. വീട്ടിൽ നിന്ന് അരക്ഷിതത്വം അനുഭവിക്കുന്നവരും ഉണ്ട്. എല്ലാം പഠിച്ചിട്ടും തൃപ്തരാകാത്ത കുട്ടികൾ ഒരു വശത്ത്. എവിടെ നിന്നെങ്കിലും ഒരു സംശയവുമായി അവരെത്തും അത് ദുരികരിച്ചില്ലെങ്കിൽ അവർ തൃപ്തരല്ല. കൃത്യമായി ഭക്ഷണം കഴിക്കാതെ ,ശരിയായി ഉറക്കം ലഭിക്കാതെ എങ്ങനെയാണ് ഒരു കുട്ടിയുടെ പഠനം നല്ല രീതിയിൽ മുന്നോട്ടു പോവുക.
നെറ്റ്, വൈദ്യുതി, ടി.വി, സ്മാർട്ട് ഫോൺ ഒക്കെ വില്ലനായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്. ടി.വി ഓഫാക്കി പോയിരുന്ന് പഠിക്കെടാ എന്നാ ക്രോശിച്ചിരുന്ന അച്ഛൻ ടി.വി ഓണാക്കി ഹാളിൽ പോയിരുന്ന് പഠിക്കടാ എന്നായി. ഫോൺ തൊട്ട് പോകരുത് എന്ന് പറഞ്ഞിടത്ത് നീ ഇതുവരെ ഫോൺ തുറന്നില്ലേടാ എന്നിങ്ങനെ വഴക്കടിക്കാനും തുടങ്ങി. അച്ഛൻ്റെയും അമ്മയുടെയും ഫോണിലുള്ള അവകാശം കുട്ടി തട്ടിയെടുത്തു.കുട്ടി ഫോണിൽ എന്താണ് കാണുന്നതെന്ന് പല മാതാപിതാക്കളും ശ്രദ്ധിക്കാതെയായി.
കുട്ടിയെ കുറിച്ചുള്ള അന്വോഷണാത്മക സമീപനം അധ്യാപകരിൽ നിന്ന് ഉണ്ടാകുമ്പോൾ മാത്രമാണ് മാതാപിതാക്കൾ അത് ശ്രദ്ധിക്കുന്നത്. ഓരോ കുട്ടിയുടെയും പ്രത്യേക തക്കനു സരിച്ച് ഹോം വർക്ക് നല്കി ക്ലാസ് ഒരുക്കുക എന്നത് ടീച്ചർ നേരിടുന്ന വെല്ലുവിളിയും ടീച്ചറുടെ സാമർത്ഥ്യവുമാണ്. പക്വമായ മനസ്സോടെ കുട്ടിയുടെ നിലവാരം മനസ്സിലാക്കി പ്രവർത്തിക്കണം.
എല്ലാ കുട്ടികളെയും പരിഗണിക്കുന്ന ഇക്കാലത്ത് സ്മാർട്ട് ഫോണും നെറ്റും നല്കി സർക്കാർ മാതൃക കാട്ടുന്നത് വളരെ വലിയ കാര്യമാണ്.
കുട്ടികൾക്ക് ഇനിയും സൗകര്യങ്ങൾ ലഭ്യമാകാനുണ്ട്. എല്ലാവർക്കും വിദ്യാഭ്യാസം എന്ന് നമ്മൾ നെയ്തൊരുക്കിയ സ്വപ്ന സാക്ഷാത്കാരമാണ് ഇവിടെ വിജയിച്ചിരിക്കുന്നത്.