Shangal G T
ചില നേരത്തിനുണ്ട്
ചില തലതിരിവുകളൊക്കെ ..
കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കെ
മനുഷ്യന് പട്ടി എന്നൊരു
പര്യായം കൂടി പാഠപുസ്തകങ്ങളില്‍
അത് എഴുതിച്ചേര്‍ക്കും…..
മനുഷ്യന്‍ = പട്ടി… മനുഷ്യന്‍ = പട്ടി എന്ന്
കുട്ടികള്‍ എഴുതി വായിക്കും…
മനസ്സില്‍ പറഞ്ഞു പഠിക്കും..
പിതാവിനെ മകളോടൊപ്പം
കണ്ണുകെട്ടിവിടും,
അവര്‍ വേണ്ടാത്ത
വികൃതികളൊപ്പിക്കുന്നതു കണ്ടുചിരിക്കും……
കണ്ണുകെട്ടി അദ്ധ്യാപകനെ
ക്ലാസ്സിലെ കടുംനിറങ്ങളിലേയ്ക്ക് ഒഴുക്കിവിടും……
ചിരിയില്‍മുക്കിപ്പിഴിഞ്ഞ്
ഉത്സവപ്പറമ്പുകളില്‍
കരച്ചിലുകളെ
ചിരിവിലക്കുതന്നെ വിറ്റെടുക്കും…
തിരികെപ്പോയ് തനി ജീവിതത്തില്‍
അലക്കിപ്പിഴിയുമ്പോള്‍ കാണാം
ഇതാ ചിരിച്ചായമിളകുന്നല്ലൊ എന്ന്
ഇതാ കരച്ചിലു് തെളിയുന്നല്ലൊ എന്ന്
അവന്‍ അവള്‍ക്കു നല്‍കാന്‍
കാത്തുവച്ച ചുംബനത്തില്‍
ഒരു കഠാരകൂടി
വെറുതെ ഒളിച്ചുവയ്ക്കും
പ്രണയമിറങ്ങി
തനി ജീവിതംതെളിയുമ്പോള്‍
അതിന്റെ മൂര്‍ച്ചയിലവര്‍
വെട്ടിത്തിളങ്ങും….
ഒടുവില്‍
നേരംപോക്കുകളവസ്സാനിപ്പിച്ച്
ആരുംകാണാതെ
ഒത്തുകിട്ടുന്ന ക്ലോക്കിലൊ
വാച്ചിലൊ കയറിപ്പറ്റി
ടിക് ടിക് ലേയ്ക്ക് മടങ്ങിപ്പോകും
അത്തരം
തലതിരിഞ്ഞനേരങ്ങള്‍…