കടമറ്റത്ത് കത്തനാര്‍ പരമ്പരയിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രകാശ് പോള്‍. ഒരുകാലത്ത് കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം കത്തനാറിന്‌റെ വരവിനായി ടിവിക്ക് മുന്‍പില്‍ കാത്തിരുന്നിട്ടുണ്ട്. എഷ്യാനെറ്റില്‍ വന്ന പരമ്പരകളില്‍ വലിയ ഹിറ്റായ മാറിയ സീരിയലുകളില്‍ ഒന്നാണ് കടമറ്റത്ത് കത്തനാര്‍. കത്തനാരിന് പുറമെ നിരവധി ടെലിഫിലിമുകളില്‍ അഭിനയിച്ചും പ്രകാശ് പോള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ഷാജിയെമ്മിന്‌റെ നക്ഷത്രങ്ങള്‍, ശ്യാമപ്രസാദിന്‌റെ ശമനതാളം തുടങ്ങിയവ അദ്ദേഹം അഭിനയിച്ച മറ്റു പരമ്പരകളാണ്.
പബ്ലിഷിങ് സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്ത ശേഷമാണ് പ്രകാശ് പോള്‍ അഭിനയരംഗത്ത് എത്തുന്നത്. ഹൊറര്‍ പരമ്പരയായ കടമറ്റത്ത് കത്തനാറിന്‌റെതായി 267 എപ്പിസോഡുകളാണ് സംപ്രേക്ഷണം ചെയ്തത്. പരമ്പരയുടെ തുടര്‍ഭാഗങ്ങള്‍ പിന്നീട് മറ്റ് ചാനലുകളിലും വന്നു.ട്യൂമര്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടുളളതുകൊണ്ട് അത് ചുമന്നാണ് ഇപ്പോള്‍ തന്‌റെ ജീവിതമെന്ന് പ്രകാശ് പോള്‍ പറഞ്ഞു. 2016ല്‍ ഒരു പല്ല് വേദന വന്നതോടെയാണ് തുടക്കമെന്ന് അദ്ദേഹം പറയുന്നു. ‘പല്ലുവേദന വന്നശേഷം നാടന്‍ മരുന്നുകള്‍ ചെയ്തുനോക്കി. എന്നാല്‍ നാക്കിന്‌റെ ഒരു വശം പൊളളി, മരവിച്ചുപോയി. മരുന്നിന്‌റെ പ്രശ്‌നമാണെന്ന് കരുതി ഒരു മാസം ഒന്നും ചെയ്തില്ല’.
‘ഡോക്ടറെ കാണിച്ചപ്പോള്‍ ന്യൂറോളജിസ്റ്റിനെ സമീപിക്കാന്‍ പറഞ്ഞു. പിന്നാലെ സ്‌കാനും കുറെ ടെസ്റ്റുകളുമൊക്കെ നടത്തി. സ്‌ട്രോക്കായിരുന്നു എന്ന് പിന്നീട് അറിഞ്ഞു’, പ്രകാശ് പോള്‍ പറയുന്നു. ‘വീണ്ടും സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറില്‍ ട്യൂമറുണ്ടെന്ന് കണ്ടെത്തിയത്. അങ്ങനെ ആര്‍സിസിയില്‍ എത്തുകയായിരുന്നു. ‘അങ്ങനെ അഞ്ചാറ് ദിവസം അവിടെ ഒബ്‌സര്‍വേഷനില്‍ കഴിഞ്ഞ ശേഷം തിരിച്ചുപോരുകയായിരുന്നു. പിന്നെ താന്‍ ട്രിറ്റമെന്റ് ഒന്നും ചെയ്തിട്ടില്ലെന്ന്’ പ്രകാശ് പോള്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭാര്യയും മക്കളുമൊക്കെ നിര്‍ബന്ധിക്കാറുണ്ടെങ്കിലും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. ഡോക്ടര്‍മാരും വിളിച്ചിരുന്നു. ഇപ്പോള്‍ നാല് വര്‍ഷമായി’.’സംസാരിക്കാനുളള ബുദ്ധിമുട്ട് ഇടയ്ക്ക് ഉണ്ടാവാറുണ്ട്. രണ്ട് സാധ്യതകളാണ് ഉളളത് ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ അതിജീവിക്കും. എന്തായാലും ഇനി ആശുപത്രിയില്‍ പോവില്ലെന്ന് തീരുമാനിച്ചു’, അഭിമുഖത്തില്‍ പ്രകാശ് പോള്‍ അറിയിച്ചു.