കവിത : ഷാജു. കെ. കടമേരി*

കലാപങ്ങൾ
കയറൂരി വിട്ട നെഞ്ചിൽ
വിപ്ലവത്തിന്റെ തീക്കണ്ണുകളിൽ
കവിത കത്തുന്നു.
അസമത്വങ്ങൾ
കൈകോർത്ത് നിൽക്കുന്ന
രണാങ്കണത്തിൽ
സമത്വത്തിന് നേരെ
വാളോങ്ങി നിൽക്കുന്നവരോട്
സന്ധി ചെയ്യാൻ
ഞാൻ തയ്യാറല്ല.
മതം നോക്കി ചിരിക്കുന്ന
ചെകുത്താൻമാരുടെ നേരെ
എന്റെ വാക്കുകൾ തീ തുപ്പും.
സമത്വം തിന്ന്
കൊലവിളിക്കുന്നവരുടെ
നെറികെട്ട ചിന്തകൾക്ക്
തീക്കൊളുത്തി
അനീതിയുടെ
ചങ്ക് പിഴുതെടുത്ത് ഗർജ്ജിക്കും.
കീഴടങ്ങാൻ
തയ്യാറല്ലാത്തതുകൊണ്ട്
അവർ കുതന്ത്രങ്ങൾ മെനയും.
ഓരോ ചുവട് വയ്പ്പിലും
ദുഃശ്ശകുനങ്ങൾ പുതച്ചുറങ്ങുന്ന
കലികാല നേർക്കാഴ്ചകളിൽ
സ്വയം കണ്ണ് കുത്തിപൊട്ടിക്കുന്നു
നന്മകൾ.
നെഞ്ച് കൊത്തി പുളയ്ക്കുന്ന
വിഷക്കണ്ണുകൾ.
ഹൃദയത്തിന്റെ
വനാന്തരങ്ങളിൽ
തീക്കാറ്റും അഗ്നിമഴയും
കെട്ടിപ്പിടിച്ച് ചുവട് വയ്ക്കുന്നു
ചിറകടിക്കുന്ന
കൊടുങ്കാറ്റുകൾക്ക് നടുവിൽ
തണല് പെയ്യുന്ന
മരക്കൂട്ടങ്ങൾക്കിടയിൽ
ഇലച്ചാർത്തിൻ മറ പറ്റി
തീത്തിറയാടുന്ന നൊമ്പരങ്ങൾ
വിരലുകൾക്കിടയിലമരുന്ന
പേനതുമ്പിൽ നിന്നും
തീപ്പൊരി ചിതറി
പൊട്ടിയൊലിച്ച്
തലയിട്ടടിക്കുന്ന
ദിനരാത്രങ്ങളെ
നെടുകെ പിളർന്ന്
തീക്കൊടുങ്കാറ്റായ്
അധർമ്മത്തിന്റെ
കഴുത്ത് ഞെരിച്ച്
ബോധസൂര്യനു ചുറ്റും
ചിറകടിച്ചുയരുന്നു…….

By ivayana