നിരാശയില്‍ നിന്ന് പ്രത്യാശയിലേക്ക് മനുഷ്യരെ കൈപിടിച്ചുയര്‍ത്തുകയും അവര്‍ക്ക് വഴിവിളക്കാവുകയും ചെയ്യുന്ന മനുഷ്യരെ കാലം പല പേരുകളില്‍ വിളിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച്, ആരോരുമില്ലാത്ത, തലചായ്ക്കാന്‍ ഒരു കൂരപോലുമില്ലാതെ, ഒരു നേരത്തെ ഭക്ഷണംപോലും ലഭിക്കാതെ വര്‍ത്തമാനകാലത്തിന്റെ തിരക്കില്‍നിന്ന് നിഷ്‌കരുണം തള്ളപ്പെടുന്ന ജീവിതങ്ങളെ ചേര്‍ത്തുപിടിക്കുന്നവരെ. കരുണയുടെ ആ മുഖമാണ് മനുഷ്യത്വത്തെ മഹനീയമാക്കുന്നത്. എങ്കില്‍ തോമസ് ഓലിയാംകുന്നേല്‍ എന്ന മലയാളിയും മനുഷ്യത്വത്തിന്റെ മഹനീയതയ്ക്ക് ഉദാഹരണമാകുന്നു. സഹജീവി സ്‌നേഹത്തിന്റെ ഉറവ വറ്റാത്ത ഹൃദയവും പ്രത്യാശയുടെ കരങ്ങളുമാണ് വഴത്തലയെന്ന ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന പിന്നീട് മൂവാറ്റുപുഴ മാറാടിയിലേക്ക് താമസംമാറിയ തോമസ് ഓലിയാംകുന്നേലിനെ മറ്റു മനുഷ്യരില്‍നിന്ന് വ്യത്യസ്തമാക്കുന്നതും. ഏതു ദേശത്തായാലും മനുഷ്യന്റെ ദാരിദ്ര്യത്തിനും വേദനയ്ക്കും ഒരേ മുഖമാണ്. ഇതുകൊണ്ടുതന്നെയാണ് അമേരിക്കയില്‍ താമസിക്കുന്ന തോമസിന് വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ഭാഷയോ ദേശമോ തടസമാവാത്തതും. ടെക്‌സസില്‍ താമസിക്കുന്ന തോമസിന്റെ സഹായ ഹസ്തങ്ങള്‍ തേടിയെത്തിയവരില്‍ നിരവധിപേരുണ്ട്. ലാഭനഷ്ട കണക്കുകളില്‍ തലപുകയ്ക്കുന്നവര്‍ക്കിടയിലും ജീവിതത്തിന്റെ ലഹരിയില്‍ മതിമറന്നുല്ലസിക്കുന്നവര്‍ക്കിടയിലും തോമസിന്റെ ആനന്ദം വേദനിക്കുന്ന സഹജീവികളെ കൈത്താങ്ങുന്നതിലാണ്.
ഇതുകൊണ്ടുതന്നെ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുഖമുദ്രയായി മാറിയിരിക്കുകയാണ് തോമസ് ഓലിയാംകുന്നേല്‍. ഏതൊരു മലയാളിക്കും അഭിമാനിക്കാനാവുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഇദ്ദേഹം ഏവരുടെയും പ്രിയപ്പെട്ടവനാവുന്നതും അതുകൊണ്ടുതന്നെയാണ്.
നിലവില്‍ ഫോമയുടെ സതേണ്‍ റീജിയണല്‍ പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം. തോമസ് ഓലിയാംകുന്നേലിന്റെ കാരുണ്യപ്രവര്‍ത്തനത്തിന്റെ സഞ്ചാരപഥങ്ങളില്‍ സുരക്ഷിതത്വത്തിന്റെ തീരമണഞ്ഞവര്‍ നിരവധിയുണ്ട്. ആ സ്‌നേഹവും കരുതലും കരുണയും തിരിച്ചറിഞ്ഞവരുടെ പട്ടികയില്‍ കോട്ടയം സ്വദേശി കുരുവിളയെ പോലുള്ളവരുമുണ്ട്. പിറന്നനാടുംവീടുംവിട്ട് അമേരിക്കയിലത്തിയ കുരുവിള പ്രതിസന്ധികളുടെ നടുക്കയത്തിലേക്ക് എറിയപ്പെട്ടപ്പോള്‍ ഒരു ദൈവദൂതനെപോലെ അവതരിച്ചത് തോമസ് ഓലിയാംകുന്നേലായിരുന്നു. അധികമാരും അറിയാതെ, പ്രശസ്തികളുടെ കുട ചൂടാതെ അദ്ദേഹം നടത്തിവന്ന കാരുണ്യപ്രവര്‍ത്തനം പക്ഷേ കുരുവിളയ്്ക്ക് കൈത്താങ്ങായതിലൂടെ ലോകംവീണ്ടും തിരിച്ചറിഞ്ഞു. കുരുവിളയ്ക്ക് താമസിക്കാനുള്ള സ്ഥലസൗകര്യമുള്‍പ്പടെ നല്‍കാന്‍ തോമസിനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഫോമയ്ക്കും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്) ഭാരവാഹികളായ ജിജു കുളങ്ങര, സാം ജോസഫ് എന്നിവര്‍ക്കുമായി. സഹജീവിയുടെ കണ്ണീരൊപ്പിയ ആ നിമിഷങ്ങള്‍ ഏവര്‍ക്കും അഭിമാന മുഹൂര്‍ത്തവുമായി.
്‌തോമസിന്റെ കരുണാര്‍ദ്രമായ മനസിന്റെ പ്രവാഹം ഒരു സുപ്രഭാതത്തില്‍ അമേരിക്കയില്‍നിന്ന് പൊട്ടിമുളച്ചതല്ല. അതിന് മലയാളക്കരയുടെ പരിചിത ഗന്ധമുണ്ടായിരുന്നു.
നാട്ടില്‍വച്ചുതന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാണ് ജോലിതേടി കടലുകള്‍ താണ്ടിയെത്തിയപ്പോഴും സ്‌നേഹത്തിന്റെയും സഹായത്തിന്റെയും പ്രവാഹമായി ഇപ്പോഴും ഒഴുകുന്നത്.
1977 മുതല്‍ കേരള സ്റ്റേറ്റ് ഫാര്‍മസിയിലായിരുന്നു തോമസിന് ജോലി. പിന്നീടാണ് പ്രവാസലോകത്തേക്കുള്ള യാത്ര ആരംഭിക്കുന്നത്. 1982 ല്‍ യമനില്‍ പോയി. യമനിലെ മിനിസ്റ്ററി ഓഫ് ഹെല്‍ത്തിലെ ആദ്യത്തെ ഇന്ത്യന്‍ ഫാര്‍മസ്റ്റിസ്റ്റുമായിരുന്നു തോമസ് ഓലിയാംകുന്നേല്‍ എന്ന മൂവാറ്റുപുഴക്കാരന്‍.
1986 ലാണ് അമേരിക്കയിലേക്ക് ചെക്കേറിയത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ പ്രകാശവും പൂര്‍ണതയും അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഉജ്വലമായി. ടെക്‌സസിലാണ് ഇപ്പോഴുള്ളത്. ബെന്റാവ് കൗണ്ടി ആശുപത്രിയില്‍ 20 വര്‍ഷത്തോളമാണ് ജോലി ചെയ്തത്. 1989 ല്‍ ടെക്‌സസ് സതണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു കാര്‍ഡിയോ പെര്‍മനന്ററിയില്‍ ബിരുദവും നേടി.
അദ്ദേഹത്തിന്റെ സേവന-സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഭാര്യ ലില്ലിക്കുട്ടിയുണ്ട്. വിഎ ഹോസ്പിറ്റലില്‍ നഴ്‌സാണ്. മൂന്നുമക്കളാണ് തോമസ്-ലില്ലിക്കുട്ടി ദമ്പതികള്‍ക്ക്. ദിവ്യ, ഡയാന, ദീപ. പ്രവര്‍ത്തനമികവും നിരീക്ഷണപാടവും മാനവിക ദര്‍ശനവും ഒന്നിച്ചുചേര്‍ന്ന തോമസ് മലയാളികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടവനായി തീര്‍ന്നു. 1988 ല്‍ മുതല്‍ മലയാളി അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനാണ് ഇദ്ദേഹം. 2007 ല്‍ ടെക്‌സിലെ മലയാളി അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. അക്കൊല്ലം സ്വന്തമായി മലയാളി അസേസിയേഷന് കെട്ടിടം വാങ്ങിയതും തോമസിന്റെ പ്രവര്‍ത്തങ്ങളുടെ വിജയമായിരുന്നു.
2010ലും 2018 ലും ഫോമയുടെ സതേണ്‍ റീജിയണ്‍ പ്രസിഡന്റായി. 2008, 2012 ല്‍ ഫോമയുടെ നാഷ്ണല്‍ കമ്മറ്റി അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചു.
മഹാനഗരത്തിന്റെ തിരക്കിലും മലയാളക്കരയെ മറക്കാത്ത, വേദനിക്കുന്നവര്‍ക്ക് സഹായഹസ്തങ്ങളുമായി എത്തുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. 2009 ല്‍ ഫോമയ്ക്കു വേണ്ടി ഇടുക്കിയിലെ അഞ്ചു പഞ്ചായത്തുകളിലെ ആയിരം രോഗികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ തോമസിന് സാധിച്ചു. അമൃത ആശുപത്രിയുമായി സഹകരിച്ചായിരുന്നു മെഡിക്കല്‍ ക്യാമ്പ്. 50 പേര്‍ക്ക് സൗജന്യമായി വീല്‍ ചെയര്‍ കൊടുത്തു.
ദാരിദ്ര്യത്തിലും രോഗത്തിന്റെ വേദനയിലും കഴിഞ്ഞ അനവധിപേരുടെ കണ്ണീരൊപ്പാന്‍ ഇതിലൂടെ തോമസിനായി. ഇതുകൊണ്ടുതന്നെ മറ്റുള്ളവരുടെ മനസില്‍ തോമസ് എന്ന കരുണയുള്ള മനുഷ്യന്റെ മുഖം എപ്പോഴുമുണ്ട്.
ഇടുക്കിയിലും എറണാകുളത്തുമായി 100 ഓളം പേര്‍ക്ക് സൗജന്യമായി മെഡിക്കല്‍ ക്യാമ്പ് നടത്തി. തിരുവല്ല കടപ്രയില്‍ ഫോമയുടെ ഭാഗമായി 40 വീടുകളാണ് നിര്‍മിച്ചുകൊടുത്തത്. ഇതിലൂടെ സ്വന്തമായി വീടെന്ന നിരവധി കുടുംബങ്ങളുടെ സ്വപ്നസഞ്ചാരത്തില്‍ പങ്കാളിയാകാനും അദ്ദേഹത്തിന് സാധിച്ചു.
സഹായഹസ്തങ്ങളില്‍ മാത്രമല്ല, നാടിന് ഒരു പ്രശ്‌നംസൃഷ്ടിക്കുന്ന വിഷയങ്ങള്‍ക്കെതിരെ പ്രതികരിക്കാനും അദ്ദേഹം മുമ്പിലുണ്ട്. ഇതുകൊണ്ടുതന്നെയാണ് മുല്ലപ്പെരിയിറിലെ ആളുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടു നടത്തിയ സമരത്തില്‍ തോമസ് പങ്കെടുത്തത്. അമേരിക്കയില്‍ നിന്നു 35 പെരെയും സമരത്തില്‍ പങ്കെടുപ്പിക്കാനായി അദ്ദേഹം എത്തിച്ചുവെന്നത് നാടിന്റെ സുരക്ഷിതത്വത്തില്‍ എത്രമാത്രം ജാഗ്രതകാണിക്കുന്നുവെന്നതിന്റെ തെളിവാണ്. ചെറുപ്പം മുതലക്കെ തന്നെ കോണ്‍ഗ്രസ്സ് അനുഭാവിയായ അദ്ദേഹം പാര്‍ട്ടിയോട് ഇപ്പോഴും കൂറുപുലര്‍ത്തുന്ന വ്യക്തികൂടിയാണ്. തോമസ് ഒരു പുഴപോലെ ഒഴുകുകയാണ്. അതിന്റെ സഞ്ചാരപഥങ്ങളില്‍ ദേശങ്ങളും ദേശാന്തരങ്ങളുമുണ്ട്. സ്വായത്തമാക്കിയ പൈതൃക ദാന-ധര്‍മവും അതിന്റെ ശക്തി സൗന്ദര്യങ്ങളുമുണ്ട്. അതിന്റെ പ്രവാഹങ്ങള്‍ക്ക് നീര്‍ച്ചാലിന്റെ തെളിമയും നീലത്തടാകത്തിന്റെ സ്വച്ഛതയുമുണ്ട്. സഹജീവിസ്‌നേഹത്തിന്റെ ആഴവും പരപ്പുമുള്ള മഹാനദിയായി അത് ഒഴുകട്ടെ.