Sudheesh Subrahmanian*

കാട്ടുതീ പാതിതിന്ന;
കാടിന്റെ ഒരുകോണിൽ,
പുറത്തേക്കുള്ള
വഴിമറന്നുപോയ ദിവസത്തിലാണു,
അയാളെ കണ്ടുമുട്ടിയത്‌.
അലസമായ മുടിയിഴകളെ,
കാറ്റു ശല്യപ്പെടുത്തുന്നതുകൂസാതെ,
ചെറിയ തീക്ഷ്ണമായ
കണ്ണുകളാൽ ഒന്നു നോക്കി,
പരുപരുത്ത തഴമ്പുകളുള്ള
ഇടതുകൈ നീട്ടി.
“എനിക്കൊരു സിഗരറ്റ്‌ തരൂ.”
കണ്ടുമറന്ന ഏതോ മുഖമെന്ന്
ഓർത്തെടുക്കുന്നതോടൊപ്പംതന്നെ,
പാന്റ്സിന്റെ വലിയ കീശയിലേക്ക്‌
കൈകളാഴ്ത്തി,
വീര്യം കുറഞ്ഞ;
പുക
ഒരു വഴിപാടിനെന്നപോലെമാത്രം നൽകുന്ന,
സിഗരറ്റുപാക്കറ്റ്‌
ഞാനെടുത്ത്‌ അയാൾക്ക്‌ നീട്ടി.
ഒരു സിഗരറ്റ്‌ ചുണ്ടിൽ വച്ച്‌,
മുഷിഞ്ഞ കുപ്പായത്തിന്റെ കീശയിൽ നിന്ന്,
നിറം മങ്ങിയ
ഇരുമ്പുലൈറ്റർ എടുത്ത്‌,
അയാളത്‌ തീപ്പിടിപ്പിച്ചു.
മൂന്നാലു
പുകയെടുത്തശേഷം,
ഒറ്റവിരൽ കൊണ്ട്‌
തട്ടിയെറിഞ്ഞ്‌ പിറുപിറുത്തു.
“പുകയിലകൾക്കും
ഒറ്റുകാരുടെ രുചി.!”
“എനിക്ക്‌
വഴിതെറ്റിയിരിക്കുന്നു.
ഇവിടെനിന്ന് പുറത്തുകടക്കാൻ
നിങ്ങൾക്കെന്നെ സഹായിക്കാമോ?”
ഞാൻ ചോദ്യമെറിഞ്ഞു.
പുകയിലക്കറ
നിറം മങ്ങിച്ചതെങ്കിലും,
നിരതെറ്റാത്ത പല്ലുകൾ കാട്ടി
അയാൾ ചിരിച്ചു.
“ഒരു കാടും
ആർക്കും വഴി കാട്ടാറില്ല.
എന്നാൽ;
പാദങ്ങൾക്ക്‌ പൊള്ളുമ്പോൾ,
അവ കാടിനെ മുറിച്ച്‌
വഴിയുണ്ടാക്കുന്ന,
ആയുധങ്ങളായ്ക്കൊള്ളും.”

കാടിന്റെ
കറുപ്പിലേക്ക്‌ കയറുമ്പോൾ,
അയാൾ നോക്കിനിൽക്കുന്നുണ്ടായിരുന്നു.
നടക്കവേ ഞാൻ കാതോർത്തു.
അകലെ വെടിയൊച്ചകൾ,
കുതിരക്കുളമ്പടികൾ, ആക്രോശങ്ങൾ, അട്ടഹാസങ്ങൾ…
ഭയം;
ഒരു കടന്നൽക്കൂടിളകിയപോലെ
പിന്തുടരാൻ തുടങ്ങിയപ്പോൾ,
ഞാൻ തിരിഞ്ഞോടി.
അയാളെ കണ്ടുമുട്ടിയ
അതേയിടത്ത്‌,
ഇനിയും എരിഞ്ഞുതീരാത്ത
ഒരു ചുരുട്ടിന്റെ
പാതി…
അത്‌ കയ്യിലെടുത്ത്‌
നോക്കവേ
കാറ്റിൽ അവ്യക്തമായി
ആ ശബ്ദം…
ഡെന്നിസ്‌ ക്വിക്സോട്ടിന്റെയും
കുതിരയുടെയും ഓർമ്മയിൽ,
പറഞ്ഞുവച്ചത്‌:
“ഒരിക്കൽക്കൂടി എന്റെ ബൂട്സിനടിയിൽ,
റോസിനാന്റെയുടെ
വാരിയെല്ലുകൾ പൂക്കുന്നു…”

ഒറ്റുകാരുടെ
ഉഷ്ണവനാന്തരങ്ങൾ;
പോരാളികളുടെ മുദ്രാവാക്യങ്ങൾക്കടിയിൽ ഞെരിഞ്ഞമരുന്ന
കവിത വായിച്ചുകൊണ്ട്‌,
ഒരു കുട്ടി
എന്റെ വാതിലിൽത്തട്ടി.
കതകുതുറന്നപ്പോൾ;
താഴെ ഒരു
കടലാസ്‌ കഷ്ണം
കിടപ്പുണ്ടായിരുന്നു.
നിവർത്തിനോക്കവേ;
കാലം
ഒരു ഗറില്ലാപോരാളിയായ്‌,
എന്റെ മുന്നിൽ നിന്ന്
മുദ്രാവാക്യം വിളിച്ചുതുടങ്ങി…
ഞാനും
എന്റെ ചുവരിലെ അയാളും,
അതേറ്റുവിളിച്ചുകൊണ്ട്‌,
ഒരു ജാഥയായി
നടന്നുനടന്നുപോകവേ;
പിറകിൽ
“ല പഡറോസ”യുടെ
മുഴക്കം പോലേ
എന്റെ സഖാക്കളും…

Sudheesh Subrahmanian

By ivayana