ആനന്ദ്‌ അമരത്വ*

വരികരികെ വാക്കേ അക്ഷരക്കൂട്ടമേ
വരുക നിരയായി വരികളായ്‌ തഴുകൂ
പൂക്കളായ്‌ വേണ്ടെനിക്കക്ഷരങ്ങൾ
വാക്ക്‌ തീതുപ്പണം മാല കെട്ടീട്ടെന്ത്‌!

വഴി തെറ്റി ഒഴുകുന്ന പുഴയൊഴുക്കാവണം
വരികളായ്‌ പെയ്തവ ഹൃദയമുണർത്തണം
അഴകായി വിരിയുന്ന പൂന്തോട്ടമാവേണ്ട
അരികു ചേർന്നൂറുന്ന ഉറവയായ്‌ മാറണം.

പ്രണയ പ്രപഞ്ചത്തിൻ വർണ്ണനകൾ വേണ്ട
പ്രണയാർദ്രമായൊരു മൊഴി പോലുമരുതേ
വരിയിൽ കനൽ വേണം വാക്കു തീയാവണം
വേവും മനസ്സുകൾക്കൂന്നു വടിയാവണം.

ഓർക്കാപ്പുറത്തിറ്റ്‌ പെയ്തു തോർന്നിട്ടെന്ത്‌
ഓർത്തോർത്ത്‌ പെയ്യണം ഇടിച്ചു കുത്തി
മാറി നിന്നെറിയുന്ന മർക്കട കൂട്ടവും
മഴ പെയ്ത്‌ തോർന്നെന്ന് അറിയാതെ പറയണം.

മഴയുണ്ട്‌ പുഴയുണ്ട്‌ കുത്തൊഴുക്കുണ്ട്‌
മഴവില്ലു കാട്ടുന്ന വരവറിയിപ്പുണ്ട്‌
അലറുവാൻ വാക്കിന്റെ ഒച്ചയും കൂട്ടുണ്ട്‌
അഴകൊഴുകി ഈണത്തിൽ മാത്രമൊഴുകില്ല.

ആനന്ദ്‌ അമരത്വ

By ivayana