കല ഭാസ്‌കർ*

മറന്നോ എന്നത്
ചിലപ്പോഴൊക്കെ പരസ്പരം
വിഷമിപ്പിക്കുന്ന ഒരു ചോദ്യമാവും.
മറവിയിലേക്കുള്ള അവസാനവണ്ടിയിൽ
കയറി ടിക്കറ്റെടുത്ത് കഴിഞ്ഞവർ,
ഓർമ്മയുടെ പൂക്കെട്ടല്ലാതെ
സ്വന്തമായി മറ്റൊന്നുമില്ലാത്തതിനാൽ
ആ വണ്ടിയിൽ കയറാത്തവർ ,
രണ്ടു കൂട്ടരോടുമത് ചോദിക്കരുത് !
വിൽക്കാനല്ലെന്നറിഞ്ഞ്
ഒന്നോ രണ്ടോ പേർ ആ
പൂക്കളൊന്ന് വാങ്ങി നോക്കിയേക്കാം.
വണ്ടിയിൽ കയറും മുമ്പ്
ധൃതിയിൽ തിരിച്ചു തന്നേക്കാം.
ഉണ്ട്; ഇല്ല എന്ന്
ഇതളിതളായി പൂക്കളെ നിങ്ങൾ
ഇറുത്തെറിഞ്ഞ് തീരുമ്പോഴേക്കുമവർ
നിങ്ങളുടെ ഓർമ്മകളെ
കടന്ന് മറ്റേതൊക്കെയോ
ഓർമ്മ വഴി മറവിയിലേക്ക്
ഒത്തിരി ദൂരം പോയിട്ടുണ്ടാവും.
എന്നെങ്കിലുമാ
ഉതിർന്നു പോയ പൂക്കളിലേക്ക് ഒരു
വിനോദ യാത്രയ്ക്കായി അവർ
വീണ്ടും കടന്നു വന്നേക്കാം.
.
ഒരിക്കൽ അവരുടേതായിരുന്ന
ഒരഞ്ചിതൾ നിറവും മണവും നിങ്ങളിൽ
തീർത്ത വസന്തം കണ്ട് ഒന്നമ്പരന്നേക്കും.
പൂക്കളുടെ താഴ്‌വരയെന്ന പേര്
അവിശ്വാസത്തോടെ ഒന്നുകൂടി നോക്കും.
അപരിചിതത്വത്തോടെ
വീണ്ടും വണ്ടി കയറും.
കാറ്റായി ചെല്ലുക.
അവരറിയാതെ
ആത്മസുഗന്ധത്തിലിത്തിരി
മടങ്ങും മുമ്പ് കൊടുത്തയക്കുക .
എണ്ണിയാലൊടുങ്ങാത്ത നിറങ്ങൾ
കൊണ്ട് കൈ വീശി മടങ്ങുക.

By ivayana