മൻസൂർ നൈന*
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖ നഗരങ്ങളിൽ ഒന്നായിരുന്നു കൊച്ചി . കയറ്റുമതിക്കായും , ഇറക്കുമതിക്കായും
കൊച്ചിയിലെ കായലും കടലും കരയും തിരക്കുകളിൽ മുങ്ങി തിളങ്ങി നിൽക്കുന്നു . രാവും പകലും കൊച്ചിക്ക് ഒരു പോലെ ….
കച്ചവടസ്ഥാപനങ്ങളും , തൊഴിലാളികളും , ലോറികളും , കൊച്ചിയുടെ തെരുവുകളെ വേഗതയിൽ ചലിപ്പിച്ചു . കൊച്ചങ്ങാടി മുതൽ മട്ടാഞ്ചേരി ,ഫോർട്ടു കൊച്ചിയും , വെല്ലിംഗ്ടൺ ഐലന്റും ലോക കമ്പോള സ്ഥലങ്ങളുടെ ലിസ്റ്റിൽ പേര് ചേർക്കപ്പെട്ട സ്ഥലങ്ങളാണ് .
ഓട്ടോ – ടാക്സി സ്റ്റാന്റ് പോലെ ഓരോ ദിവസവും 22 ലേറെ കപ്പലുകൾ കൊച്ചീ കായലിൽ നിര നിരയായി കിടക്കും . ഓരോ പ്രഭാതത്തിലും കൊച്ചിയെ ഉണർത്തിയിരുന്നത് കപ്പലുകളിൽ നിന്ന് മുഴങ്ങുന്ന സൈറൺ വിളികളായിരുന്നു . നിരവധ വിദേശ കപ്പലുകളും , സ്വദേശി കപ്പലുകളും , ചരക്ക് കയറ്റാനും ഇറക്കാനും പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളും , ക്യൂവിൽ കിടക്കുന്ന ലോറികളും കൊച്ചിക്ക് പതിവു കാഴ്ചയായിരുന്നു .
കൊച്ചിക്ക് മാത്രം സ്വന്തമായിരുന്ന ഒരു വാക്കാണ് ബമ്പോട്ട് . വൻ ബോട്ട് വമ്പോട്ടും പിന്നീടത് ബമ്പോട്ടുമായി പരിണമിച്ചതാണ് . ബോട്ടടിക്കുക എന്നത് കൊച്ചിയിൽ പണ്ടു കാലങ്ങളിൽ പ്രയോഗത്തിലുണ്ടായിരുന്ന ഒരു വാക്കാണ് . കൊച്ചിയിലെ ബമ്പോട്ടിനും പറയാനുണ്ട് ചിലത് …
ഇനി ഞാൻ പറയുന്ന കൊച്ചിയുടെ ഈ കഥ 1960 കൾക്ക് ശേഷവും 70 കളിൽ ഏറെയും നടന്നിരുന്ന ഒരു സംഭവ കഥയാണ് . ഐലന്റിലെ മട്ടാഞ്ചേരി – എറണാകുളം വാർഫിലെ Q1 Q2 Q3 Q4 Q5 Q6 Q7 Q8 Q9 Q10 Btp ബർത്ത് , ഫോർ ബർത്ത് , കരി പൗണ്ടം , നാല് ബോയകൾ എന്നിവിടങ്ങളിൽ കപ്പലുകൾ ചരക്കുകൾ ഇറക്കാനും , കയറ്റാനുമായി ഊഴത്തിനായി കാത്ത് കിടക്കും .
മട്ടാഞ്ചേരി W&C ഹോസ്പിറ്റൽ കോംപൗണ്ടിൽ നിന്ന് തൊട്ടടുത്ത് വരെ കപ്പലുകളുണ്ടാകും . ഗ്രീക്ക് ഷിപ്പ് , ഒമീസ , ഹെൽനിക്ക് ലെയിൻ , ഇറ്റാലിയൻ ഷിപ്പ് , കങ്ക്രോഡിയ , പോളണ്ട് ഷിപ്പ് , അമേരിക്കൻ പ്രസിഡന്റ് ലെയിൻ , ഹോഗ് ലെയിൻ , റഷ്യൻ കപ്പൽ തുടങ്ങി വിദേശിയും സ്വദേശിയുമായി നിരവധി കപ്പലുകൾ അറബി കടലിന്റെ റാണിയുടെ മടിത്തട്ടിലേക്ക് ഒഴുകി എത്തിയിരുന്നു .
കപ്പലുകളിൽ ഫ്രൂട്ട്സ് , സ്വീറ്റ്സ് തുടങ്ങിയവ വിൽക്കാൻ കൊച്ചു കൊച്ചു കച്ചവടക്കാരെത്തും അന്നത്തെ 2 രൂപ പ്രവേശന ഫീസ് നൽകി അവർക്ക് കപ്പലിലുള്ളവർക്ക് അത് വിൽക്കാം പക്ഷെ കപ്പലിന് അകത്ത് കയറാൻ കഴിയില്ല . കൊച്ചീക്കാരന്റെ ഭാഷയിൽ പറഞ്ഞാൽ കുറച്ചു കൂടി മുന്തിയ കച്ചവടക്കാരുണ്ട് ( വലിയ കച്ചവടക്കാർ ) അവർക്ക് 5 രൂപ പ്രവേശന ഫീസ് നൽകി കപ്പലിന് അകത്ത് കയറി കച്ചവടം ചെയ്യാം . ആ കച്ചവടം സ്വീറ്റ്സും , ഫ്രൂട്ട്സും അല്ല . അത് ഡോളർ , ലിക്വർ , ഫോറിൻ സിഗററ്റ് , വാച്ച് , കപ്പൽ പെയിന്റ് , ബോയിലർ സൂട്ട് , കപ്പൽ കെട്ടാൻ ഉപയോഗിക്കുന്ന വലിയ വടം ( ചണ ) , സോപ്പ് , ടിൻ പാൽ , ബ്രോൺസ് , ഇലക്ട്രോണിക്സ് , ഇലക്ട്രിക്ക് ഉപകരണങ്ങൾ ഇവയുടെ കച്ചവടമായിരിക്കും .
ഇത് കപ്പലിൽ നിന്ന് പണം കൊടുത്തൊ പണത്തിന് പകരം ഈട്ടിയിലും , തേക്കിലും കൊത്തിയെടുത്ത കൗശല വസ്തുക്കളൊ മറ്റു വസ്തുക്കളൊ നൽകി വാങ്ങുകയാണ് ചെയ്യുക . ഷിപ്പുകളിൽ നിന്ന് കിട്ടുന്ന ഇത്തരം വിദേശ നിർമ്മിത സാധനങ്ങൾക്ക് വേണ്ടി കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാത്രമല്ല ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരെ ആളുകൾ കൊച്ചിയിലെത്തും .
പണം കൊടുത്തൊ പണത്തിന് പകരം മറ്റു വസ്തുക്കൾ നൽകിയൊ വാങ്ങുന്നതാണെങ്കിലും , കപ്പലിലുള്ള കാപ്റ്റന്റെയും , ചീഫ് ഓഫീസറുടെയും അനുമതിയോടെ ചെയ്യുന്നതാണെങ്കിലും പക്ഷെ ഇതിനെ സ്മഗ്ലിങ്ങ് എന്ന് വിളിക്കപ്പെട്ടു. കൊച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ ബമ്പോട്ട് …..
അക്കാലത്ത് കപ്പലുകളിൽ കണ്ടയിനറുകളിലല്ല ചരക്കുകൾ വരുന്നതും പോവുന്നതും . അന്ന് കണ്ടയിനർ സംവിധാനമില്ല . കപ്പലുകൾക്ക് അകത്ത് കള്ളികളായി തിരിച്ചിട്ടുണ്ടാകും . എട്ടും , പത്തും കള്ളികളുള്ള വലിയ കപ്പലുകൾ വരെ കൊച്ചിയിൽ അടുത്തിരുന്നു .
കൊച്ചി കായലിൽ അക്കാലത്ത് വളരേ ആഴത്തിൽ തന്നെ നന്നായി ഡ്രെഡ്ജിങ്ങ് നടന്നിരുന്നു . അതിനാൽ വലിയ കപ്പലുകൾക്ക് വരെ വളരെ എളുപ്പത്തിൽ അഴിമുഖത്ത് നിന്ന് കായലിലേക്ക് പ്രവേശിക്കാം .കപ്പലുകളിൽ നിന്ന് കച്ചവടമാക്കുന്ന സാധനങ്ങൾ രണ്ട് തണ്ടും ഒരു അമരവുമുള്ള ചെറു വഞ്ചികളിൽ കയറ്റി മട്ടാഞ്ചേരിയിലേക്ക് എത്തിക്കും .
പുറംകടലിൽ വെച്ച് തന്നെ കച്ചവടമാക്കുന്ന രീതിയുമുണ്ട് . കായലിൽ നിന്ന് മൂന്ന് മൂന്നര മണിക്കൂർ ദൂരം നാല് തണ്ടും , ഒരു അമരവുമുള്ള പഴയ കൊമ്പൻ വഞ്ചിയിൽ തുഴഞ്ഞെത്തി പുറം കടലിൽ വെച്ച് തന്നെ കച്ചവടം ചെയ്യും . ഹുക്കുള്ള റോപ്പ് വഞ്ചിയിൽ നിന്നും കപ്പലിലേക്ക് എറിഞ്ഞ് കൊളുത്തി റോപ്പിൽ പിടിച്ച് കപ്പലിൽ വലിഞ്ഞു കയറും . ചില കപ്പലുകളിൽ നിന്നും കപ്പൽ ജീവനക്കാർ തന്നെ കയറി വരാനായി വഞ്ചിയിലേക്ക് റോപ്പിട്ട് കൊടുക്കും . രാത്രികളിലാണ് ഇത് ഏറെയും ….
അക്കാലത്ത് റഷ്യൻ കപ്പലിൽ ലിക്വർ വരില്ല അത് പാടില്ലായിരുന്നു . പോളണ്ട് ഷിപ്പിൽ നിന്ന് വിലക്കെടുക്കുന്ന Sex ബുക്കുകൾ റഷ്യൻ കപ്പലിൽ കൊടുക്കും പകരം റഷ്യൻ കപ്പലിൽ നിന്ന് മറ്റു വസ്തുക്കൾ നൽകും . പോളണ്ടിന്റെ കപ്പലുകളിൽ നിന്ന് അക്കാലത്ത് പ്രധാനമായും ലിക്വറും , സെക്സ് ബുക്കുകളുമാണ് വാങ്ങുക . അന്ന് റഷ്യൻ കപ്പലിൽ വരുന്നത് Ammunition ( വെടികോപ്പുകൾ ) നാണ് . റഷ്യയിലേക്ക് മറ്റൊരു കപ്പലിൽ കുരുമുളക് , കശുവണ്ടി , കറയാമ്പു , ഏലം എന്നിവ ഇവിടെ നിന്നു കൊണ്ടുപോകും .
ഒരിക്കൽ ഒരു കപ്പലിൽ നിന്ന് കുറേയധികം ഏലം കവർന്നെടുത്തു ഒരു പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ ഒരു പോലീസ് ബോട്ടിൽ കയറ്റി കൊണ്ടിരിക്കവേ സ്വാമി എന്ന വിളിപ്പേരുള്ള കസ്റ്റംസ് ഓഫീസറുടെ നേതൃത്വത്തിലെത്തിയ കസ്റ്റംസ് സംഘം ഈ പോലീസ് ബോട്ട് കെട്ടിവലിച്ച് കൊണ്ടു പോയി കസ്റ്റഡിയിലെടുത്തു . അതിനു ശേഷം സ്വാമി ഏലക്ക സ്വാമിയായി മാറി .
വിദേശികൾക്ക് പോലും അൽഭുതമായിരുന്നു കൊച്ചീക്കാരെ ….
സ്ക്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്തവർ പക്ഷെ സംസാരിക്കുന്നത് നിരവധി വിദേശ ഭാഷകൾ . ബംമ്പോട്ട് തൊഴിലിൽ ഏർപ്പെട്ടിരുന്നവർക്ക് റഷ്യൻ , ജർമ്മൻ , ജാപ്പാൻ , ഫ്രഞ്ച് , ഇറ്റാലിയൻ , ഗ്രീക്ക് , തുടങ്ങി പിന്നെ ഇംഗ്ലീഷും , ഹിന്ദിയും ഒക്കെ നല്ല വശമായിരുന്നു . കാരണം അവരുടെ കച്ചവടത്തിന് അവർ അത് അറിഞ്ഞിരുന്നേ മതിയാവൂ …..
കൊച്ചിയിലെ പഴയ റിക്ഷാവണ്ടിക്കാരും വിദേശികളോട് മുറി ഭാഷയിൽ സംസാരിക്കുമായിരുന്നു . അവർക്കും അൽപ്പം വിദേശ ഭാഷകളൊക്കെ അറിയാമായിരുന്നു .
പുറം കടലിലെ ആഞ്ഞടിക്കുന്ന തിരമാലകളിൽ ആടിയുലയുന്ന വഞ്ചിയിൽ നിന്ന് കൊണ്ട് കപ്പലിൽ എറിഞ്ഞു പിടിപ്പിച്ച റോപ്പിലൂടെ വലിഞ്ഞു കയറുന്ന , കൈക്കരുത്തും , മനക്കരുത്തും കൊണ്ടു ജീവിച്ചിരുന്ന കൊച്ചിയിലെ ഒരു വിഭാഗം ജനത . അവർ പക്ഷെ മനസ്സലിവുള്ളവരായിരുന്നു .
ഒരുവന്റെ കണ്ണു നിറയുന്നത് കണ്ടു നിൽക്കാൻ അവർക്കാവില്ലായിരുന്നു . വിശക്കുന്നവനു മുന്നിൽ ഭക്ഷണവുമായി അവൻ എത്തും . പിന്നെ ഒരു പൊതിയിൽ വീട്ടിലേക്കുള്ള ഭക്ഷണം കൂടി വാങ്ങി നൽകും ശേഷം പോക്കറ്റിൽ ഒരൽപ്പം തുക വെച്ച് നൽകും അടുത്ത ദിവസങ്ങളിൽ വീട്ടിലേക്ക് അരി വാങ്ങാൻ ….
ഇത് നന്മകളുടെ തീരമാണ് . ഒരു ജനതയുടെ വികാരം അതാണ് കൊച്ചി .
Image created by :Murshid Aman