കത്രീന വിജിമോൾ*

ചുമരുകൾക്കുള്ളിലായമരുന്ന ഗദ്ഗദം
അന്യോന്യമൊന്നുമേചൊല്ലാതെ തന്നെ
എല്ലാമറിയുന്നസമനോവിന്നുടമകൾ
പറയാതെ അറിയുവാൻ കഴിവുള്ള മിഴികൾ

കടമകൾനന്നായിനിർവ്വഹിച്ചീടുവാൻ
കഴിയാതെപോയവരാണോ ഈ നമ്മൾ
എവിടെയാണക്ഷരത്തെറ്റ് ഭവിച്ചത്
എന്താണ്ചെയ്യാതിരുന്നതീ നമ്മൾ

കൗമാരമോടിമറയുന്നതിൻ മുന്നേ
കല്യാണ ബന്ധൂര കൂട്ടിലായില്ലേ
ഇല്ലായ്മയൊന്നുമേ മക്കളെയാരേയും
അറിയിച്ചിടാതെ നുകം തോളിലേറ്റി

ആവുംവിധം വിദ്യ നല്കി മക്കൾക്ക്
ജീവിതം കെട്ടിപ്പടുക്കാൻ തുണച്ചു
സ്വന്തമായ് സ്വസ്തമായ് അവരൊക്കെ ജീവിത
സുഖസൗകര്യങ്ങളിലാഴ്ന്നങ്ങു പോയി

സൗകര്യങ്ങൾക്കൊക്കെ തടസ്സമാം അമ്മയെ
സുഖവാസ കേന്ദ്രത്തിലേയ്ക്ക് കൊണ്ടാക്കി
കുറ്റം പറയുവാനാവില്ല അവരെ
പെറ്റമ്മയല്ലേ ഞാൻ – അവർ ‘മക്കളല്ലേ ‘

ഉയിരോടെ ഉണരേണമതു മാത്രമെന്നും
ഉടയവനോടൊരു യാചനയുള്ളൂ
മക്കൾക്കു വേണ്ടി പ്രാർത്ഥിച്ചീടുവാൻ
അമ്മയീ ഭൂവിൽ ഉണ്ടാവേണ്ടതുണ്ട്.

By ivayana