കഥ : സുനു വിജയൻ*

റോസിലിയെ ഞാൻ ആദ്യം കാണുന്നത് കാഞ്ഞിരപ്പള്ളി കത്തീഡ്രലിന്റെ നീളൻ പടിക്കെട്ടിൽ വച്ചാണ് .പള്ളിയുടെ കൽക്കെട്ടിനു സമീപമുള്ള പേരറിയാത്ത തണൽ മരച്ചുവട്ടിൽ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു റോസിലി .

പള്ളിയിലെ ശവക്കോട്ടയുടെ പിന്നാമ്പുറത്തെ മധുരാനരക മരത്തിൽ നിന്നും വലിയ നാരങ്ങാ പറിച്ചെടുത്തു പൊളിച്ചു തിന്നുവാൻ ആദ്യവെള്ളിയാഴ്ച ഉച്ചക്ക് സ്കൂളിൽ നിന്നും പള്ളിപരിസരത്തു എത്തിയതായിരുന്നു ഞാനും കൂട്ടുകാരൻ റോബിച്ചനും .
മധുരമുള്ള കമ്പിളി നാരങ്ങയുടെ ചുവന്ന അല്ലികൾ അടർത്തിയെടുത്തു കഴിക്കുന്നതിനിടയിൽ ആണ് കരഞ്ഞുകൊണ്ടിരിക്കുന്ന റോസിലിയെ ഞാൻ കണ്ടത് .

നടക്കല്ലിൽ തനിച്ചിരുന്നു കരയുന്ന ആ പെൺകുട്ടിയെ അൽപ്പം അകലെയിരുന്നു കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു .ഞാൻ രണ്ടു മുഴുത്ത മധുരനാരങ്ങായുടെ അല്ലികൾ എടുത്തു ആ കരയുന്ന കുട്ടിക്ക് കൊടുക്കാൻ പോയപ്പോൾ റോബിച്ചൻ എന്നെ തടഞ്ഞു .
“വേണ്ട അത് ആ കള്ളുകുടിയൻ കുപ്പിച്ചില്ലു വർക്കിയുടെ മോളാ .അങ്ങോട്ടു പോകണ്ട .”
അവൻ എന്നെ വിലക്കി .

“കുപ്പിച്ചില്ലു വർക്കിയോ അതെന്നാ അങ്ങനെ ഒരു പേര് ..”
ഞാൻ സംശയം പ്രകടിപ്പിച്ചു .
“അയ്യോ അയാള് കാഞ്ഞിരപ്പളളി ചന്തയിലെ ചുമട്ടു കാരനാ .ഭയങ്കര കള്ളു കുടിയൻ .എന്നും വൈകിട്ട് കള്ളുകുടിച്ചിട്ടു വന്ന് കെട്ടിയോളെ ഇടിക്കും .എന്നിട്ടു വീട്ടിലുള്ള കുപ്പിയൊക്കെ തല്ലിപ്പൊട്ടിച്ചു കഞ്ഞിക്കലത്തിൽ ഇടും .

ആ കഞ്ഞി വാരി കുടിക്കാൻ അയാളുടെ കെട്ടിയോളോട് പറയും .പാവം അവരാ കുപ്പുചില്ലുള്ള കഞ്ഞി പേടിച്ചു കുടിക്കും .കുടിച്ചില്ലെങ്കിൽ അവരുടെ മിടിക്കുത്തിൽ പിടിച്ചു മുഖം കുപ്പിച്ചില്ലിൽ ഉരക്കും .ആ ചേച്ചി കുപ്പിച്ചില്ലു തിന്നു തിന്നു തൊണ്ടയിൽ വലിയ മുഴയാ .തൊണ്ടയിൽ തൂങ്ങി കിടക്കുന്ന ആ വലിയ മുഴ നിറയെ അവര് തിന്ന കുപ്പിച്ചില്ലു വയറ്റിലോട്ടു പോകാതെ തങ്ങി കിടക്കുവാന്നാ എന്റെ മേമ്മ പറഞ്ഞെ .മെമ്മേടെ വീടിന്റെ അടുത്താ ഇവരുടെ വീട് .ആ പെണ്ണ് ആ കുപ്പിച്ചില്ലു വർക്കീടെ മോളാ .അതിനു മുച്ചുണ്ടാ ..അത് അതിന്റെ അമ്മേടെ വയറ്റിൽ കിടന്നപ്പം കുപ്പിച്ചില്ലു കൊണ്ടു ചുണ്ട് കീറിപ്പോയതാന്നാ മേമ്മ പറഞ്ഞേ .

അതിന്റെ കണ്ണും കോങ്കണ്ണാ ..കണ്ടാൽ പേടിയാകും ..നീ കണ്ടില്ലേ അത് മോന്ത മൂടി വച്ചിരിക്കുന്നെ”…എങ്കിലും കരഞ്ഞുകൊണ്ടിരിക്കുന്ന ആ കൊച്ചിന് ഞാൻ വലിയ രണ്ടല്ലി കമ്പിളി നാരങ്ങാ കൊടുത്തു .ഒരു തുണികൊണ്ട് മുഖം കുറച്ചു മറച്ചിരുന്നതിനാൽ ഞാൻ ആ കുട്ടിയുടെ മുഖം അന്ന് കണ്ടില്ല .എന്നാലും നിറഞ്ഞ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് പാവാടതുമ്പുകൊണ്ട് തുടച്ചിരുന്ന ആ കുട്ടിയോട് ഞാൻ ചോദിച്ചു
“എന്നാത്തിനാ കരയുന്നെ …ഇതാ ഈ അല്ലി തിന്നോ നല്ല മധുരമുള്ളതാ”
ഞാൻ കൊടുത്ത നാരങ്ങാ അല്ലി വാങ്ങി ആ കുട്ടി കത്തീഡ്രലിനു മുൻപിലുള്ള അരമന മുറ്റത്തേക്ക് ഓടിപ്പോയി .

റോബിച്ചൻ അന്ന് പറഞ്ഞ വലിയ വിവരണം കേട്ട നാൾ മുതൽ എന്റെ മനസ്സിൽ ആ കൊച്ചിനെ കുറിച്ചുള്ള ഒരു സങ്കട ചിത്രംമനസ്സിൽ തെളിഞ്ഞു കിടന്നു .
കത്തീഡ്രൽ പള്ളിയിൽ നിന്നും പുഴക്കരികെ ഉള്ള മാതാവിന്റെ അക്കരപള്ളിയിലേക്ക് പോകുന്ന വഴി, ചിറ്റാറിന്റെ തീരത്തുള്ള ആ കോളനിയിലായിരുന്നു റോസിലിയുടെ വീട് .

സ്കൂൾ വിട്ടു വീട്ടിലേക്കു കുറുക്കുവഴിയിൽ കൂടി പോകുമ്പോൾ റോബിച്ചന്റെ കൂടെ വെള്ളം കുടിക്കാൻ അവന്റെ മേമ്മയുടെ വീട്ടിൽ പിന്നീട് പോയപ്പോഴൊക്കെ അവൻ കഴുത്തിൽ വലിയ മുഴ തൂങ്ങിയാടുന്ന കുപ്പിച്ചില്ലു വർക്കിയുടെ ഭാര്യയെയും മുച്ചുണ്ടുള്ള റോസിലിയെയും എന്നെ കാണിച്ചു തന്നിട്ടുണ്ട് .

പിന്നീട് റോസിലിയെ ഞാൻ ഇടക്കൊക്കെ കണ്ടിരുന്നു .ചിറ്റാറിനക്കരെ അക്കരപ്പള്ളിയിലെ കൽക്കുരിശിന് ചുവട്ടിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നത് ,അക്കരപ്പള്ളിയിലെ കെടാവിളക്കിനു മുൻപിൽ നിലത്തു വിരിച്ചിരിക്കുന്ന ചുവന്ന കയറുപായിൽ ചമ്രം പടഞ്ഞിരുന്നു കൊന്ത ചെല്ലുന്നത് ,കത്തീഡ്രൽ പള്ളിയിലെ കുന്തിരിക്കം മണക്കുന്ന അൾത്താരക്കുമുന്നിൽ , ആനാം വെള്ളം നിറച്ച, മാലാഖമാർ ചിറകുകൾ വിടർത്തി നിൽക്കുന്ന ആനാംവെള്ള കുറ്റിക്കു താഴെ, നിറമുള്ള ചിത്രത്തുന്നലുള്ള ശീലാന്തികൾക്കു സമീപം, ഉരുകിയടരുന്ന മെഴുകുതിരി സ്റ്റാൻഡിനു മുന്നിൽ, എല്ലായിടത്തും പ്രാർത്ഥനാ നിരതയായി, ഏകയായി വികൃതമായ കീറിയ ചുണ്ടുകൾ തുണികൊണ്ട് മറച്ചു പിടിച്ചു ആരെയും ശ്രദ്ധിക്കാതെ …

ഒരു ദനഹാകാലത്ത് റോബിച്ചന്റെ വീട്ടിൽ വന്ന അവന്റെ മേമ്മയോട് ഞാൻ ആ മുച്ചുണ്ടുള്ള പെൺകുട്ടിയെ കുറിച്ച് ചോദിച്ചു .അപ്പോഴാണ് അവളുടെ പേര് റോസിലി എന്നാണന്നറിഞ്ഞത് .മേമ്മ നിറകണ്ണുകളോടെയാണ് അന്നെന്നോട് റോസിലിയുടെ കൂടുതൽ കഥ പറഞ്ഞത് .
മുഴുക്കുടിയനായ വർക്കിക്ക് ആരോടും ഒരു സ്നേഹവും ഇല്ലായിരുന്നു റോസിലി പിറന്നത് മുച്ചുണ്ടും ആയിട്ടായിരുന്നു .കൂടാതെ കോങ്കണ്ണും .പിറന്ന കുട്ടിയെ അന്നുതന്നെ ഞെക്കി കൊല്ലാനാണ് അയാൾ ഭാര്യയോട് പറഞ്ഞത് . ആലീസെന്ന വർക്കിയുടെ ഭാര്യക്ക് കുഞ്ഞിന്റെ വികൃത മുഖം കണ്ടു കരയാനല്ലാതെ ഒന്നിനും കഴിയുമായിരുന്നില്ല .

മോണയിറങ്ങി ,പല്ലുന്തി ,മുച്ചിറിയും ,കോങ്കണ്ണും ഉള്ള ഒരു പെൺകുട്ടി .ആലീസിനെ ഈ കുട്ടി തന്റേതല്ല എന്നുപറഞ്ഞു വർക്കി ഏറെ ഉപദ്രവിച്ചു .അവളെ എല്ലാവരും വെറുത്തു ,പതുക്കെ പതുക്കെ ആലീസും അവളെ വെറുത്തു തുടങ്ങി .
റോസിലി എന്തെങ്കിലും കഴിക്കുന്നത്‌ വർക്കി കണ്ടാൽ അയാൾ അതിൽ മണ്ണു വാരിയിടും. എന്നിട്ട് അവൾ ജനിച്ചപ്പോഴേ കൊന്നുകളഞ്ഞില്ല എന്ന കുറ്റത്തിന് ആലീസിനെ ചവിട്ടുകയും അവരുടെ ഭക്ഷണത്തിൽ കുപ്പിച്ചില്ലു പൊടിച്ചു ചേർത്തു അത് കഴിക്കാൻ നിർബന്ധിക്കുകയും ചെയ്യും .
റോസിലിക്ക് എട്ടു വയസ്സായപ്പോൾ ആലീസ് കാൻസർ ബാധിച്ചു മരിച്ചു .ആലീസിന്റെ തൊണ്ടയിലെ മുഴ പഴുത്തു പൊട്ടി .

ആലീസ് മരിച്ച ദിവസം വൈകിട്ട് ശവമടക്ക് കഴിഞ്ഞു ബന്ധുക്കൾ ഏവരും പിരിഞ്ഞ സമയം .മദ്യപിച്ചു വെട്ടരിവാളുമായി കുഞ്ഞു റോസിലിയെ അയാൾ കൊല്ലാൻ ശ്രമിച്ചപ്പോൾ ആ സന്ധ്യക്ക് അവൾ പ്രാണരക്ഷാർത്ഥം ഓടി കത്തീഡ്രലിനു മുന്നിലുള്ള അരമന മുറ്റത്ത് ഒളിച്ചു .
പേടിച്ചു വിറങ്ങലിച്ച ആ എട്ടു വയസ്സുകാരിയെ അവിടെവച്ചുകണ്ട പള്ളിവികാരിയാണ് സിസ്റ്റേഴ്സ് താമസിക്കുന്ന സമീപത്തുള്ള ക്ലാര മഠത്തിൽ കൊണ്ടാക്കിയത് .

അന്നുമുതൽ അവൾ അവിടുത്തെ അടുക്കളക്കാരിയായി
റോബിച്ചന്റെ മേമ്മ ഇത്രയും കഥ റോസിലിയേക്കയറിച്ചു പറഞ്ഞപ്പോൾ എന്റെ അടുത്തിരുന്നു പെങ്ങൾ തൂവാലകൊണ്ടു കണ്ണു തുടക്കുന്നതു ഞാൻ കണ്ടു .അപ്പോൾ ഞാൻ ഓർത്തു കേൾക്കുന്നവർക്ക് ഇത്രയും വേദന തോന്നുന്നു എങ്കിൽ അനുഭവിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും .

റോസിലിയെക്കുറിച്ചുള്ള വിവരങ്ങൾ പിന്നെ കുറേ വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ കേൾക്കുന്നത് .പെങ്ങളുടെ ഒരു കൂട്ടുകാരി സിസിലി ക്ലാരമഠത്തിലെ അന്തേവാസിയായ ഒരു സിസ്റ്ററിന്റെ അനുജത്തിയായിരുന്നു . ചിത്രകാരിയായ ആ പെൺകുട്ടി ഒരിക്കൽ കോളേജിൽ നടത്തിയ ചിത്രരചനാ മത്സരത്തിന് ഒന്നാം സമ്മാനം കരസ്ഥമാക്കി. .അവൾ വരച്ച സമ്മാനാർഹമായ ചിത്രം മോണയിറങ്ങി ,പല്ലുന്തി ,മുച്ചിറിയുള്ള ,കോങ്കണ്ണിയായ ,അടുക്കളയിൽ കരിപുരണ്ട വേഷത്തിലുള്ള ഒരു പെൺകുട്ടിയുടെ ചിത്രം ആയിരുന്നു .ആ ചിത്രത്തിന് അവളിട്ട പേര് “റോസിലി അഥവാ മുഖമില്ലാത്ത യൗവനം ” എന്നായിരുന്നു .

സിസിലി ഒരിക്കൽ പെങ്ങളുടെ കൂടെ വീട്ടിൽ വന്നപ്പോൾ അവളിൽ നിന്നും റോസിലിയുടെ കഥ വീണ്ടും ഞാൻ കേട്ടു .
എട്ടുവയസ്സിൽ കന്യാസ്ത്രീ മഠത്തിലെ അടുക്കളയിൽ കയറിയ റോസിലി ആ കുശിനിയിലെ ഒരടിമയെപ്പോലെ ആയിരുന്നു .കുശിനിയിലെ കരിപുരണ്ട ഒരു മണ്കലത്തിന്റെ വിലപോലും ഇല്ലാത്ത ഒരനാഥ മനുഷ്യ ജന്മം .

കള്ളുകുടിച്ചു കരളു ദ്രവിച്ച റോസിലിയുടെ അപ്പൻ കുപ്പിച്ചില്ലു വർക്കി ഇടക്കെപ്പോഴോ മരിച്ചു പോയിരുന്നു .ബന്ധുക്കൾ ചിറ്റാറിന്റെ തീരത്തെ ആ കോളനിയിലെ വീട് കിട്ടിയ കാശിനു ആർക്കോ വിറ്റു .അതിന്റെ വളരെ ചെറിയ ഒരു വിഹിതം പ്രാക്കു കിട്ടാതിരിക്കാൻ റോസിലിക്ക് കൊടുക്കാനായി മഠത്തിൽ ഏൽപ്പിക്കുകയും ചെയ്തു. അതോടെ റോസിലിക്ക് ഒരു വീടുണ്ടായിരുന്നു എന്നത് ഒരു കെട്ടുകഥയായി മാറി .

കുശിനിയിലെ പണിയെടുത്തു മടുക്കുമ്പോൾ പ്രതിഫലമായി റോസിലി ഒന്നുമാത്രം ആഗ്രഹിച്ചിരുന്നു .തനിക്കു പഠിക്കണം .പഠിച്ചു ഒരു കന്യാസ്ത്രീ ആകണം .ആരുമില്ലാത്തവരെ ,രോഗികളെ ,വേദനിക്കുന്നവരെ ആശ്വസിപ്പിക്കണം .തന്റെ ആഗ്രഹം റോസിലി മഠത്തിൽ ചിലരെ അറിയിച്ചു ..അവർ ആ വിവരം ഉന്നതങ്ങളിൽ അറിയിച്ചു .അതനുസരിച്ചു ഒരു ഞായറാഴ്ച റോസിലിയെ ഒരു കൂടിക്കാഴ്ചക്ക് പ്രധാന മുറിയിലേക്ക് വിളിപ്പിച്ചു .

ചുവന്ന പരവതാനി വിരിച്ച ,വിലകൂടിയ ഈട്ടിയുടെ ഫര്ണിച്ചറുകളുള്ള ,പുസ്തകങ്ങൾ നിറഞ്ഞ ചില്ലലമാരികളുള്ള ,ക്രൂശിതനായ കർത്താവിന്റെയും ,വ്യാകുല മാതാവിന്റെയും പ്രതിമകളുള്ള ആ സുഗന്ധം നിറഞ്ഞ മുറിയുടെ കോണിൽ സ്വർഗത്തിൽ എന്നവണ്ണം റോസിലി തലയിൽ അണിഞ്ഞിരുന്ന ഷാൾ കൊണ്ടു തന്റെ മോണപൊന്തിയ വായും മുച്ചുണ്ടും മറച്ചു ബഹുമാനത്തോടെ നിന്നു .

ദാക്ഷണ്യം ഇല്ലാത്തതായിരുന്നു അവിടുന്നു കിട്ടിയ മറുപടി .
“കൊച്ചേ നിന്റെ മോഹം കൊള്ളാം .പക്ഷേ നിന്നെ കണ്ടാൽ സാത്താൻ പോലും പേടിച്ചു പോകുവല്ലോ .പിന്നെ കർത്താവിന്റെ കാര്യം പറയണോ .”
അതുപറഞ്ഞു അവർ റോസിലിയെ ഒരു ചെറിയ പൊതി ഏൽപ്പിച്ചു പറഞ്ഞു .
“ഇതു നിന്റെ വീട് വിറ്റുകിട്ടിയ വിഹിതം ഇവിടെ നിനക്ക് തരാൻ ആരോ ഏൽപ്പിച്ചു പോയതാ . തുക കൂടുതൽ ഉണ്ട് ആയിരം രൂപ .

ഒന്നുകിൽ ഇവിടുത്തെ കുശിനിയിൽ പണിയെടുത്തു കഴിയാം .അല്ലങ്കിൽ ഈ പൈസയുമായി നിനക്ക് ഇവിടം വിട്ടു പോകാം.നിനക്ക് പ്രായപൂർത്തി ആയിരിക്കുന്നു .എന്തു വേണമെന്ന് നിനക്കു തീരുമാനിക്കാം . മേലിൽ കുശിനിയിൽ നിന്ന് സ്വപ്‌നങ്ങൾ ഇവിടേക്ക് എത്തിക്കണ്ട ..”
ആയിരം രൂപ വെൽവെറ്റ് ഷീറ്റിട്ട ആ മേശപ്പുറത്തുതന്നെ വച്ചു റോസിലി കുശിനിയിലെ ഇരുട്ടിലേക്ക് മടങ്ങി .

പിറ്റേന്നു വെള്ളിയാഴ്ച വൈകിട്ട് റോസിലി അക്കരപ്പള്ളിയിൽ പോയി കുമ്പസാരിച്ചു. പള്ളിയിലെ കെടാവിളക്കിലെ എണ്ണ കൊണ്ടു കുരിശുവരച്ചു. ചുവന്ന കയറ്റുപായിൽ മുട്ടിൽ നിന്ന് പ്രാർത്ഥിച്ചു .ഉരുകിയൊഴുകിയ മെഴുകു തിരികളിൽ നിന്നും ഒന്നെടുത്ത് ഹൃദയത്തോട് ചേർത്തുപിടിച്ചു .അത് അൾത്താരയിലെ മാതാവിന്റെ രൂപക്കൂടിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന മെഴുകുതിരിക്കാലിൽ സ്ഥാപിച്ചു .

ആ വെള്ളിയാഴ്ച റോസിലി മഠത്തിൽ തിരിച്ചെത്തിയില്ല .ചിറ്റാർ പുഴയിൽനിന്നും റോസിലിയുടെ ശവശരീരം ആർക്കും ലഭിച്ചതുമില്ല .
എന്റെ പെങ്ങളുടെ സ്നേഹിത സിസിലി വരച്ച സമ്മാനാർഹമായ ആ ചിത്രം ഞാൻ സ്വന്തമാക്കി. എന്റെ വീട്ടിലെ സ്വീകരണമുറിയിൽ ഞാൻ ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട് .
“റോസിലി -മുഖമില്ലാത്ത യൗവനം “എന്ന ആ പഴയ ചിത്രം .

By ivayana