കവിത : മംഗളാനന്ദൻ*
ആസന്നമൃത്യുവായ്, ഓർമ്മകളിൽ തട്ടി
വീണുകിടക്കുന്നു യാത്രികനാം കവി.
ആരിവനെന്നു തിരക്കവേ കേൾക്കുന്നു
ആരുമല്ലാതായ പോരാളിയാണിവൻ.
മൃത്യു വന്നെത്തി കരങ്ങളെ താങ്ങുവാൻ,
ഒത്തിരി നേർത്തൊരു ശ്വാസം നിലക്കവേ.
വിസ്മയം പോലെ പരേതന്റെ മേനിയിൽ
വിസ്മൃതി പുത്തൻ ശവക്കച്ചയായിപോൽ.
ചീന്തിയെടുത്തിവൻ ജീവിതത്തിൽ നിന്നു
ചോരപൊടിക്കും കവിതതന്നേടുകൾ.
നേരിന്റെ ഗീതികൾ പാടിനടന്നൊരു
പേരറിയാത്ത കവിയായിരുന്നയാൾ.
കണ്ടു പരിചയമുണ്ടായിരുന്നവർ
മിണ്ടാതെ കാണാത്തപോലെ കടന്നുപോയ്.
ഓടയിൽ വീണു മരിച്ചൊരുയാത്രികൻ
ഏതോ കുടിയനാണെന്നും കഥയായി.
മോർച്ചറിക്കുള്ളിൽ ശരീരവിചാരണ.
മാദ്ധ്യമചർച്ചയിൽ വാർത്താവിചാരണ.
അതിനുമേൽ അദ്ധ്യാത്മവിദ്യാലയത്തിൽ
ചിതയിലൊടുങ്ങുന്ന വെൺചാരമാകും.
പ്രേതവിചാരണക്കായി ജഢമൊരു
ശീതീകരിച്ച മുറിയിൽ കിടക്കവേ,
ചുറ്റികയാൽ തലയോട്ടി പൊളിച്ചവൻ
നെറ്റി ചുളിച്ചു പറഞ്ഞതാണിങ്ങനെ:-
“അറിയാമെനിയ്ക്കീ മുഖം നല്ലപോലെ.
തെരുവിന്റെ സ്വന്തം കവിയായിരുന്നു.
മരണമാണിഷ്ടവിഷയം കവിതയിൽ
കരുണവും വീരവും കരകവിഞ്ഞു.
പാരായണത്തിൻ ലഹരിയിലൊന്നിച്ചു
കാലിടറിപ്പോയതോർമ്മിച്ചിടുന്നു ഞാൻ.”
വഴിയിൽ കിടന്നു മരിച്ച കവിയുടെ
കഥതേടി മാദ്ധ്യമപ്രതിനിധികൾ.
സ്മരണാഞ്ജലികളെഴുതിപത്രങ്ങൾ,
ഒരുകാര്യമെന്നാൽ പറയാതെ വിട്ടു.
അവരവജ്ഞയാൽവലിച്ചെറിഞ്ഞതാം
കവിഹൃദയത്തിൻ തുടു തുടുപ്പുകൾ
കിടക്കയാണിന്നും അവഗണന തൻ
കഴിഞ്ഞകാലത്തെ ചവറ്റു കുട്ടയിൽ.
കവി മരിക്കുമ്പോൾ പുനർജ്ജനിച്ചേക്കാം
പഴങ്കവിതകൾ ചവറ്റുകുട്ടയിൽ.