കഥ : ബിനു. ആർ.*

അവൾ ആർദ്രമായ് ചിരിച്ചു..ഒരു ഉറ്റ സുഹൃത്തിനോടെന്നപോലെ… കാലിലെ ചങ്ങലകൾ കിലുകിലുങ്ങനെ..
അകലങ്ങളിലെങ്ങോ ഒരു രാപ്പക്ഷിയുടെ മൂളക്കം ഏങ്ങിവലിഞ്ഞു പാടുന്ന പാട്ടുപോലെ. അവൾ തന്റെ കാലിലെ ചങ്ങലയിൽ മെല്ലെ തലോടി…

മേലേക്കാട്ടിലെ തറവാട്ടിൽ ആണുങ്ങൾ വാഴില്ലെന്നൊരു ചൊല്ലുണ്ട്, വമ്പന്മാർ ക്രൂരതക്ക് കൈയും കാലും വെച്ചവർ. ആരെയൊക്കെയോ തല്ലിക്കൊന്നെന്ന് കേട്ടിട്ടുണ്ട്. പലരും ചീഞ്ഞളിഞ്ഞാണ് മരിച്ചതെന്നും. പിന്നാമ്പുറക്കഥകൾ മെല്ലെ പരതിയാൽ അറിയാം. മുത്തച്ഛന്റെ മുത്തച്ഛൻ രാവുണ്ണി നായർ മുതൽ ഇങ്ങോട്ട് ഉണ്ണികൃഷ്ണൻ വരെ.

ഉണ്ണികൃഷ്ണൻ മേലേക്കാട്ടിൽ തറവാട്ടിലെ തറവാട് മുടിക്കാൻ പിറന്ന സന്തതിയായിരുന്നു. ചെറുപ്പത്തിലേ അനാവശ്യ ശീലങ്ങളെല്ലാം പഠിച്ചു.ചൊല്ലിനും വിളിക്കും ആരുമുണ്ടായിരുന്നില്ല. തന്റെ ചൊല്ലിനും വിളിക്കും അവൻ കാതുകൂർപ്പിച്ചതുമില്ല.
മുതിർന്നപ്പോൾ അവസാനത്തെപ്പറമ്പും തീറെഴുതിക്കഴിഞ്ഞ അന്നു രാത്രിയിൽ…
…. കള്ളും കഞ്ചാവും തലക്കുപിടിച്ചു കറങ്ങിത്തിരിഞ്ഞിരുന്ന ആ രാത്രിയിൽ വീട്ടിലെത്തിയപ്പോൾ, പതിവിനു വിപരീതമായി വാതിൽ തുറന്നത്, തറവാട്ടിലെ ലക്ഷ്മി എന്ന അവന്റെ അമ്മയായിരുന്നു.

സാധാരണ എന്നും വന്നു വാതിൽ തുറന്നിരുന്നത് ഒന്നുകിൽ ജാനകി എന്ന വാല്യക്കാരി ആയിരിക്കും. അവൻ അവളുടെ അരക്കെട്ടിൽ കൈചുറ്റിക്കൊണ്ടാവും മാളികപ്പുറമേയ്ക്ക് കയറിപ്പോവുക.അല്ലെങ്കിൽ ജാനകിക്ക് കൂട്ടിന് ഒപ്പം വരാറുള്ള അവളുടെ അനിയത്തി മാതു ആയിരിക്കും വന്ന് വാതിൽ തുറക്കുക. അവൾ ഒരിക്കലും ഒന്നു തൊടാൻ പോലും അനുവദിച്ചിട്ടില്ലെങ്കിലും അവളുടെ സൗന്ദര്യത്തിനും സൗരഭ്യത്തിനും ഒരു മദിപ്പിക്കുന്ന ചൂരാണ്..

അങ്ങനെയെങ്കിൽ അവളെ ഒന്നു തൊടുകയും അവളിലെ സകലതും തട്ടിപ്പറിച്ചെടുക്കണമെന്നു കരുതി തന്നെയാണ്, അന്ന് ആ രാത്രി വളരേ വൈകിയാണെങ്കിലും വന്നു കേറാൻ തോന്നിയത്.
വാതിൽ തുറന്നപ്പോൾ നേരിട്ട വൃത്തികെട്ട ആ പിമ്പിരിയുടെ ഗന്ധം താങ്ങാനാവാതെ ലക്ഷ്മി നൊടിയിടയിൽ തന്നെ തലയും തിരിച്ചു തിരിഞ്ഞു നടന്നു.
ഉണ്ണികൃഷ്ണന് ഒരു മാത്ര അത് മാതുവാണെന്ന് തോന്നിപ്പോയി. കടന്നുപിടിച്ചതുമെല്ലാം നൊടിയിടകൊണ്ടു കഴിഞ്ഞു.. അവനിലെ ആ അക്രമവാസന തിരിച്ചറിഞ്ഞപ്പോൾ ഞൊടിയിടകൊണ്ടുതന്നെ അവനെ തൂത്തെറിയാൻ ശ്രമിച്ചു.

കുതറിമാറിയ ലക്ഷ്മി അവളാൽ കഴിയുമ്പോലെ അവനെ അകറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആ മല്പിടുത്തത്തിനിടയിൽ നിലവിളക്ക് കാൽകൊണ്ട് തകിടം മറിഞ്ഞു നിലത്തുകിടന്നുരുണ്ടു.
അവൾ കൈയിൽ കിട്ടിയ വിളക്കെടുത്ത് വന്യമായ ആവേശത്തോടെ അവന്റെ തലയിലേക്കാഞ്ഞടിച്ചു. ചോര ഫൗണ്ടൻ ആവുകയായിരുന്നു. ആ ചോരയുടെ ധൂളികൾക്കൊപ്പം അവളുടെ ഓർമകളും പോയി ഒളിച്ചു.

ഓർമ്മകൾ തിരിച്ചുവന്നപ്പോൾ വളരേ കാലങ്ങൾ കഴിഞ്ഞുപോയതായി, കഴിഞ്ഞദിവസം തന്നെ കാണാൻ വന്ന ജാനകിയുടെ മകൻ പറഞ്ഞു. അവൻ ഒത്ത ഒരാണായിരിക്കുന്നൂ. എവിടെയൊക്കെയോ തലതിരിഞ്ഞും മോന്തായത്തിൽ ചിതറിത്തെറിച്ചുംപോയ ആ ചോരയുടെ നേരിയൊരു പകർപ്പ്.

അവൾ എഴുന്നേറ്റു. നേരിയ വെട്ടം കടന്നുവരുന്ന ജനാലയിലൂടെ പുറത്തേക്കു നോക്കി. വെള്ളി വിതറിത്തുടങ്ങിയ ആകാശത്ത് പക്ഷികൾ ഏതോ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. തിരിഞ്ഞും മറിഞ്ഞും.

By ivayana