കവിത : ശിവരാജൻ കോവിലഴികം മയ്യനാട്*

കേൾക്കുവിൻ കൂട്ടരേ ആ മണിനാദം
വിപ്ലവത്തിൻവില്ലുവണ്ടിതൻ നാദം
യാഥാസ്ഥിതികത തച്ചുതകർത്തുകൊ-.
ണ്ടെത്തുന്നിതയ്യങ്കാളിതൻ ഗർജ്ജനം.

സഞ്ചാരസ്വാതന്ത്ര്യ,മതു നേടിടാൻ
രാജപാതയിൽ രാജനായ്,പോരാളിയായ്
അന്ധകാരാബ്ധിതൻ മീതെ ചുഴറ്റിയ
ചാട്ടയുമായ് വന്ന കർമ്മധീരൻ

നിശ്ചയദാർഢ്യം പകർന്നു, തൻകൂട്ടർക്ക്
നിസ്വരല്ലെന്നു ചൊല്ലിക്കൊടുത്തവൻ
പത്തലും നാവും ചുഴറ്റി, മതാന്ധർതൻ
ഗർവ്വുകൾ തല്ലിക്കൊഴിച്ചോരജയ്യൻ .

”അക്ഷരം മക്കൾക്കു നിഷിദ്ധമെങ്കിൽ
പാടത്തു പണിയുവാനില്ലിനി ഞങ്ങൾ”
ആ ഗർജ്ജനം കേട്ടു, ഞെട്ടിത്തരിച്ചുപോയ്
ജാതിമതങ്ങളും ആഢ്യസംസ്കാരവും.

നേടുവാനുള്ളതു സ്വാതന്ത്ര്യമാണതി-
നുണ്ടാകണം മർത്ത്യനറിവും കരുത്തും
പോരാട്ടമില്ലാതെ വിജയം വരിക്കുവാ-
നാകില്ല,നുഭവംതാനെപ്പൊഴും ഗുരു.

നന്ദിയോടെന്നും സ്മരിച്ചിടേണം നമ്മൾ
ആ മഹാധീരന്റെ കർമ്മവും നാമവും
മണ്മറഞെങ്ങുമേ പോകില്ലൊരിക്കലും
ആ വില്ലുവണ്ടിയും വിപ്ലവവീര്യവും !

ശിവരാജൻ കോവിലഴികം

By ivayana