എൻ.കെ അജിത്ത്*

ഇഷ്ടക്കേടുകൾ പറയുന്നവരെ
തട്ടിക്കളയാൻ നോക്കുമ്പോൾ
ചെറ്റുതിരുത്താൻ കഴിയാത്തെറ്റതു
തെറ്റിനു മുകളിൽ തെറ്റാകും!
താഴ്മ നടിച്ചാലുത്ഥാനം, ഇതു
നാടിൻ വഞ്ചന സംസ്ക്കാരം
ഉന്നതി പൂകിയ പ്രഭൃതികൾക്കോ
ഇല്ലാ കാശിനു വിനയമത് !
കുതിരക്കൊമ്പുമുളപ്പിക്കാൻ
കോഴിയ്ക്കയ്യോ മുലവയ്ക്കാൻ
വാഗ്ദാനങ്ങൾ നല്കി രമിപ്പൂ
രാഷ്ട്രീയക്കാർ ചുറ്റിലുമായ്!
അന്തിവെളിച്ചം കാണുമ്പോഴ_
ന്തികെയിരുളുണ്ടെന്നോർക്കാൻ
ശങ്കരപീഠം കയറണമോ
ശങ്കയതെന്തിനു കുഴിമടിയാ?
താണ നിലത്തായ് നീരോടും,
താണു കിടന്നാൽ മതിയാമോ?
തേച്ചു ചവിട്ടിപ്പോകും കാലം
താഴ്ച്ചയിലങ്ങന്നെ മരുവുമ്പോൾ!
തീക്ഷ്ണത ചിന്തയിലേറുമ്പോ-
ഴൊരു ചീറ്റപ്പുലിയായ് മാറും നാം
തേച്ചുമിനുക്കുക ചിന്തയെ നാം
ചിരമൂറ്റത്തോടെ നടന്നീടാൻ!
കൂച്ചുവിലങ്ങുകളൊട്ടധികം,
പല മാത്രയിലുണ്ടത് സൂക്ഷിക്കൂ
ബൗദ്ധിക ഭരണം അന്യനുനല്കി
കേണുനടപ്പാൻ തുനിയരുതേ
വാഴ്ച്ചകൾ വീഴ്ച്ചകൾ വാച്യങ്ങൾ,
അതുകണ്ടു പഠിക്കുക യാത്രയതിൽ
താഴ്ച്ചവരാതെ ചരിച്ചീടാനനു –
മാത്രകൾ നമ്മെയൊരുക്കുക നാം.

By ivayana