കവിത : സുദർശൻ കാർത്തികപ്പറമ്പിൽ *
അച്ഛൻ മരിച്ചാലെനിക്കെന്തുകിട്ടും
സ്വച്ഛന്ദമാ,യമ്മപോയാലുമൊപ്പം!
എന്നൊന്നതേ,മക്കൾതന്നുള്ളിൽ നിന്നും
എന്നും മുഴങ്ങീടുകെന്തെന്തു കഷ്ടം!
കല്ലാക്കി മാറ്റുന്നിതുള്ളം മനുഷ്യൻ!
കല്ലിന്നുമുണ്ടാർദ്ര ഭാവങ്ങൾ മന്നിൽ
ഇല്ലാർക്കുമിന്നീ,മനുഷ്യത്വമോലും,
ഫുല്ലസ്മിതംതെല്ലുപോലും മുഖത്തിൽ!
നേരിന്റെ നെഞ്ചിൽ കൊലക്കത്തിവച്ചും
നേടുന്നുനമ്മൾ പുറംവാതിൽ തോറും
പാരിന്നതെല്ലാം പൊറുക്കേണമെന്നോ,
ആരൊന്നതൽപ്പം നിനയ്ക്കുന്നുനിത്യം!
ചേണുറ്റപൂക്കൾ വിടർന്നങ്ങുനിൽക്കേ;
തേനല്ലിവേണ്ടൂ,സദാവണ്ടുകൾക്കായ്!
തേനൊന്നുമുത്തിക്കുടിച്ചാലൊടുക്കം
കാണില്ല,കണ്മുന്നിലാഭൃംഗവൃന്ദം!
കാലം വരയ്ക്കുന്ന വൃത്തത്തിനുള്ളിൽ
കാലേയൊതുങ്ങുന്നു,സന്മാർഗചാരി!
കാലത്തെമല്ലിട്ടു,മല്ലിട്ടു നീങ്ങാൻ,
കോലങ്ങൾ കെട്ടുന്നു,ദുർമാർഗചാരി!
ജാതിക്കുപിന്നിൽ പുലപ്പേടികാട്ടി,
വ്യാധിക്കുപച്ചക്കൊടിക്കൂറനാട്ടി,
മാലേറെ,നൽകുംമതത്തേയുമൂട്ടി,
ചേലിൽ നടക്കുന്നുനാം ചോടുനീട്ടി!
മൊട്ടുണ്ടു,പൂവുണ്ടു,കായുണ്ടു,കാറ്റിൽ
പെട്ടെന്നുവീഴുന്നു വേരറ്റുവൃക്ഷം!
കെട്ടായകെട്ടൊക്കെ വിട്ടേവമാരും,
മട്ടായമട്ടറ്റുവീഴാമൊരിക്കൽ!
ഈടുറ്റകാവ്യങ്ങളോരോന്നുപാടി,
കാടത്തമാർന്നോരുലോകത്തെമാറ്റാം
കൂടെത്തപിച്ചന്ത്യനേരത്തുകൂട്ടായ്
ചോടൂന്നിമണ്ണിൽ നിവർന്നൊന്നിരിക്കാം
ചിന്തയ്ക്കുപാത്രങ്ങളത്രേ പ്രപഞ്ചം
ചിന്തൊന്നുകൊണ്ടൊന്നുവർണ്ണിപ്പാതാരേ!
തന്ത്രങ്ങൾനെയ്തും കുതന്ത്രങ്ങൾ നെയ്തും
ബന്ധിച്ചിടുന്നെന്നുമീനമ്മൾ സർവം!
ആരുണ്ടു,നേരിൻ ചെരാതൊന്നുനീട്ടാൻ,
പാരിന്നമൂർത്തപ്രഭാവങ്ങൾ കാട്ടാൻ
ആമഗ്നമാമഞ്ജുതീരങ്ങൾതേടി,
സാമോദമാ,വേണുഗാനങ്ങൾ മീട്ടാൻ
ആരണ്യകങ്ങൾ കടന്നങ്ങുചെന്നും,
കാരുണ്യവർഷം പൊഴിച്ചീടുകെന്നും
ആരമ്യഭാവാനുകാവ്യങ്ങൾ നെയ്തും,
വേരൂന്നിനിന്നീടുകാദർശധീരം
ഈ രാത്രിമായും,പ്രഭാതാർക്കബിംബം
ദൂരെക്കിഴക്കായ് പുലർന്നെത്തിടുമ്പോൾ,
ചാലേ,യതിൻ ഭംഗി കണ്ടെന്റെ ചിത്തം,
നീലാരവിന്ദം കണക്കുല്ലസിക്കും
പാരിൻ നികുഞ്ജത്തിലീനമ്മളെല്ലാം
പാരംപുലർന്നെത്തിടുന്നാത്മസാരം
നേരിൻവെളിച്ചം തിരഞ്ഞെത്ര ദൂരം
തീരങ്ങൾ കാണാതലഞ്ഞത്രപിന്നെ!
പൂത്താലമേന്തില്ല പൂങ്കാറ്റുവീശി,
പൂങ്കോഴികൂവില്ല പൂനെറ്റിനീട്ടി
പൂവല്ലി,പാഴ് വല്ലിയായങ്ങുണങ്ങി,
നോവല്ലി,നൽകുന്നിതുള്ളംവിതുമ്പി!
കോളൊന്നുപെയ്യാം,കൊടുങ്കാറ്റു വീശാം
ചേലൊത്തതെല്ലാം ചെളിക്കുണ്ടിലാഴാം
ഈലോക,മീജീവജാലങ്ങൾ സർവം
കേളീവിലാസങ്ങളായസ്തമിക്കാം
പുച്ഛിച്ചുതള്ളാതെ,യൊപ്പംനടത്തി,
നിശ്ചിന്തമുള്ളം തളിർപ്പിച്ചുനിർത്തി,
അച്ഛന്നുമമ്മയ്ക്കുമീ,നമ്മളെന്നും
ഇച്ഛിച്ചതെന്തും കൊടുത്തീടുകാർദ്രം
വേദാന്ത തത്വങ്ങളോരോന്നുമോതും
വേദജ്ഞനുണ്ടോ,മഹത്വങ്ങളേതും!
സാധർമ്യ സാരങ്ങളാർന്നുജ്വലിക്കാൻ,
ആദർശമൊന്നല്ലി,വേണ്ടൂ ജഗത്തിൽ
ജീവന്റെ തത്വം ഗ്രഹിച്ചുദ്ഗമിക്കാൻ
ആവുമ്പൊഴല്ലീ,നമുക്കുള്ളുകീർത്തി
സൃഷ്ടിയ്ക്കുപിന്നിൽത്തെളിഞ്ഞുജ്വലിക്കും,
വ്യഷ്ടിസ്സമഷ്ടിപ്രഭാവങ്ങളോർപ്പൂ
മണ്ണിന്നു,പെണ്ണിന്നു,പൊന്നിന്നുപിന്നിൽ,
കണ്ണായതെന്തും മറക്കുന്നുനമ്മൾ!
വിണ്ണോളമങ്ങങ്ങുയർന്നേറിയാലും,
മണ്ണോളമേയുള്ളു,വാഴ് വെന്നുമോർപ്പൂ
മുള്ളാകിലും കൈമുറുക്കെപ്പിടിക്കാൻ
എള്ളോളമില്ലാത്മവിശ്വാസമാർക്കും
ഭള്ളേറെയുള്ളിൽ,സ്ഫുടംപൂണ്ടുനിൽക്കിൽ,
മുള്ളേതുകൊണ്ടിന്നെടുത്തൊട്ടുനീക്കാൻ!
രാമന്റെ മാർഗം വെടിഞ്ഞിന്നുനമ്മൾ
രാത്രീഞ്ചരൻ തന്റെ പാദങ്ങൾ പൂകി,
ഗാന്ധീമഹത്വങ്ങളോരാതെയെന്നും
ഗോഡ് സേക്കുമുന്നിൽ നമിക്കുന്നിതയ്യോ!
ആർത്തോരിയിട്ടെത്തുമാസാഗരം പോൽ
ചീർത്തെത്തിടും ഹിംസ്ര ജന്തുക്കളെപ്പോൽ,
മർത്യൻ,മദോന്മത്തനായ് മാറിനീളേ,
സത്യത്തെമൂടുന്നപഖ്യാതിയാലേ !
ഹാ! മൃത്യുവന്നിങ്ങടുത്താലുമാരേ,
കാമാർത്തിതെല്ലൊന്നൊടുക്കുന്നുനേരിൽ
ആജന്മമായുള്ളൊരാ,ദുർവിചാരം;
മായ്ക്കാനൊരാളിന്നുമാവില്ലപാരം!
പൂക്കാലമെത്തില്ല,പൊന്നോണനാളും
ഓർക്കേണ്ടനാമേറെ,യിക്കാലമൊന്നും
നീർക്കോലിപോലും വിഷംചീറ്റിയെത്താം,
ആർക്കാകുമിക്കാലചിത്രങ്ങൾ മായ്ക്കാൻ!
ജ്ഞാനാഗ്നിയുള്ളിൽ ജ്വലിപ്പിച്ചുനിർത്തി,
ധ്യാനത്തിലാണ്ടാത്മസാരം പുലർത്തി,
ഈ വിശ്വവിഖ്യാത ചിന്താശതങ്ങൾ
നാവിൽ കിനിഞ്ഞീടുകാദ്യന്തമാരും
വല്ലായ്മയേതേതുമില്ലാതെയെന്നും
ഉല്ലാസമോടിങ്ങധർമ്മത്തെ വെല്ലാൻ
വില്ലൊന്നെടുക്കാം,ശരങ്ങൾതൊടുക്കാം
ചൊല്ലൊക്കെനിർത്താം,നമുക്കൊന്നതെയ്യാം
ജീവന്റെയാരബ്ധ ഭാവസ്ഫുലിംഗം
ആവോ,തിരഞ്ഞൊട്ടുകാലങ്ങളായി,
ആ വിണ്ണിലീ,മണ്ണിലെല്ലാടവും ഞാൻ
തൂവെൺഛദങ്ങൾ വിരുത്തിപ്പറപ്പൂ
തൂവുന്നകണ്ണീർ തുടച്ചെത്ര നമ്മൾ
പോവേണമീമണ്ണി,ലിക്കോലമേന്തി
ആവുന്നതാർക്കിന്നൊരാശ്വാസമേകാൻ
നാവിന്നുനാവായുയർന്നെത്തി മുന്നിൽ?
നോവുന്നജീവന്നു നോമ്പല്ലവേണ്ടൂ,
നാവിൽനുരയ്ക്കും സമാശ്വാസഗീതം
ആവുന്നതെന്തെന്തുമന്യർക്കുചെയ്യാൻ
ആവുമ്പൊഴല്ലോ,മനുഷ്യൻ,മനുഷ്യൻ!
പൂവിന്റെയൊപ്പം വിടർന്നെന്നുമീനാം,
തൂവേണമാ,ഗന്ധ,മത്തൂമരന്ദം
പൂവിന്റെയൊപ്പം പൊഴിഞ്ഞല്ലയെങ്കിൽ
ജീവന്റെയന്ത്യം കുറിപ്പൂ,നിതാന്തം
ആരൊന്നിനാലി,പ്രപഞ്ചം രചിച്ചു,
ആരൊന്നിനാലി,പ്രപഞ്ചം ഹനിപ്പൂ!
നേരേ,യതിൻഹേതുവേതേതുമോരാൻ,
നേരങ്ങളോ,തെല്ലുമില്ലാരൊരാൾക്കും
പാടുന്നപാട്ടിന്നു താളംപിഴച്ചാൽ
ആടാൻതുടങ്ങുമ്പൊഴേ,മുദ്രതെറ്റാം
വേണം നമുക്കിന്നൊരാചാര്യപാദം
ഈണങ്ങൾ തെറ്റാതെമുന്നോട്ടുനീങ്ങാൻ
രാവൊന്നുമായുമ്പൊഴീലോകമെങ്ങും
ജീവന്റെയുന്മാദ നൃത്തങ്ങൾ മാത്രം!
നോവൊന്നുകൊണ്ടല്ലി,നാമോർപ്പുനിത്യം
ആ,വൊന്നുമീയൊന്നുമൊന്നെന്ന സത്യം!
സ്വർലോകനാഥാനുനാദപ്രഭാവം,
എല്ലാത്തിലും തത്തിനിൽക്കുന്നൊരേപോൽ!
പുല്ലായിമണ്ണിൽ പിറന്നാലുമെന്തേ,
നല്ലോരുചിന്തയ്ക്കുനാം പാത്രമെങ്കിൽ
ചേറിൽ വിരിഞ്ഞോരു ചെന്താമരയ്ക്കും
ചേലിൽ തെളിഞ്ഞോരുചന്ദ്രക്കലയ്ക്കും
എന്നെന്നുമക്കൺകൾ തന്നിൽ തിളങ്ങാൻ,
ഒന്നല്ലിയുള്ളൂ,പരസ്പരസ്നേഹം!
ആടൽമറന്നാർദ്ര ഭാവപ്രഹർഷം
ഈടുറ്റകാവ്യങ്ങളുള്ളിൽമുളയ്ക്കാൻ,
പാടട്ടെ,യീവിശ്വബിംബങ്ങൾ ഹൃത്തിൽ
പാടേ,പതിപ്പിച്ചു നിർന്നിദ്രനായ് ഞാൻ
ആലംബമിന്നേതുമില്ലാമനസ്സിൻ,
ആലസ്യമാരൊന്നുചിന്തിപ്പു,മന്നിൽ!
കാലങ്ങൾ ചെല്ലാതെടുപ്പൂ,നിഗൂഢം
കാലംകിളിർപ്പിച്ചുണർത്തുന്നജീവൻ!
കണ്ണിൽ നുരച്ചേറിടാമാഴിയേഴും
കണ്ണിന്നു,താങ്ങാത്ത കണ്ണുനീരായി!
വിണ്ണോളമർത്ഥങ്ങളുണ്ടെങ്കിലും ഹാ!
മണ്ണേ,നമുക്കേകിടൂ നിത്യശാന്തി.
തീപാറിയെത്തുന്ന ചിന്തയ്ക്കുപിന്നിൽ
പൂപോൽ വിടർന്നാത്മഗന്ധം പരത്തും,
ഈടാർന്നൊരദ്വൈതശീലൊന്നുകൂടി,
പാടാതിരിക്കുന്നതിന്നെന്തുഞായം!
ഈ വിശ്വഗോളത്തിനൊപ്പം കറങ്ങാൻ
ആവുന്നെനിക്കിന്നു,മാവേശപൂർവം
കാവ്യാനുരാഗാർദ്ര ഭാവങ്ങളൊന്നായ്
നിർവ്യാജമീഞാ,നുരയ്ക്കട്ടെ നന്നായ്
അച്ഛൻ മരിച്ചീടിലിന്നാർക്കുചേതം
സ്വച്ഛന്ദമാ,യമ്മപോയാലുമേവം
ഇച്ഛിച്ചതെന്തും ലഭിച്ചീടുകില്ലേൽ
പുച്ഛിപ്പുനാ,മാത്മരോഷത്തൊടല്ലേൽ !