സുനിൽ പൂക്കോട്*

ഉന്നതൻ കുലീനൻ പരോപകാരി ബുജി..യുവകോമളൻ സർവോപരി കലാകോരൻ സർവജനസമ്മതൻ ..കള്ളുകുടി ബീഡിവലി അല്പമാത്രം അതും ആളറിയാതെ മറ്റു പേരുദോഷങ്ങളൊന്നുമില്ല… എന്നിട്ടും ആ കല്യാണത്തലേന്നു കല്യാണവീട്ടിൽ കാലെടുത്തുവച്ച ഉടൻതന്നെ പിന്നോക്കം മറിഞ്ഞു തിരിഞ്ഞോടിയതെന്തിന്… ജീവിതത്തിന്റെ പല ഘട്ടങ്ങളിലും എന്നപോലെ അന്നും വില്ലനായി വന്നത് ഒരു കുപ്പായം ..

നല്ലൊരു കുപ്പായം ധരിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും മിനിമം ആഗ്രഹമാണ്..മുഖം മനസിന്റെ കണ്ണാടിഎന്നപോലെ കുപ്പായം അവന്റെ നിലവാരത്തിന്റെ കണ്ണാടിയാവും ..ചെറുപ്പത്തിൽ നല്ല കുപ്പായം കിട്ടാത്തവർക് അതിന്റെ വിലയറിയാം .. ഒരിക്കൽ കല്യാണതലേനാൾ ധരിച്ച കുപ്പായം തന്നെ കല്യാണത്തിനും ഇട്ടുവന്നത് കാരണം വധുവരന്മാരുടെ കൂടെയുള്ള ഫോട്ടോസെഷൻനിൽ നിന്നും എന്നെ മാറ്റിനിർത്തിയത് കാരണമുണ്ടായ മാനഹാനി ചെറുതല്ല.. അന്ന് ഞാനൊരു ആറാം ക്ലാസ്കാരൻ വൈകാതെ നല്ല കുപ്പായമൊക്കെ സ്വന്തമായി വാങ്ങാനുള്ള പാങ്ങൊക്കെ ആയപ്പോൾ കൈവശം നല്ല കുപ്പായം ഇട്ടുനടക്കാൻ പാടില്ലാത്ത തരം ജോലിയായിപോയ് ..

ഏതു നേരത്താണ് ഒരു ബോർഡോ പോസ്റ്ററോ എഴുതിക്കാൻ ആളുവരിക പറയാനേ വയ്യ മുന്നിലെ പോക്കറ്റിൽ ബ്രഷുമിട്ടു നടക്കുന്ന കാലം പുത്തൻ കുപ്പായം വാങ്ങിയാൽ രണ്ടോ മൂന്നോ ദിനം നിലനിൽക്കും അതിന്റെ പുത്തതരം … ഒരുതുള്ളി പെയിന്റ് ഉറ്റിയാൽ പീസടിച്ചു.. മിക്കവാറും ഒരു ഗുണവും കിട്ടാത്ത പണി ചെയ്യുമ്പോളായിരിക്കും പണി കിട്ടുന്നത് എത്ര കഴുകിയാലും ആ കറ പോകില്ല അക്കാലത്താണെങ്കിൽ സമപ്രായക്കാർ വേഷഭൂഷാദികളിൽ ഫാഷന്റെ പേരിൽ കാണിക്കുന്ന വേലത്തരങ്ങൾക്കു പരിധിയില്ല.. പോക്കറ്റിൽ പൂവ് പ്രിൻറ് ചെയ്ത കുപ്പായം പിന്നെ ചൈനാസിൽക്ക്.. എന്റെ നടക്കാത്ത അതിമോഹങ്ങളായിരുന്നു ..

എങ്കിലും അത്യന്താധുനിക പ്ലീറ്റുകളുടെ പ്രളയത്തിൽ ഞാനുമൊരു തിരമാലയായി അത്യാവശ്യം അരയിൽ നിന്ന് താഴോട്ട് മൂന്ന് വീതം പ്ലീറ്റുകളുള്ള പാന്റും പിന്നിൽ ഡബിൾ പ്ലീറ്റിട്ട ഷർട്ടും 89 തിൽ ചിത്രകലാ വിദ്യാർത്ഥിയായിരിക്കെ സമകാലിക കോലം പ്ലസ് ആര്ടിസ്റ് ബുദ്ധിജീവി കൂടിയാവുമ്പോൾ കോലം ഒരൊന്നൊന്നര കോലമാവും ചിലർ ഊച്ചാൻതാടി ചുണ്ടിൽബീഡി ചിലർ അപ്പിഹിപ്പി ലൂസ് ജുബ്ബ അയഞ്ഞ മടക്കികുത്ത് തോൾസഞ്ചി ചീകാത്ത മുടി ചിലരാണെങ്കിൽ കാൻവാസ്‌ഷൂ..ജീൻസ് അത്യാധുനികൻ കലാകോരന്മാർക് പൊതുവെ ഫാഷൻലോകത്തിൽ അമിതസ്വാതന്ത്ര്യമുണ്ട് അവരാണ് ലോകത്തിന്റെ ഫാഷൻ ഡിസൈനർമാർ…

ചിത്രകാരൻ രൂപകല്പനനടത്താതെ ലോകത്ത് ഒരു സോപ്പ് പെട്ടിപോലും ജനിക്കുന്നില്ല അതുകൊണ്ട് ഞങ്ങളൊക്കെ എന്ത് കോലം കെട്ടിയാലും ആരും ചോദിക്കാൻവരില്ല അങ്ങിനെയിരിക്കെയാണ് പ്രധാന പ്രശ്നത്തിന് പരിഹാരമായി ചുരുങ്ങിയചിലവിൽ കൂടുതൽ പളപളപ്പുള്ള തുണിത്തരങ്ങൾ കണ്ണൂർ റയിൽവേ സ്റ്റേഷൻപരിസരത്ത് പൊടിപൊടിച്ച ഫുട്പാത്ത് കച്ചവടം കണ്ടെത്തുന്നത് ആന്ധ്രായിൽനിങ്ങാനുള്ള കമ്പനികളിൽനിന്നും കൊണ്ടുവരുന്ന റിജെക്ട് പീസുകൾ മീറ്ററിന് പത്തോ പതിനഞ്ചോ രൂപാ നിരക്കിൽ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിൽ വ്യത്യസ്ത ഡിസൈനിൽ നാട്ടിൽ മറ്റൊരിടത്തും കിട്ടാത്തത് പെയിന്റ് ഇറ്റിയാലും തടിക്കു പിടിക്കില്ല…

ആര്ട്ട് മെറ്റീരിയൽസ് വാങ്ങാനായി കണ്ണൂരിൽ പോയി വരുമ്പോളെല്ലാം ഒന്നോ രണ്ടോ ഷേർട്പീസുകൾ വാങ്ങിക്കുന്നത് ഒരു പതിവായി അങ്ങനെ ഫാഷന്റെ മായികാപ്രപഞ്ചത്തിൽ ഞാനും ഒരു വര്ണപട്ടമായ് പാറിനടക്കവേയാണ്.. അന്ന് ലൈറ്റ് വയലറ്റിൽ ഡാർക്ക് വയലറ്റ് വരകളുള്ള പുതുപുത്തൻ പളപളപ്പൻ കുപ്പായവുമിട്ട് സന്ധ്യമയങ്ങിയനേരത്ത് അന്ന് കോട്ടയോടിയിലുള്ള ആ കല്യാണവീട്ടിലേക്ക് പോയത് .,.

രണ്ട് കിലോമീറ്റർ അകലത്തുള്ള പൂക്കോടുകാരനാണ് ഞാൻ എങ്കിലും അച്ഛന്റെ ചാലിൽ പുലപ്പാടി കേളോത്ത് കുടുംബക്കാരും ആരൂഢവും കോട്ടയോടി പരിസരമാണ്… പത്തിൽതോറ്റ് തേരപാരയടിക്കുന്ന കാലത്ത് അച്ഛൻതന്നെയാണ് എന്നെ കോട്ടയോടിക്കാരുടെ കയ്യിൽ ഏൽപ്പിക്കുന്നത്.. നിക്ഷേപിക്കുന്നത് എന്ന് പറയുന്നതാവും കൂടുതൽ ചേരുക , 20 രൂപാ ദിവസക്കൂലിക്ക് പെയിന്റിങ് തൊഴിലാളിയായി തുടക്കം കോട്ടയോടി ഒരു പാർട്ടി ഗ്രാമമായതു കൊണ്ടുതന്നെ ഒരു ചിത്രകാരന് വെറുതെയിരിക്കാൻ ഒരു ചാൻസും ഇല്ല നാട്ടിൽ എന്ത്കോലാഹലമുണ്ടായാലും പന്തംകൊളുത്തിയാലും കോലം കത്തിച്ചാലും ആദ്യം പണികിട്ടുന്നത് എഴുത്ത് വരക്കാരന് പിന്നെ പറയണോ പെയിന്റിങ് പണിയെല്ലാം പെട്ടന്ന് മതിയാക്കി …

പഞ്ചായത്ത് മതിലും മൂന്നുംകൂടിയ മുക്കിലെ മൂന് ഉക്കൻ ചുമരുകളിലും ബാനറുകളിലും സമ്മ്‌ തേച്ച ബോർഡുകളിലും ആഴ്ചകൾ തോറും മാറിമാറിവരുന്ന ബന്ദുകളും ഹർത്താലുകളും കളക്ട്രേറ്റ് മാർച്ചുകളും ദിനാചരണങ്ങളും തെരഞ്ഞെടുപ്പുകളും രചിക്കപ്പെട്ടു … മിക്ക രാത്രികളിലും കോട്ടയാടിയിൽ തന്നെ ഹാൾട്ചെയ്യും കിടത്തം ക്ലബ് പാർട്ടിയാപ്പീസ് സഘാക്കളുടെ വീട് എല്ലായിടത്തും സ്വന്തം വീടെന്നപോലെ സ്വാതന്ത്ര്യം നാട്ടുകാരുടെ പൊന്നോമന പൊന്നുണ്ണി ഞാനാണെങ്കിൽ അന്നും ഇന്നും മരിച്ചുപണിയെടുക്കുന്ന മണ്ണുണ്ണി അതിനാലൊക്കെത്തന്നെ കോട്ടയാടി നാട്ടിലെ കല്യാണങ്ങൾ എനിക്ക് ചീർമ്പക്കാവിലെ തെയ്‌യംപോലെ…

നാട്ടുകാരെല്ലാം കൂട്ടുകാരും ഒരേപാർട്ടിക്കാരുമാവുമ്പോൾ ആഘോഷം അതുക്കും മേലെ എന്നിട്ടും അന്ന് ആ വീട്ടിൽനിന്ന് ഞാനിറങ്ങിയോടി …. ലൈറ്റ് വയലറ്റിൽ ഡാർക്ക് വയലറ്റ് വരകളുള്ള പുതുപുത്തൻ പളപളപ്പൻ കുപ്പായവുമിട്ട് കല്യാണവീട്ടിലേക്കുള്ള ഇടവഴിയിൽ ചിരിതൂകി കോണിപ്പടികൾ കയറി നടവഴി നടന്നു മന്ദസ്മിതനായ് മുറ്റത്ത് കാലെടുത്തു വയ്ക്കും മുന്നേ ഒരു മിന്നായംകണക്കെ ആ കാഴ്ച്ച കണ്ടു ….ഒരുനിമിഷം ഷോക്കടിച്ചപോലെ ആകെ മരവിച്ചുപോയ് പിന്നെയൊന്നും ആലോചിച്ചില്ല…

നിന്ന നില്പിൽ തെന്നിമാറി ഒരു കൊടുംകാറ്റിൽ കരിയില പാറുംപോലെ ഒരു ഓരം പറ്റി കല്യാണവീടിന്റെ തെക്കേപുറത്തുപോയ് കണ്ടത്തിൽ ചാടി കിളമറിഞ് ഇരുൾ മൂടിയ മറ്റൊരു ഇടവഴിയിലേക്ക്….. വിഷാദമൂകനായി പൂക്കോടേക്ക് നടക്കുമ്പോൾ എനിക്ക് ഉറപ്പുണ്ടായിരുന്നു ആ എട്ടാംക്ലാസ് പാവാടക്കാരി എന്നെ കാണാനിടവരും മുന്നേ ഞാനവളെ കണ്ടു… നേരെ മറിച്ചായിരുന്നെങ്കിൽ ആ ഹതഭാഗ്യയുടെ മാനം പോയേനെ,.. ഞാൻ കാരണം ഒരു പാവം പെങ്കൊച്ചിന്റെ നഷ്ടപ്പെട്ട്പോകുമായിരുന്ന മാനം കൈച്ചലാക്കിയെടുത്തതിലുള്ള സന്തോഷം ഒരു ഭാഗത്ത് .. കൂടെ വിധിയുടെ ക്രിക്കറ്റ്കളിയിൽ കോയിബിരിയാണി നഷ്ടപ്പെട്ടതിന്റെ സങ്കടം .. പിന്നീടൊരിത്തിരി ദിവസങ്ങൾക്കിപ്പുറം അതേ പാവാടക്കാരിയെ അതേ പാവാടയിൽതന്നെ റേഷൻകട വരാന്തയിൽ കണ്ടു..

വയലറ്റ് വരകൾ നിറം മങ്ങിയിട്ടുണ്ട് ചുളിവും…അതുപിന്നെ പീസ്‌ ഒന്നിന് രൂപാ പതിനഞ്ചാകുമ്പോൾ അത്രയല്ലേ വരു… എന്നാലും പത്തുനാപ്പത് കാതങ്ങൾക്കപ്പുറമുള്ള കണ്ണൂരിലെ ഫുട് പാത്തിൽനിന്നുംഈ കൊച്ചുപാവാടത്തുണി വാങ്ങിവന്നത് നിന്റച്ഛനോ ചേട്ടനോ എന്നാ കൊച്ചിനോട് ചോതിക്കണമെന്നുണ്ടായിരുന്നു….

By ivayana