ബീഗം *

ആത്മഹത്യയല്ലെന്ന് തീർച്ച
പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ
കൊലപാതകം
തെളിവെടുത്തപ്പോൾ
എണ്ണിയാൽ തീരാത്ത ഘാതകർ……
പിന്നിലേക്ക് ഊളിയിട്ടപ്പോളാണറിഞ്ഞത് ആത്മഹത്യയുടെ ഉടുപ്പ്
പലതവണ അണിഞ്ഞിരുന്നെന്നും
എത്ര വേദനയോടായിരിക്കാം
സ്വയം ഹത്യക്ക് ശ്രമിച്ചത്………
അവളുടെ പ്രണയ രസമൂറ്റിക്കുടിക്കാൻ നിദ്രയെ തള്ളിമാറ്റിയ രാവുകൾ
പകലിലും സൗന്ദര്യത്തെ –
യുറ്റു നോക്കി മാറോട്
ചേർത്തുറക്കിയിരുന്നു……
എത്ര വേഗത്തിലാണവൾക്ക്
ഭ്രഷ്ട് കല്പിച്ചത് …….
തീണ്ടലായ് മാറ്റി നിർത്തിയത്
പുത്തൻ സൗഹൃദങ്ങളുടെ കടന്നുകയറ്റത്തിൽ തീർത്തും ഒറ്റപ്പെട്ടവളാക്കി……….
ഒന്നു തൊടാനാഗ്രഹിച്ച നാളുകൾ
വൈധവ്യ നോവുമായ്
പ്രണയകവിതകൾ
ആദരാഞ്ജലികളർപ്പിച്ച
ആത്മകഥകൾ
വികൃതമാക്കിയ മുഖവുമായി
ചിതലുകളരിച്ചു
കിടത്തിയതെത്ര സൃഷ്ടികളെ….:..
വായന മരിച്ചെന്ന വാർത്ത
വ്യാജമല്ലായെന്ന തെളിവുകൾ
ഭാവനയുടെ ചിറകിലേറ്റാൻ
ഉയിർത്തെഴുന്നേൽക്കുമായിരിക്കും
നാളെയുടെ പൊൻപുലരിയിൽ

By ivayana