കനത്ത രാത്രിതൻ കറുത്ത മാറിലെ തണുത്ത നിശ്വാസം
കവിളിൽ പതിക്കവേ..
ഓർമ്മതൻ വാതിൽ തുറക്കുന്നു മുന്നിൽ, തേങ്ങുന്നിതാരോ ദീനമായ് പിന്നിൽ.
വർണ്ണ ചിത്രങ്ങൾ കോറിയിട്ടൊരു മാന്ത്രിക വിരൽ സ്പർശം പ്രാണനിൽ പരതുന്നു..
ഇല്ല, സഖേ നീ വരച്ചിട്ട സ്വപ്‌ന ചി ത്രത്തിന്റെ മഷിയുണങ്ങിയില്ലിതുവരെയുള്ളിൽ,
കണ്ണുനീരിലൊരു വരപോലും പടർന്നതില്ലിതുവരെ..
പിന്നെയെങ്ങനെ മാഞ്ഞുപോയീടുമത്…
വെയിൽനാളങ്ങൾ കരിച്ച
വസന്തമിപ്പോഴും ഒളിച്ചുനോക്കുന്നു നിന്നെയോർക്കുമ്പോൾ,
കിനാവിന്റെ കണ്ണിൽ തീ പടർന്നില്ലിതുവരെ, കവിതതൻ പൂക്കൾ കൊഴിഞ്ഞില്ലിതുവരെ
പണ്ടു നീ വരച്ചിട്ട ചിത്രങ്ങളോരോന്നും ജീവൻ തുടിക്കുന്നു നോവിന്റെ ചിറകിന്മേൽ
ആളിക്കത്തിക്കാൻ ദാഹിക്കും സ്നേഹക്കനലണഞ്ഞു തീരുംമുമ്പ്, ജീവിത ചിത്രം വരച്ചു പൂർത്തിയാക്കും മുൻപ് വരച്ചെടുത്തല്ലോ നിന്നെയാ ചിത്രകാരൻ.. ജീവിതത്തിനപ്പുറത്തെ ക്യാൻവാസിൽ നീയിപ്പോഴും ചിത്രങ്ങൾ വരക്കുന്നുണ്ടാവാം
നഷ്ട്ട കിനാവിന്റെ തെളിയാത്ത ചിത്രങ്ങൾ