ജോളി ഷാജി…. ✍️

ദൂരെ എവിടെയോ
നെഞ്ചുപൊട്ടി കേഴുന്നുണ്ട്
സ്വാതന്ത്ര്യം നിഷേധിച്ചൊരു
ഭ്രാന്തിപ്പെണ്ണ്…
മൗനം തളം കെട്ടി നിന്ന
അവളുടെ ചുറ്റിലും
പാറിനടന്ന്
ഓർമ്മകൾ അവളെ
വേദനിപ്പിച്ചു
രസിക്കുകയാണ്..
ഹൃദയത്തിൽ നിന്നും
തള്ളിയിറക്കിവിട്ടിട്ടും
പിന്നെയും പിന്നെയും
ഓടിയെത്തുകയാണ്
വേദനിപ്പിക്കാൻ
മാത്രമായ് ഓർമ്മകൾ..
ഒരിക്കൽ മഴയായ്
പെയ്തിറങ്ങിയ
ഇഷ്ടങ്ങൾ പ്രളയമായ്
ഒഴുകിമാഞ്ഞപ്പോൾ
ഉറക്കം നഷ്ടമായി
ഭ്രാന്തിയായി മാറിയത്
അവൾ മാത്രമായിരുന്നു..
അവനെന്ന
ഒറ്റമരത്തിൽ
വള്ളികളായി
പടർന്നുകയറി
എന്നും വസന്തം
തീർക്കാൻ
കൊതിച്ചവൾ..
അത്രമേൽ
സ്നേഹിച്ചവൻ
അതിർവരമ്പുകൾ
സ്രഷ്ടിച്ചു തുടങ്ങിയപ്പോൾ
മുതലാണ് അവളിൽ
പ്രണയം ഭ്രാന്തായി
മാറീതുടങ്ങിയത്…
അവളുടെമാത്രമായ
ഭ്രാന്തുകളെ
ഒരിക്കൽപോലും
പ്രിയപ്പെട്ടവരോ
നാട്ടുകാരോ
കൂട്ടുകാരോ
അംഗീകരിച്ചില്ല..
അവളുടെ ഭ്രാന്ത്‌
അവളെ കൊണ്ടെത്തിച്ചത്
ഇരുളടഞ്ഞ ആ
മഴക്കൂട്ടിനുള്ളിലും…
പല്ലിയുടെ ചീവിടിന്റെയും
ചിലപ്പുകൾക്കിടയിൽ
പരസ്പരം കടിച്ചു
ഓടിനടക്കുന്ന എലികളും
പാറ്റകൾക്കുമൊപ്പമാണ്
അവളുടെ ഇന്നത്തെ
പൊട്ടിച്ചിരിയും
പൊട്ടിക്കരച്ചിലുകളും..
മുറിയിലേക്ക്
വെട്ടം അരിച്ചിറങ്ങുന്ന
ഭിത്തിയിലെ ചെറിയ
ജനലുകളിലൂടെ
എപ്പോളൊക്കെയോ
അവളിലേക്ക്‌
മഴത്തുള്ളികൾ
ഒഴുകിയെത്താറുണ്ട്…
ആ മഴത്തുള്ളികൾ
കൈക്കുമ്പിളിൽ
ചേർക്കുമ്പോളൊക്കെ
അവൾ വീണ്ടും
പ്രണയിനിയായി
മാറാറുണ്ട്…
അപ്പോളൊക്കെ
വിണ്ടുകീറി
ചോരയിറ്റുവീഴുന്ന
അവളുടെ
ചുണ്ടുകൾ
ചുംബനം കൊതിക്കും….
കൈക്കുമ്പിളിൽ
ഒതുക്കിയ
മഴത്തുള്ളികൾ
മുഖത്തേക്ക്
കുടഞ്ഞൊഴിക്കുമ്പോൾ
അവൾ രതിയുടെ
പൂർണ്ണതയിലെത്തിയ
സ്ത്രീയെപോൽ
സ്വയം മറന്നു ഏതോ
ലോകത്തിലൂടൊക്കെയോ
സഞ്ചരിക്കാറുണ്ട്…
മയക്കം വിട്ട്
എഴുന്നേറ്റാൽ
കൈക്കുമ്പിളിൽ
നിന്നും വിട്ടുപോയ
പ്രാണപ്രിയന്റെ
ഓർമ്മകളെ നെഞ്ചോടു
ചേർത്തവൾ
പൊട്ടിക്കരയും…
അവളുടെ
സങ്കടങ്ങളിൽ
വേദനിക്കുന്നത്
അവളെ ചുറ്റി
അവളോടൊപ്പം
ഇന്നവളുടെ
ജീവന്റെ ഭാഗമായി
മാറിയ ചങ്ങല
കൂട്ടങ്ങളാണ്….

By ivayana