അനിതാ ചന്ദ്രൻ*

അടുത്തിടെ ഇവിടെ(UK ) ഒരു മരണം നടന്നിരുന്നു .ആത്മഹത്യയാണ് ,മരിച്ചത് ഒരു മലയാളി നേഴ്സ് ആയിരുന്നു .ഭർത്താവു caring അല്ലാ ,ആറ് ലക്ഷം രൂപ മാസം ശമ്പളം ഉണ്ട്, പരാതികളും വഴക്കുകളും ഇല്ലാത്ത ആളായിരുന്നിട്ടു കൂടി ജീവിതം സങ്കടമാണ് എന്ന് ആ വ്യക്തി മരിക്കും മുൻപ് പറഞ്ഞിരുന്നു .

ഒരു ഡിവോഴ്സ് ഒന്നും പറ്റില്ല ,മരണം ആണ് വഴി എന്നും സൂചിപ്പിച്ചിരുന്നു.ഇവിടുള്ള മലയാളികൾ തിരിഞ്ഞു നോക്കേണ്ടുന്ന ഒന്നാണ് ഈ സംഭവം എന്നെനിക്കു തോന്നുന്നു .UK യിൽ FULL TIME (37.5 hrs/week ) ജോലി ചെയ്യുന്ന ഒരു നഴ്സിന്റെ ശരാശരി ശമ്പളം ആറുലക്ഷത്തിന്റെ പകുതിയിലും താഴെയാണ് .ആറു ലക്ഷം ശമ്പളം കിട്ടണമെങ്കിൽ നിർത്താതെ ജോലി ചെയ്യുന്ന ആളാവണം .എന്റെ വ്യക്തിപരമായ അനുഭവം പറഞ്ഞാൽ,വര്ഷങ്ങൾക്ക് മുൻപിൽ നാട്ടിൽ ചെന്നപ്പോൾ ഒരാൾ എന്റെ ശമ്പളത്തിന്റെ കണക്കു പറഞ്ഞു .

PAYSLIP കാണിച്ചു ഞാൻ വിശദീകരിച്ചിട്ടു പോലും കേട്ട ആൾ convince ആയില്ല ,കാരണം ആ നാട്ടിൽ തന്നെയുള്ള വേറെയൊരു കൊച്ചിന് എന്നേക്കാൾ ഇരട്ടിയിൽ കൂടുതൽ ശമ്പളം ഉണ്ട്, പിന്നെന്തു കൊണ്ട് നീയിങ്ങനെ പറയുന്നു എന്നാണ് ചോദിച്ചത് .UK യിൽ ഏതു ജോലിയും ചെയ്യുന്നവർക്ക് (പ്രത്യേകിച്ച് nurses & doctors) ഒരുപാട് overtime /agency job കൾ ചെയ്ത് പൈസ ഉണ്ടാക്കാനുള്ള അവസരം ഉണ്ട് .(ജീവിതം വേണോ കാശു വേണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആളുകൾക്കുണ്ടെന്നു സാരം )ഇവിടെ നമ്മുടെ ആളുകൾ മനസ്സിലാക്കേണ്ടുന്ന ഒന്നുണ്ട്.പലർക്കും ജീവിതത്തോടുള്ള attitude പലതാണ്.

ചിലർ നിരന്തരം ജോലി ചെയ്തു ,പൈസ ഉണ്ടാക്കുന്നതിൽ സന്തോഷിക്കുന്നു .മറ്റു ചിലർക്ക് career ആണ് വലുത് ,അവർ ജോലിയിൽ ഉന്നമനത്തിനു പ്രാധാന്യം കൊടുക്കുന്നു .ഇതൊന്നുമില്ലാതെ ജീവിതത്തെ light ആയെടുത്തു ,കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം ,മക്കളോടും ഭർത്താവിനോടുമൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ജീവിച്ചു പോണം എന്നാഗ്രഹിക്കുന്നവരും ഉണ്ട്.UK മലയാളികളെ സംബന്ധിച്ചിടത്തോളം work -ഉം family life -ഉം balanced ആയി കൊണ്ട് പോവാൻ അത്ര എളുപ്പമല്ല,കാരണം ഒരു കൈ സഹായത്തിനു ആരും ഇല്ല എന്നത് തന്നെ .

രണ്ടാളും ഫുൾ ടൈം ജോലി ചെയ്യുമ്പോൾ കുടുംബ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നുണ്ട് .ജീവിതം യാന്ത്രികമായി പോവുന്നു എന്നേ പറയാൻ പറ്റൂ. ഇവിടെ ഉള്ള മലയാളി നഴ്‌സുമാരിൽ പലരും പല കാരണങ്ങളാലും ഒരുപാട് overtime ജോലികൾ ചെയ്യുന്നവരാണ് .അതൊന്നും അവരുടെ ദൈനം ദിന ജീവിത ചെലവുകൾക്ക് വേണ്ടി അല്ല, നാട്ടിൽ വലിയ വീടുകൾ പണിത കടം വീട്ടാനോ ,അല്ലെങ്കിൽ UK യിൽ ഒന്നിൽ കൂടുതൽ വീടുകൾ വാങ്ങാനോ ഒക്കെയാണ് .പിന്നെ ചിലർക്ക് നാട്ടിലേക്കു പൈസ അയച്ചു കൊടുക്കേണ്ടവരുണ്ട് .

നാട്ടിലുള്ളവർ ഇവിടെ പണി ചെയ്തു പൈസ കൊടുക്കുന്നതിന്റെ ബുദ്ധിമുട്ടു മനസ്സലാക്കുമോ എന്നൊന്നും എനിക്കറിയില്ല .ഞാൻ പറഞ്ഞു വന്നത് ,UK യിലെ ഒരു സാധാരണ മലയാളി കുടുംബത്തിന് സാമാന്യമായി ജീവിച്ചു പോവാൻ overtime -കളുടെ ആവശ്യമില്ല . (ഒരാൾ part time ജോലി ചെയ്താലും ഇവിടെ അത്യാവശ്യം കാര്യങ്ങളൊക്കെ നടന്നു പോവും ). നഴ്സുമാരുടെ ഭർത്താക്കന്മാർക്ക് ശമ്പളം കുറഞ്ഞ ജോലികളാണെന്നും അതുകൊണ്ടു ഭാര്യമാർ overtime ചെയ്യേണ്ടി വരുന്നു എന്നും കേൾക്കാറുണ്ട് .

ഇവിടെ ഏതു ജോലിക്കും minimum wage കിട്ടും ,ആ സ്ഥിതിക്ക് ഏതു ജോലി ചെയ്താലും ഒരു കുടുംബത്തിന് അത്യാവശ്യം ആഘോഷമായി തന്നെ ജീവിച്ചു പോവാം എന്നാണ് എനിക്ക് പറയാനുള്ളത് .(ജീവിക്കാൻ അറിയണം എന്നുകൂടി ചേർക്കുന്നു ).പലയിടങ്ങളിലും ആണുങ്ങളൊക്കെ ജിമ്മിലും ഫുട്ബോൾ ,ക്രിക്കറ്റ് ഇതര കളികൾക്കും ,കള്ളുകുടി പാർട്ടികൾക്കും ഒക്കെ പോയി അത്യാവശ്യം ജീവിതം enjoy ചെയ്യുന്നവരാണ് .പെണ്ണുങ്ങൾ ദൈവ ഭക്തി ,പള്ളിയിൽ പോക്ക് അസ്സോസിയേഷൻ പരിപാടികൾ ഒക്കെയായി കൂടും (അല്ലാത്തവർ ഒന്ന് ക്ഷമിച്ചേക്കണേ ) .

വൈകുന്നേരങ്ങളിൽ രണ്ടാൾക്കും മുഖത്തോട് മുഖം നോക്കിയിരുന്നു ഒരിത്തിരി ചായ കുടിക്കാനും, ഇടക്കൊക്കെ ഒരു ലഞ്ചിന്‌ വെളിയിൽ പോവാനും പറ്റിയില്ലെങ്കിൽ, കുടുംബ ജീവിതം മടുക്കില്ലേ ?പള്ളിയും അസ്സോസിയേഷനും ഒക്കെയായി പോവുന്നവർ ആ മടുപ്പ് അറിയാതെ പോയേക്കാം.(ഇവിടെ പലരും കുടുംബ മഹിമ ,കാശ് ഒക്കെ നോക്കി വീട്ടുകാർ arrange ചെയ്ത കല്യാണങ്ങൾ കഴിച്ചവരാണ് ,അവർക്കു ഒരുപക്ഷേ ജീവിതത്തിന്റെ concept വേറെ ആയിരിക്കാം ) ഇതിൽ ഉള്ളിന്റെയുള്ളിൽ ഒറ്റപ്പെട്ടു പോവുന്ന ,ജീവിതം മരച്ചു പോയ ഒരുപാട് ആളുകൾ ഉണ്ട് .

നിരന്തരം ജോലി ചെയ്യുന്ന നഴ്സുമാർ അവരുടെ മനസ്സിന് നിരാശ അല്ലാതെ എന്താണ് കൊടുക്കുന്നത് ?യുകെയിലെ മലയാളി നഴ്‌സുമാരിൽ പലരും ICU പോലുള്ള ഇടങ്ങളിൽ ജോലി ചെയ്യുന്നവരാണ് .എത്ര dedicated ആണെങ്കിലും നഴ്സുമാരുടെ ജോലി ആഴ്ചയിൽ മുഴുവൻ ചെയ്താൽ depression ഉണ്ടാവും.മനസ്സിനെയും ശരീരത്തിനെയും സന്തോഷിപ്പിക്കാൻ exercise ,യാത്രകൾ ഒക്കെ ചെയ്യുന്നവർ കുറവാണു എന്നാണ് ഞാൻ കണ്ടിട്ടുള്ളത് (പലർക്കും ജോലി കഴിഞ്ഞു ഈ വക ചിന്തകൾക്കൊന്നും നേരവും ഇല്ല ).പിന്നെ കുടുംബ ജീവിതത്തിൽ രണ്ടാളുകൾ തമ്മിൽ ചേരുന്നില്ലെങ്കിൽ പിരിഞ്ഞു പോവുക തന്നെയാണ് നല്ലത് .

വീട്ടിലുണ്ടാവുന്ന വഴക്കുകൾ അത്ര മോശം കാര്യമാണെന്നും ,തുറന്നു സംസാരിക്കുന്നവർ ചീത്ത ആളുകൾ ആണെന്നും ഉള്ള ധാരണ തെറ്റാണ് . വ്യക്തി സ്വാതന്ത്ര്യം ഉള്ള ഇടങ്ങളിൽ, രണ്ടാളുകൾ ഒരുമിച്ചു ജീവിക്കുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവും . സഹിക്കുന്ന പെണ്ണുങ്ങളും ആണുങ്ങളും ഉണ്ടാവാം .വഴക്കില്ലാത്ത ജീവിതങ്ങൾ സ്വസ്ഥമാണെന്ന അഭിപ്രായം എനിക്കില്ല ,വഴക്കിടാത്തവർ പൂജ്യരും അല്ല .വിശപ്പിനു ഭക്ഷണവും ,കേറിക്കിടാൻ ഇടവും ,പ്രയോജനമുള്ള ചികിത്സകളും മാത്രമാണ് എന്റെ നോട്ടത്തിലെ ചാരിറ്റികൾ .

അല്ലാതെ ജീവിതം കളഞ്ഞു overtime ചെയ്തു ആളുകളെ സഹായിക്കാൻ പോവരുത് .വലിയ വീടുകളും ,വണ്ടികളും ഒക്കെ നാട്ടിൽ ആവശ്യമുള്ളവർ സ്വന്തമായി ഉണ്ടാക്കട്ടെ എന്ന് വയ്ക്കണം .അതിനു വേണ്ടി ചത്ത് കിടന്നു പണി ചെയ്തു പൈസ അയച്ചു കൊടുക്കരുത് .അത് മാതാപിതാക്കളോ സഹോദരങ്ങളോ ആയിക്കോട്ടെ .ജീവിത്തിലേക്കു ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കണം എന്നാണ് ഞാൻ പറയാനുദ്ദേശിച്ചത്. ജോലിയും തിരക്കും ഇല്ലാത്തിടത്തു കൂടി അതുണ്ടാക്കി സ്വയം ബുദ്ധിമുട്ടിലാക്കരുത് . ജീവിതം ഇഷ്ടമുള്ള പോലെ ജീവിച്ചു തീർക്കുക,ആർക്കൊക്കെയോ വേണ്ടി അതിന്റെ വഴി മാറ്റി വിട്ട് സ്വയം തീരരുത് .

By ivayana