വിനീത് രാജ്*

അന്നൊക്കെ
വീട്ടിലിരുന്നാ
മതിയായിരുന്നൂ…
അമ്മയുടെ
സീമന്ത രേഖയിലെ
സിന്ദൂരം മാഞ്ഞതില്‍
പിന്നെ ഞാനിരയും
വീട് വേട്ടക്കാരനുമായീ….
ഓടി ഒളിക്കാന്‍
ഇടമില്ലാതായീ
അപ്പനുണ്ടാ-
യിരുന്നപ്പോള്‍
വീട്ടിലിരുന്നാമതിയായിരുന്നൂ
അപ്പന്‍
കൂടാത്ത
കൂട്ടമില്ല
പക്ഷെ അപ്പനെപ്പോഴാണുണ്ടാവുകയെന്ന്
അമ്മക്കുകൂടി
അറിയില്ല….
ചോദിച്ചാ പറയും
നിന്‍റെ അപ്പന്‍റെ മുറിയിലെ
കാറല്‍ മാക്സിനോ,
ഏംഗല്‍സിനോ,
ലെനിനോ അറിയില്ലാ പിന്നെയല്ലേയെനിക്കെന്ന് പുലമ്പും..
കേട്ടപാതി
ഞാനും കയറും
അപ്പന്‍റെ മുറിയിലെ
പുസ്തകങ്ങള്‍
എഴുതിവെച്ച ലേഖനങ്ങകള്‍
ഒക്കെയെന്നോട്
മിണ്ടുമപ്പോള്‍
അപ്പൻറെ
മുറിയിൽ
സഖാക്കളോട്
അപ്പൻ സഖാവ്
എവിടെ എന്ന് തിരക്കും
അപ്പോൾ അവിടെ
നിന്ന് കേൾക്കാം
നീയും സഖാവിനെ
പോലെ ആകണം
എന്ന് പറയും പോലെ
തോന്നും
പറ്റില്ല പറ്റില്ല
എന്ന് പറഞ്ഞു
ഇറങ്ങി പോരും
വീട് ആയിരുന്നില്ല
വേട്ടയാടുന്ന
തിരിച്ചറിഞ്ഞത്
അപ്പൻറെ
നാടും വീടും ഒന്നായിരുന്നു
എന്ന് അറിഞ്ഞപ്പോഴാണ്
പിന്നെയാണ് അപ്പൻറെ മുറി
എൻറെ മുറിയായതും
ഭഗത് സിങ്ങിനെയും
ചെഗുവേരയും കൂടെ കൂട്ടിയതും
ഇപ്പോൾ
ഇടയ്ക്കിടയ്ക്ക്
അപ്പന്‍റെ മുറിയിലെ
സഖാക്കൾ
എല്ലാവരും കൂടി പറയും
അന്നൊക്കെ വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു
അപ്പോൾ ഇന്നോ എന്ന്
ഇത്കേള്‍ക്കുമ്പോള്‍
ഊറിയൂറി
ഒരുചിരികേള്‍ക്കാം
സഖാവിന്‍റെയെന്‍റെ അപ്പന്‍റെ.

വിനീത് രാജ്

By ivayana