പണിക്കർ രാജേഷ്*
സന്ധ്യ മയങ്ങിയ സമയത്ത് അധികം തിരക്കില്ലാത്ത നാട്ടുകവലയുടെ ഓരം ചേർന്ന് അടുത്തുള്ള ചാരായക്കടയിലേക്ക് വർക്കി മാപ്ല വെച്ചടിച്ചു. തലയിൽ തോർത്ത് മൂടിയാണ് നടപ്പ്. ഊറ്റു ചെല്ലപ്പൻ എന്നറിയപ്പെടുന്ന ചെല്ലപ്പനാണ് കടമുതലാളി. തോടിന്റെ തീരത്തുള്ള ഓലഷെഡിലാണ് കച്ചവടം.
വഴിയിലൂടെ ഭൂമീദേവിക്ക് വേദനിച്ചാലോ എന്നുകരുതിയെന്നോണം പമ്മി നടന്ന മാപ്ല ഷെഡിൽ കയറിയതോടെ കിരീടത്തിലെ ഹൈദ്രോസായി ” ഡാ ചെല്ലപ്പോ ഒരു അരയിങ്ങെടുത്തേ.. ഒരു മുട്ടയും ” “ഇന്നെന്താ മാപ്ളേ പതിവില്ലാതെ”ഊറ്റു ചെല്ലപ്പൻ കുശലം ചോദിച്ചു. “കുറച്ചു വിറക് കീറി, അതിന്റെ ഒരു ദേഹനൊമ്പരം “വർക്കി മാപ്ല അരക്കുപ്പി പൊട്ടിച്ചു വെട്ടുഗ്ലാസിലേക്ക് ഒഴിച്ചുകൊണ്ട് പറഞ്ഞു.
“ആ…. മഴക്കാലമൊക്കെയാ വരുന്നത് വിറകൊക്കെ അടുപ്പിച്ചു വെച്ചാൽ മഴക്കാലത്തു തെയ്യാമ്മ ചേടത്തിക്ക് കണ്ണുനീറാതെ കഞ്ഞി വെയ്ക്കാം”.ചെല്ലപ്പന്റെ ആത്മഗതം അത്രക്കങ്ങു സുഖിച്ചില്ലെങ്കിലും മറുപടി ഒന്നും പറയാതെ വെട്ടുഗ്ലാസ്സിലെ ‘നൊമ്പരം മാറ്റി ‘ ഒറ്റവലിക്ക് അകത്താക്കി, പുഴുങ്ങിയ മുട്ടയോട് യുദ്ധം പ്രഖ്യാപിച്ചു വർക്കി മാപ്ല. തന്റെ കരാളഹസ്തങ്ങളാൽ നിമിഷങ്ങൾ കൊണ്ട് മുട്ടയെ ഞെരിച്ചുടച്ചു കടിച്ചുകുടഞ്ഞു. കൈ മുണ്ടിൽ തുടച്ചു പോക്കറ്റിൽ നിന്ന് നൂറിന്റെ നോട്ടെടുത്തു ഊറ്റിന് കൊടുത്തു ബാക്കി വാങ്ങി.
മുണ്ടഴിച്ചു മുറുക്കിക്കുത്തി തോളിൽ കിടന്ന തോർത്തെടുത്തു കുടഞ്ഞു തലയിൽ കെട്ടി പോക്കറ്റിൽ നിന്ന് ഒരു തെറുപ്പുബീഡി ചുണ്ടിൽ വെച്ച് തീകൊളുത്തി മാപ്ല മടക്കയാത്രയ്ക്ക് തയ്യാറെടുത്തു. തീരാറായ ബീഡിക്കുറ്റി ഒന്നുകൂടി ആഞ്ഞുവലിച്ച ശേഷം കാൽക്കീഴിലിട്ട് നിർദാക്ഷണ്യം ചവിട്ടിത്തേച്ചു. പിന്നെ കാലുകൾ വലിച്ചുവെച്ചു നടന്നു. കണാരന്റെ പലചരക്കു പീടികയുടെ മുന്നിലൂടെ നടന്നു അബ്ദുക്കയുടെ മുറുക്കാൻ കടയിലെത്തി പഴം പുരാണമൊക്കെ പറഞ്ഞു ഒന്ന് മുറുക്കി വെറ്റിലയും പുകയിലയും പാക്കുമൊക്കെ പൊതിഞ്ഞു വാങ്ങി “അബ്‌ദുവേ എന്നാ നാളെക്കാണാം ” എന്നുപറഞ്ഞു വഴിയിലേക്കിറങ്ങി പടിഞ്ഞാട്ടേക്ക് നടന്നു.വീട്ടിലേക്ക് തിരിയുന്ന ഒറ്റയടിപ്പാതയിലേക്ക് തിരിഞ്ഞപ്പോഴാണ് തെയ്യാമ്മ ചേടത്തി പറഞ്ഞു വിട്ട കുടംപുളി മേടിച്ചില്ല എന്നോർത്തത്.
‘മറുതയുടെ വായിലിരിക്കുന്നത് കേൾക്കാതെ രക്ഷപെട്ടു ‘എന്ന് ആത്മഗതവും ചെയ്തു തിരിച്ചു കണാരന്റെ പീടികയിലേക്ക് നടന്നു. “കണാരോ നൂറ് കുടംപുളി ” ഒതുക്കുകല്ലിന്റെ താഴെ നിന്നേ വിളിച്ചു പറഞ്ഞു. പിന്നെ തീപ്പെട്ടി ഉരച്ചു വെട്ടം കണ്ടു പടികയറി കടയിലേക്ക്. “എന്നാ മാപ്ളേ നൂറടിച്ചോ “കണാരൻ ലോഹ്യം ചോദിച്ചു. ” ങ്ങാ…. “”ടോർച്ചെടുക്കാൻ മറന്നു, ഒരു മെഴുകുതിരി കൂടി വേണം പറ്റിലെഴുതിക്കോ”.വർക്കി മാപ്ല മുറുക്കാൻ നീട്ടിത്തുപ്പിക്കൊണ്ട് പറഞ്ഞു.കണാരൻ കൊടുത്ത പുളിയും മുറുക്കാൻ പൊതിയും മടിയിൽ വെച്ച് മെഴുകുതിരി ഷർട്ടിന്റെ പോക്കറ്റിലുമിട്ടു പയ്യെ ഒതുക്കുകല്ലുകൾ ഇറങ്ങി വീട്ടിലേക്കു നടന്നു. “മാപ്ളേ സൂക്ഷിച്ചു പോണേ ഇന്ന് വെള്ളിയാഴ്ചയാണ്”പുറകിൽ നിന്ന് കണാരൻ വിളിച്ചു പറഞ്ഞു.
അത് കേട്ടപ്പോൾ വർക്കി മാപ്ലയുടെ നെഞ്ച് ചെറുതായൊന്നു മിന്നി. അതിനു കാരണവുമുണ്ട് വീട്ടിലേക്കുള്ള ഒറ്റയടിപ്പാത യക്ഷിക്കാവിന്റെ വശത്തുകൂടിയാണ് പോകുന്നത്. വിശ്വാസിയായ മാപ്ലക്ക് കൊന്ത കയ്യിലുള്ളതുകാരണം ലൂസിഫർ, ബേൽസെബൂൽ പോലുള്ള ക്രിസ്ത്യാനി ചെകുത്താന്മാരെ നേരിടാനുള്ള ആത്മവിശ്വാസം ഉണ്ടെങ്കിലും യക്ഷിയെ ഒതുക്കാൻ ഈ പ്ലാസ്റ്റിക് കൊന്ത മതിയാകുമോ എന്നൊരു തോന്നലും ഉണ്ട്. അതിനൊരു കാരണവുമുണ്ട് യക്ഷിയുടെ കഴുത്തിലെ തലയോട്ടി കൊണ്ടുള്ള കൊന്ത ( പാവം വർക്കി മാപ്ല യക്ഷിയെ മുൻപ് കണ്ടിട്ടില്ലാത്തതുകൊണ്ടും ഭദ്രകാളിയുടെ ഫോട്ടോ കണ്ട് യക്ഷിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടും സംഭവിച്ചു പോയതാണ് ).
എന്തായാലും വീട്ടിൽ പോകാതിരിക്കാൻ പറ്റുമോ? പോയേതീരു. മാപ്ല മെഴുകുതിരി കത്തിച്ചു. ഒരു കയ്യിൽ മെഴുകുതിരിയും മറുകൈ കൊന്തയോടുകൂടി നെഞ്ചിലും വെച്ച് ബൈബിൾ വാക്യങ്ങളൊക്കെ ചൊല്ലിക്കൊണ്ട് സധൈര്യം മുന്നോട്ട് നടന്നു. പ്രാത്ഥന ഇടക്ക് കർത്താവെ എന്നുമാത്രം ഉച്ചത്തിലാണ്. അങ്ങനെ കുറച്ചു നടന്ന് യക്ഷിക്കാവിനടുത്തെത്തി. പെട്ടന്ന് വലിയ ഒരു ശബ്ദം കേട്ടു. ഞെട്ടിത്തെറിച്ച മാപ്ലയുടെ കയ്യിൽ നിന്നും മെഴുകുതിരി താഴേക്കു വീണു കെട്ടുപോയി. കൊന്തയിൽ മുറുകെപ്പിടിച്ചു കിളി പോയി നിന്ന മാപ്ല കേട്ടത് കര്ണകഠോര ശബ്ദത്തിലുള്ള വിപ്ലവ ഗാനമാണ്.
പറന്നുപോയ കിളികളെ ഓടിച്ചിട്ട് പിടിച്ചുകൊണ്ട് മാപ്ല ചിന്തിച്ചു. ഇനി യക്ഷിക്ക് കൂട്ട് മുൻപറഞ്ഞ ചെകുത്താന്മാരാണോ? അവരായിരിക്കുമോ പാട്ട് പാടുന്നത്? ഈ ചിന്തകൾക്കിടയിലാണ് പാട്ടിന്റെ അകമ്പടിയായി “ചെല്ലമ്മോ ” എന്ന വിളി കേൾക്കുന്നത്. വർക്കി മാപ്ല ലോഡെടുത്തു നിൽക്കുന്ന ട്രാൻസ്ഫോർമറിന്റെ മുരളിച്ച പോലെ ഒരു ദീർഘനിശ്വാസം അങ്ങോട്ട് വിട്ടു. പിന്നെ തീപ്പെട്ടി കത്തിച്ചു കുനിഞ്ഞിരുന്ന് മെഴുകുതിരി തപ്പിയെടുത്തു കത്തിച്ചു.
എന്നിട്ട് പാട്ട് കേട്ട കമ്യുണിസ്റ്റ് കാട്ടിലേക്ക് നോക്കി നീട്ടി വിളിച്ചു. “ഡാ വേലുവേ… ഡാ പാമ്പേ നീ എവിടെയാ ” വർക്കി മാപ്ലയുടെ അയൽവാസിയാണ് പാമ്പ് വേലു എന്ന വേലായുധൻ. എന്നത്തേയും പോലെ ചെല്ലപ്പന്റെ ഊറ്റു കേറ്റി റിലെ പോയതാണ്. വഴി തീർന്നു എന്നുകരുതി സഹധർമിണിയായ ചെല്ലമ്മയെ വിളിച്ച വിളിയാണ് പാവം മാപ്ലക്ക് ജീവൻ തിരിയെ കൊടുത്തത് .എന്തായാലും നല്ലവനായ അയൽക്കാരനായി വർക്കി മാപ്ല പാമ്പിനെ തോണ്ടിയെടുത്തു വീട്ടിലെത്തിച്ചു ചെല്ലമ്മയുടെ തോളിലിട്ടുകൊടുത്തു പാവം ചെകുത്താന്മാരെയും യക്ഷിയേയും കുറച്ചു നേരത്തേക്ക് എങ്കിലും സംശയിച്ചതിന് നിർവ്യാജ്യം ക്ഷമയും പറഞ്ഞു കൊന്തയും ചൊല്ലി വീട്ടിലേക്ക് നടന്നു.