കവിത : ടി.എം. നവാസ് വളഞ്ചേരി *

ഒരു കൊച്ചു പേപ്പറിൽ കോറി വരച്ചിടാൻ
ഏറെ ശ്രമിച്ചു ഞാനാ മഹാനെ
ചിന്തക്ക് തീ പിടിച്ചിട്ടും കഴിഞ്ഞില്ല
ചന്തമാലെഴുതിടാനാ
മഹാനെ .
ഒട്ടേറെ വാക്കത് കടമായെടുത്തിട്ടും
വർണ്ണിക്കാൻ വാക്കു തികഞ്ഞതില്ല
കടലോളം സ്നേഹമായി നിൽക്കുമാ പുണ്യത്തെ
അറിയാനതേറെ പേർ വൈകി പോലും .
അന്തിക്ക് ഉമ്മറത്തെ
ത്തുമാ രൂപത്തെ
കാത്തിരുന്നെന്നും പരിഭവത്താൽ
ദീനങ്ങളൊന്നായതിഥിയായെത്തുമ്പോൾ
ഓടുന്നു മുന്നിലായ് ധൃതിയതാലെ .
സ്വന്തം പനിച്ചൂടും മാരിയും നോവതും
എന്നും പടിക്ക് പുറത്ത് നിർത്തും.
ഭാരവും പേറി മുതുകൊടിഞ്ഞെന്നാലും
ഭീരുവാകാതെയാ രഥമുരുട്ടും
കെട്ടിപ്പിടിച്ചിടാൻ മുത്തം കൊടുത്തിടാൻ
ഏറെ കൊതിച്ചിടും പുണ്യമാണെ
ചേർത്തുപിടിക്കുക ചേർന്നൊന്നു നിൽക്കുക
ചാരമാകും മുമ്പെ ചാരത്തിരിക്കുക.
പുണ്യത്തെ പുൽകുക ഇറുകെ പുണരുക
പ്രാണന്റെ പ്രാണനാം അച്ഛനെ അറിയുക.

ടി.എം. നവാസ്

By ivayana