കവിത : ഷാജു. കെ. കടമേരി*

ബസ്സിറങ്ങി
കോളേജിലേക്കുള്ള
നടത്തത്തിനിടെ
മോനേയെന്നൊരു വിളി
പിന്നിലൂടെ ഓടിക്കിതച്ചെത്തി.
ഫുട്പാത്തിൽ അങ്ങിങ്ങായ്
ചിതറിവീണ മഴത്തുള്ളികളിൽ
മേഘക്കാറ് കീറിമുറിച്ച്
വെയിൽനാളങ്ങൾ
ചിത്രം വരയ്ക്കാൻ
തുടങ്ങിയിരുന്നു.
മാസ്ക്ക് ധരിച്ച മുഖത്തെ
തിളങ്ങുന്ന കണ്ണുകൾ
എന്റെയടുത്തേക്ക്
നടന്നടുത്തു.
വറുതിയുടെ ചുണ്ടിൽ
കവിത പൂത്തിറങ്ങുന്ന
വെയിൽഞരമ്പുകളിൽ
കണ്ണീരടർന്ന പഠനകാലത്തിന്റെ
കനൽവഴികളിൽ കൈകാലിട്ടടിച്ച
നിഴൽചിത്രങ്ങളിലേക്കിറങ്ങി
കൈപിടിച്ചുയർത്തി
ആകാശത്തോളം സ്നേഹം
അളന്നുതന്ന എന്റെ ടീച്ചറമ്മ.
വിശേഷങ്ങൾക്ക് ചിറക് മുളച്ചു
ഞങ്ങൾക്കിടയിൽ വാക്കുകൾ
കെട്ടിപ്പിടിച്ച് സന്തോഷക്കണ്ണീർ
വാർത്തു.
“പഠിപ്പിക്ക്യാണ് “ന്നെന്റെ
മറുപടിയിൽ ടീച്ചറുടെ കണ്ണുകളിൽ
ആയിരം സൂര്യനാമ്പുകൾ
ഓളം വെട്ടി.
തുന്നിചേർത്ത
ദുരിതജീവിതത്തിന്റെ
തീമരക്കാടുകളിൽ
. ഒറ്റയ്ക്ക് പിടഞ്ഞുകത്തിയ
നോവുകൾക്കിടയിൽ
സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച്
പുതുമഴയായ് പുണർന്നവർ.
അങ്ങനെയുമൊരു
കാലമുണ്ടായിരുന്നുവെന്ന്
പിന്നിലേക്ക് ചിറകടിച്ചുയർന്നു.
കരിപുരണ്ട പഠനപ്രതീക്ഷകളിൽ
വിലകൂടിയ പുസ്തകങ്ങൾ
വാങ്ങാനാവാതെ
ഫീസടക്കാൻ കാശില്ലാതെ
കോളേജിന് പുറത്തേക്കുള്ള
വാതിലിൽ വഴിമുട്ടി നിന്ന
നിമിഷങ്ങളിൽ
സഹായഹസ്തമായ്
പ്രതീക്ഷകളിലേക്ക്
വസന്തം കൊത്തിവച്ച്
പൂക്കാലത്തെ ഇറക്കിവച്ച ടീച്ചർ.
സ്നേഹത്തിന്റെ കടലാഴങ്ങളിൽ
നീന്തിതുടിച്ച് മുത്തുകൾ
വാരിയെടുത്ത്
അനുഗ്രഹവർഷ സംഗീതമായ്
പടർന്ന്.
അനുഭവത്തിന്റെ തീക്കടൽ
കടഞ്ഞെടുത്ത് ചിതറിയ
ഭൂതകാലത്തിന്റെ ഇടനെഞ്ചിൽ
നോവുകൾ കൂട്ടിക്കുഴഞ്ഞ്
എത്ര വരച്ചാലും മതിവരാത്ത
ചിത്രങ്ങളിൽ വീണ്ടും കവിത
വസന്തം വരയ്ക്കുന്നു.
വീട്ടിലേക്ക് ക്ഷണിച്ച്
യാത്ര പറഞ്ഞ് ടീച്ചർ
ബസ്സിനടുത്തേക്ക്
നടക്കുമ്പോൾ എന്റെ കണ്ണുകൾ
നനഞ്ഞു.
തൊട്ട് തലോടുന്നൊരു
ഓർമ്മകുളിർക്കാറ്റ്
എന്റെ മുടിയിഴകളിൽ വീണ്ടും
താളം പിടിച്ചുകൊണ്ടിരുന്നു..

By ivayana