ഓലത്തുഞ്ചാണിത്തുമ്പത്തു തൂങ്ങുന്ന
തൂവെള്ളത്തുള്ളി നീ കണ്ടുവോടീ
ആണച്ചാ ദേണ്ടെയിറയത്തു നോക്കീടു
ഓലയിൽത്തൂങ്ങുന്ന തുള്ളികളെ

നോക്കൂ മരക്കൊമ്പിൽ കാക്കകരയുന്നു
കുട്ടിലായ് കുഞ്ഞുങ്ങൾ മഴ നനയേ
കൂരയ്ക്കു നോക്കെൻ്റെയാണച്ചാ നമ്മുടെ
പുള്ളങ്ങൾക്കുണ്ടോ പുതപ്പും പായും?

അമ്മച്ചിക്കാക്കേടെ ചുണ്ടത്തതെന്താടീ
പുള്ളങ്ങൾക്കായുള്ള തീറ്റയാണോ
കള്ളും കുടിച്ചെൻ്റെ മെക്കിട്ടു കേറുമ്പോ-
പ്പുള്ളങ്ങൾക്കെന്തുണ്ടെന്നോർക്കാറുണ്ടോ?

കന്നി മാസത്തിൽ പറയാത്തതെന്തു നീ –
യിപ്പുരമേയുന്ന കാര്യം പെണ്ണേ?
തണ്ണിയൊഴിയാതെന്നാണെച്ചനെത്തുമോ –
യെന്നിട്ടുവേണ്ടേയേൻ ചൊല്ലിത്തരാൻ?

കുംഭപ്പരണിക്കു നട്ട നടുതല വെട്ടിക്കിള-
ച്ചിടാമെൻ്റെ നാണീ
പച്ചരി വാങ്ങിത്തരാത്തതാൽ ഞാനവ-
യെന്നേ പിഴുതു പുഴുങ്ങിയെല്ലോ?

ഒക്കെയും പോട്ടെടി ശീതക്കാറ്റായെടീ
നീയിറ്റുകൂടെയടുത്തുകിട
കാര്യം ഞാനെത്തിടാം തോരാമഴയത്തു
തൊന്തരം കാട്ടല്ലേയാണച്ചനേ

ചെറ്റപ്പുരയ്ക്കുള്ളിൽ കെട്ടിപ്പിടിച്ചവർ
ജീവതാളങ്ങളാൽ രാ കഴിക്കേ
പട്ടിണിയെങ്കിലും കൊച്ചു കുടിലിലായ്
ഇഷ്ടപ്പിണക്കങ്ങൾ വാണിരുന്നൂ!

അവരെപ്പോരാരുള്ളൂ ജീവിച്ചു തീർന്നവ-
രവരേപ്പോരാരുള്ളൂ സംതൃപ്തരായ്
പണമില്ലായെങ്കിലും പണയം കൊടുക്കാത്ത
ഹൃദയങ്ങൾ വാണവരുണ്ടോ വേറേ?

എൻ.കെ.അജിത്ത് ആനാരി 

By ivayana