രാജ് രാജ്*
മനസിനെ മഥിക്കുന്ന
കാഴ്ചകളെയും
ഉള്ളുപൊള്ളിക്കുന്ന
അനുഭവങ്ങളെയും
വായിച്ചറിയുന്ന
സത്യങ്ങളെയും
ഓർമ്മളിൽ വിടരുകയും കൊഴിയുകയും
ചെയ്യുന്ന
ചിന്തകളെയും…
മനസ്സിന്റെ ഉലയിൽ
ഉരുക്കിയുരുക്കി
ചിന്തകൾ കൊണ്ട്
പതംവരുത്തി
അക്ഷരചിമിഴുകളിൽ ചേരും പടിചേർത്ത് വച്ചു
ജ്വലിക്കുന്ന വാക്കുകളാക്കി
പരിവർത്തിപ്പിച്ചു
ഭാവനയുടെ കടുത്ത
ചായക്കൂട്ടുകളില്ലാതെ
പ്രമേയത്തിന്റെ
പരിമിതികൾക്കുള്ളിൽ ഒതുക്കിനിർത്തി
ആശയത്തിൽ നിന്നും വ്യതിചലിക്കാതെ
അനുവാചകന്റെ
ഹൃദയങ്ങളിലേക്ക്
അനുഭൂതിയായും
നൊമ്പരമായും
തീവ്ര വികാര വിക്ഷോഭങ്ങളിലേക്ക്
നയിക്കുന്നഭാഷയുടെ ശക്തമായ പരികല്പനകൾ കൊണ്ട് ചന്തവും
ചമത്ക്കാരവും
അനുയോജ്യമായ
ഉപമകളും ഉൽപ്രേക്ഷകളും ചേർത്ത് അന്യൂനമായ ഭാഷയുടെ ചട്ടക്കൂടിൽ ഒതുക്കി
നിർത്തി
രൂപവും ഭാവവും നൽകി….
അനുയോജ്യമായ
തലവാചകങ്ങൾ നൽകി
തൂലികത്തുമ്പിൽ
പടരുന്ന അക്ഷരങ്ങളിലൂടെ
പകർത്തി വയ്ക്കുന്നു തൂലിക…
അവ നാളകളിലേക്കുള്ള
ചരിത്രമായേക്കാം..
കാലത്തെ
അതിജീവിക്കുന്ന
കാവ്യങ്ങളായേക്കാം
കാലത്തിനു മുൻപേ
നടക്കുന്ന
കഥകളായേക്കാം
നാളെ മനുഷ്യനെ
നയിക്കുന്ന ശാസ്ത്രമായേക്കാം
കാലഘട്ടങ്ങകളുടെ
അടയാളപ്പെടുത്തലുകളായി…
അവ എഴുതിവച്ച
എഴുത്തുകാരന്റെ
ജീവിതചക്രവും കടന്ന്…
പുസ്തകങ്ങളായി
നമ്മുടെ വീട്ടകങ്ങളിലെ ഷെൽഫുകളിലും
ഗ്രന്ഥശാലകളുടെ
ചില്ലിട്ട അലമാരകൾക്ക്
ഉള്ളിലിരുന്ന്
വായനക്കാരനെ നോക്കി പുഞ്ചിരിക്കും..
വരു പ്രിയപ്പെട്ട
വായനക്കാരാ എന്റെ
ഓരോ താളുകളും
നിനക്കുവേണ്ടി
രചിക്കപ്പെട്ടതാണെന്നു അവനെ മാടിവിളിക്കും…..
തൂലിക ചലിക്കുമ്പോൾ
ചരിത്രം വഴിമാറുന്നു
പുതിയ ചരിത്രങ്ങൾ
രചിക്കപ്പെടുന്നു…
കാലവും പ്രകൃതിയും
മാറുമ്പോഴും മൂല്യം
നഷ്ടപ്പെടാത്ത ഒന്നാണ് തൂലികയിൽ പിറക്കുന്ന അക്ഷരങ്ങൾ…..
നാളെയുടെ വിത്തും
വിളയുമാണ്
ഇന്നത്തെ തൂലികയിൽ അക്ഷരങ്ങളായി
പിറവികൊള്ളുന്നവ യിൽ ചിലതെങ്കിലും.
മരണമില്ലാത്ത
ആത്മചേതനയാണ്
അക്ഷരചിമിഴുകളിൽ നിറച്ചു വച്ചിരിക്കുന്നത്
മഹാന്മാരായ എഴുത്തുകാർ……