ഉണ്ണി കെ ടി . ✍️
പരസ്പരം കണ്ണുകള്‍
കൊരുക്കാതിരിക്കാന്‍ പാടുപെടുന്ന
നോട്ടങ്ങളും, മിഴിവാതിലിലൂടെ
രക്ഷപ്പെട്ട് വിളംബരസാധ്യത-
കളാരായുന്ന നേരും…!
എന്നെ അറിയുമോ എന്നാരായുന്ന
നിഴലിന്‍റെ മുഖത്തുപോലും
അറപ്പുളവാക്കുന്ന ഔപചാരീകത !
നഷ്ടപ്പെട്ട കാലത്തിന്‍റെ
ഒടുങ്ങാത്ത ഓര്‍മ്മകള്‍
നെടുവീര്‍പ്പായി ശൂന്യതയില്‍
സ്വത്വബോധങ്ങളെ താലോലിക്കുന്നു…!
എന്നിലേക്ക് നീ നടന്നവഴികള്‍
നഷ്ടസ്മൃതികള്‍ക്കൊപ്പം മാഞ്ഞു
പോയിരിക്കുന്നു….!
ഞാനോ…..?
നിന്നില്‍നിന്നും മടങ്ങാനുള്ള
വഴികള്‍മറന്ന്‍ ഒരുയാത്രയുടെ
പരിസമാപ്തി നഷ്ടപ്പെട്ടവനായി…!
ഇടത്താവളങ്ങളില്‍ ചില കിളിപ്പാട്ടു-
കളിലെ വ്യംഗ്യം നോവിക്കുമ്പോള്‍
ഒരു പ്രണയകാലത്തിന്‍റെ ശിഷ്ട
സൌരഭ സ്മൃതികളില്‍ ഞാനെന്നെ
ഉപേക്ഷിക്കുന്നു…!
നിനക്ക് നേര്‍ന്ന യാത്രാമംഗളം
ഒരു വിലാപകാവ്യമായി
തലമുറകള്‍ പാടിനടക്കുന്നുണ്ട്…!
വെയില്‍ ചാഞ്ഞു-
തുടങ്ങിയിരിക്കുന്നു….!
നരച്ച സന്ധ്യകളുടെ വിഷാദ-
ഭാവം ഒരു വിലാപകാവ്യ-
ത്തിനു ശ്രുതിചേര്‍ക്കും പോലെ…,
വഴിയറ്റത്തെ നിഴലാട്ടങ്ങളും
കാല്‍പ്പെരുമാറ്റങ്ങളും ഏതോ
തുടര്‍ച്ചയുടെ ബാക്കിതന്നെ…!
നിന്‍റെ മൂന്നാംതലമുറയോട്
എന്നെകുറിച്ച് പറയണം ….!
നിന്‍റെ കണ്ണുകളില്‍നിന്നും
അവര്‍ ഒരു പ്രണയകാവ്യത്തിന്‍റെ
ഈരടികള്‍ സങ്കീര്‍ത്തനം ചെയ്യട്ടെ …!
വഴിതെറ്റിയ യാത്രകളില്‍
ഒറ്റപ്പെട്ടുപോയ കാനനപാതകളില്‍
ഒരുപിന്‍വിളിയുടെ സങ്കടസ്വര-
മുണ്ട്, കാതോര്‍ക്കണം…!
അന്ന് ഞാന്‍ പറയാതെപോയതും
ഇനിയൊരിക്കലും നീ കേള്‍ക്കാന്‍
സാദ്ധ്യതയില്ലാത്തതുമായ നഷ്ടസ്വരത്തെ ഉള്‍മനസ്സിലൊരിക്കല്‍ക്കൂടി
ഞാനുരുവിട്ടുറപ്പിക്കട്ടെ…!
അപരിചിതരല്ല നാം….!