സുബി വാസു*

ഓരോ വാർത്തകളും മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ടാണ് പത്രത്താളുകളിൽ നിറയുന്നത്. സ്ത്രീകൾ എത്രയൊക്കെ പുരോഗമനവും പെൺ വാദങ്ങൾ നടന്നാലും പെണ്ണ് എന്നും പെണ്ണാണ് ഓരോ സംഭവങ്ങളും അതാണ് വിളിച്ചുപറയുന്നത്. അവൾ കരയാൻ വിധിക്കപ്പെട്ടവർ അല്ലെങ്കിൽ അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ് എന്ന തോന്നലിലാണ് സമൂഹം.

പെണ്ണിനെ പീഡിപ്പിക്കാൻ കൂട്ടു നിൽക്കുന്നതും അവളെ പോലെ മറ്റൊരു പെണ്ണാണ് എന്നുള്ളത് മറ്റൊരു സത്യം. അച്ഛനും അമ്മയും സഹോദരങ്ങളും അതായിരിക്കും പല പെൺകുട്ടികളുടെയും ലോകം. ചിലർ അതിൽ നിന്ന് വ്യതിചലിച്ച് പ്രണയത്തിൻറെ പിന്നാലെ പോകുന്നു അതിൽ ചിലർ വിജയിച്ചിരിക്കുന്നു ചിലർ പരാജയപ്പെട്ടു പോകുന്നു. ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ 80% പെൺകുട്ടികളുടെയും കല്യാണം തീരുമാനിക്കുന്നത് വീട്ടുകാർ ആണ് ഒരു ചെറുക്കൻ ആലോചിച്ചു വരുമ്പോൾ അവന്റെ സ്വഭാവം സാമ്പത്തികം കുടുംബമഹിമ ഇത്രയും നോക്കിയാണ് ഉറപ്പിക്കുന്നത്.

ചെക്കന്മാരും പെണ്ണ്, അവളുടെ സാമ്പത്തികം, സൗന്ദര്യം അതെല്ലാം നോക്കും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഉറപ്പിച്ച ശേഷമാണ് കല്യാണത്തിലേക്ക് കടക്കുന്നത്. പലരും പെണ്ണ് ചോദിച്ചു വരുമ്പോൾ തന്നെ അവരുടെ ചുറ്റുപാടും കാര്യങ്ങളും ഒന്നു നോക്കും തനിക്ക് ഭാവിയിൽ എന്തെങ്കിലും കിട്ടാൻ ഉണ്ടോ? അല്ലെങ്കിൽ കല്യാണം കഴിക്കുമ്പോൾ എന്ത് കിട്ടും? ആ ഒരു കാഴ്ചയിലാണ് ബാക്കി കിടക്കുന്നത്. പലരുംസ്ത്രീ ധനം ചോദിച്ചു വാങ്ങുന്നു ചിലർ ചോദിക്കാൻ മടിച്ചു സ്വർണ്ണം നന്നായി കിട്ടുമെന്ന് ഉറപ്പുള്ള കുടുംബത്തിലെ പെണ്ണ് ചോദിക്കൂ.

അല്ലെങ്കിൽ അവർ പറയുന്ന ഒരു പല്ലവി ഉണ്ട് തൻറെ മകൾക്ക് എത്ര കൊടുത്തു അത് കൊടുത്തു ഇതു കൊടുത്തു.അതുപോലെ പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും അവർ എക്സ്പെറ്റ് ചെയ്യുന്നു എന്നാണ് അർഥം. നമ്മുടെ നാട്ടിലെ മുസ്‌ലിം സമൂഹത്തിൽ മഹർ ആയിസ്വർണ്ണം ഇടും. അവർ രണ്ടു പവൻ മഹറിട്ടാൽ 20പവൻ കൊടുക്കണം എന്ന് അർഥം. എന്നാൽ ചിലരൊക്കെ ഇതിനു വിപരീതമായി തൻറെ പെണ്ണിന് വേണ്ട പൊന്നും പണവും കൊടുത്തു കൊണ്ടുപോകുന്നുണ്ട്. ഏതിനും ഉണ്ടല്ലോ നല്ലതും ചീത്തയുമായ ആളുകൾ.

കഴിയുന്നതും പെണ്ണ് ചോദിച്ചു വരുമ്പോൾ സ്ത്രീധനത്തിനും സാമ്പത്തികത്തിനും പ്രാധാന്യം കൊടുക്കാത്ത ഒരാളെ വേണം പെൺകുട്ടികൾ തിരഞ്ഞെടുക്കാൻ അവരുടെ മാതാപിതാക്കളും അതിനു ശ്രദ്ധിക്കണം.നിങ്ങളുടെ മകൾക്കു എപ്പോവേണെമെങ്കിലും കൊടുക്കാം. അതു കല്യാണം കഴിഞ്ഞു വീട്ടുകാരെയും പയ്യന്റെ സ്വഭാവമെല്ലാം നന്നായി മനസിലാക്കിയ ശേഷം.

പല പെൺകുട്ടികളും ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും സങ്കല്പങ്ങളും ഒക്കെ കൊണ്ടാണ് വിവാഹജീവിതത്തിലേക്ക്കാലെടുത്തു വയ്ക്കുന്നത്. ചിലപ്പോൾ അവരുടെ സങ്കല്പങ്ങൾക്ക് അനുസരിച്ചുള്ള ഒരു ഭർത്താവിനെ കൊടുക്കാൻ കഴിയുന്ന രക്ഷകർത്താക്കൾ ഉണ്ടായിരിക്കും. ചിലപ്പോൾ അവരുടെ സങ്കൽപ്പത്തിനൊത്തു ഉയരാൻ കഴിയാത്ത മാതാപിതാക്കളും ഉണ്ടായിരിക്കും. ഇന്നത്തെ കാലത്ത് ഫോണും സോഷ്യൽമീഡിയയും ഉള്ളതുകൊണ്ട് തന്നെ ശരിക്കും പരിചയപ്പെട്ട ശേഷമാണ് കല്യാണ മണ്ഡപത്തിലേക്ക് കയറുന്നത്.

ഈ സംസാരങ്ങൾക്കിടയിൽ ഭാവിയെ കുറിച്ചു അധികം ആരും ചർച്ചകൾ ചെയ്യില്ല. സ്വപ്നങ്ങളുടെയും സങ്കല്പങ്ങളുടെയും ലോകത്താണ് അപ്പോൾ അവർ. അതുകൊണ്ട് ജീവിതത്തെ അറിയണമെന്നില്ല. കല്യാണ മണ്ഡപത്തിലേക്ക് കഴുത്ത് നിറയെ ആഭരണവും ആയി കയറി വരുന്ന പെണ്ണ് വീട്ടുകാർക്കും, നാട്ടുകാർക്കും, കാഴ്ചക്കാർക്കും അഭിമാനമാണ് അവർ പറയും കണ്ടില്ലേ എന്തോരം സ്വർണമാണ് നല്ല സാമ്പത്തികമുള്ള വീട്ടുകാരെ ആണ് കിട്ടിയത്. പൊങ്ങച്ചമായിട്ടാണ് പലരും അതു കാണുന്നത്. പക്ഷേ അതിനു വിപരീതമായി കാണുമ്പോൾ അവിടെ തുടങ്ങുന്നു പ്രശ്നങ്ങൾ.

പെണ്ണിന് കാര്യമായി ഒന്നുമില്ലല്ലോ? അത് കാഴ്ചക്കാരിൽ ഒരാളുടെ ചോദ്യം പിന്നീട് അത് ഏറ്റെടുക്കാൻ അമ്മായിഅമ്മമാരും നാത്തൂൻമാരും ബന്ധുക്കളും എല്ലാരും ഉണ്ടാവും. അതിനോടനുബന്ധിച്ച തന്നെ ഒന്ന് ഒരു വീട്ടിൽ രണ്ടു സഹോദരൻ മാർ ഉണ്ടെങ്കിൽ അവിടെ ഒരാൾ വിവാഹം കഴിച്ചിട്ട് കൊണ്ടുവരുന്നവൾ കൂടുതൽ കനത്തിൽ കൊണ്ടു വന്നാൽ പിന്നെ കുറച്ച് സ്വർണമായി കയറി വന്ന ആ പെൺകുട്ടിയുടെ ജീവിതം അവിടെ തീർന്നു എന്ന് പറഞ്ഞാൽ മതി.പല പ്രശ്നങ്ങളുംഅവിടെ തുടങ്ങും.

സ്വർണ്ണത്തിന്റെ തുലാസിൽ മരുമക്കളെ തൂക്കി അവരോട് വത്യാസം കാണിക്കുന്ന എത്രയോ ആളുകൾ കാഴ്ചക്കാരായും മൂർച്ച കൂട്ടാനും ആളുകൾ ഉണ്ടാകും. ആദ്യമാദ്യം കൂടെ നിന്ന ഭർത്താവ് പതിയെ മാറുന്നതും കാണാം. അവർ തമ്മിലുള്ള പ്രശ്നങ്ങൾ ഇതിനിടയ്ക്ക് വലിച്ചിഴച്ചു കൊണ്ടുവരും. ഒടുവിൽ ചേർത്തു നിർത്തേണ്ട കൈകൾ തന്നെ തിരിച്ചടിച്ചു തുടങ്ങും. അതോടെ ആ പെൺകുട്ടിയുടെ ജീവിതം നരകതുല്യമായി ഇതിങ്ങനെ ആവർത്തനം ആവും. അവിടെ നമ്മൾ ചിന്തിച്ചു തുടങ്ങണം. തൻറെ മകളെ ചോദിച്ചു വരുന്നവനെ പെണ്ണ് കൊടുക്കുക. ആർഭാടം കാട്ടാൻ സ്വർണവും പണവും ഒന്നും അധികം കൊടുക്കാതെ കല്യാണം നടത്തുക.

ഓരോ പെൺകുട്ടിയും ചിന്തിക്കുക തനിക്ക് വിദ്യാഭ്യാസമുണ്ട് കഴിവുണ്ട് അച്ഛൻറെ വിയർപ്പ് അതുകൊണ്ടല്ല ഭർത്താവിനെ സന്തോഷിപ്പിക്കേണ്ടത്. തന്നെ നോക്കാൻ കെൽപ്പുള്ളവൻ ആവണം ഭർത്താവ്. അല്ലാതെ ഭാര്യയുടെ പാണാവോ സ്വർണ്ണമോ കണ്ടു ജീവിക്കുന്നവൻ ആകരുത്. പലർക്കും സ്വന്തം വീട്ടിൽ നിന്നും കിട്ടിയ സ്വർണ്ണമാവും അതു കുറയുക എന്നല്ലാതെ അതിലേക്കു ഒരു തരി ചേർക്കുന്നവർ കുറവാണ്. ഒരു സാമ്പത്തിക ബുദ്ധിമുട്ട് വന്നാൽ ഭാര്യയുടെ കഴുത്തിലേക്കും കൈകളിലേക്കുമാവും നോട്ടം. എടുത്തോട്ടെ കാരണം ചിലപ്പോൾ നമ്മളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാവും. അതിനൊന്നും ആരും ഒരു പരാതിയും പറയില്ല.

പക്ഷേ സ്വർണ്ണം പണം അതുമാത്രം ലക്ഷ്യം വെക്കുമ്പോൾ ആണ് സൂക്ഷിക്കേണ്ടത്. പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുക വിദ്യാഭ്യാസം മാത്രമല്ല അവരെ കരുത്തു പകർന്ന് ഉൾക്കൊള്ളേണ്ടതിനെ ഉൾക്കൊള്ളാനും വേണ്ടാത്തതിനെ തള്ളാനും ചെറുപ്രായത്തിലെ പഠിപ്പിച്ചു കൊണ്ടു വരണം. നിസ്സാരകാര്യങ്ങൾക്ക് കരയുന്ന പെണ്ണല്ല കണ്ണീരിനെ അഗ്നിയാക്കുന്നവളാണ് സ്ത്രീകൾ പ്രശ്നങ്ങൾ വരുമ്പോൾ അതിനെ പകച്ചു നോക്കാതെ ഓരോ വശങ്ങളും ചിന്തിച്ചുകൊണ്ട് അതിനെ എങ്ങനെ പരിഹരിക്കണമെന്നാണ് അറിയേണ്ടത്. സ്വന്തം വീട്ടുകാരുടെ സപ്പോർട്ട് എന്നും അവൾ കൊണ്ടാവണം.

ന്യായം അല്ലാത്ത എന്തിനു പ്രതികരിക്കാൻ തയ്യാറാവണം. ഭർത്താവുമായുള്ള അസ്വാരസ്യങ്ങൾ അതിൻറെ ഭാവം എല്ലാം അറിഞ്ഞ് പ്രവർത്തിക്കാൻ അവർക്ക് കഴിയണം. ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ ഇറങ്ങണം. അല്ലാതെ ഒരു മുഴം കയറിലോ, സാരിയിലൊ, ഒറിറ്റ്‌ വിഷത്തിലോ അവസാനിപ്പിക്കാൻ ഉള്ളതല്ല പെണ്ണുങ്ങളുടെ ജീവിതം. സ്ത്രീ ശാസ്ത്രീകരണം വെറും പ്രഹസനം ആകരുത് ഉള്ളിൽനിന്നും കരുത്ത് പകർന്നു കൊണ്ടു ചിന്തിച്ചു പ്രവർത്തിക്കാൻ ഓരോ പെണ്ണിനും കഴിയണം. സ്ത്രീ ശക്തി സ്വരൂപിണി ആണ്.

അമ്മയായും, ഭാര്യയായും, കാമുകിയായും, മകളായും നിമിഷങ്ങൾ കൊണ്ട് വേഷപകർച്ച നടത്താൻ കഴിയുന്നവൾ. സ്നേഹവും, ദേഷ്യവും, കരുണയും, ക്ഷമയും ഉള്ളവർ. സ്ത്രീയാണ് ധനം…. ഇത്രയും എഴുതിയത് ഒരുപാട് പേരുടെ അനുഭവത്തിൽ നിന്നാണ്…

By ivayana