ശ്രീലകം വിജയവർമ്മ=*

അറിയില്ലയാർക്കുമിന്നറിവായിപ്പറയുവാൻ,
ദുരവസ്ഥയെന്നങ്ങൊഴിഞ്ഞുപോകും ?!
നിറയുന്നു ദുഃഖമിന്നെല്ലാത്തലങ്ങളും,
മറുവാക്കിലാശ്വാസമില്ലതെല്ലും..!

എവിടുന്നോവന്നൊരീ മാരകരോഗത്തി-
ന്നടിമയായെത്രയോ ജീവിതങ്ങൾ !
ഇവിടെങ്ങുമഴലിൻ്റെ വിതപാകി ഭീകരം,
വിരഹത്തിലാഴ്ത്തിത്തളർത്തിടുന്നൂ..

പറയാനുമെഴുതാനും വാക്കുകൾ തേടുമ്പോൾ,
വിറയാർന്നിടുന്നുള്ളം നൊമ്പരത്താൽ..
നീറുന്ന ചിന്തയിലറിയാത്ത ഭാഷയിൽ,
കൂറുന്നു തൂലികത്തുമ്പു പോലും !

കണ്ടുചിരിച്ചു നടന്നവരാരെല്ലാം
കാണാമറയത്തു പോയ്മറഞ്ഞൂ ?!
കാണാമെന്നോതിത്തൻ കൈവീശിയെങ്കിലും,
കാലത്തിൻ യവനികയ്ക്കുള്ളിലായീ !!

ചെറുതല്ല, ചൊല്ലുവാനാവാതെയീലോകം,
കുറുകുന്നു യാതനയ്ക്കൊപ്പമായീ..
ചിരകാലമോഹങ്ങളെല്ലാം തകർന്നാടി-
ച്ചിറകറ്റ പക്ഷികളെന്നപോലേ..!

ഉണരാമുണർവിൻ്റെ മാറ്റൊലിക്കൊപ്പം നാം,
അണയാത്ത ദീപം കൊളുത്തിവയ്ക്കാം..
പണിയാമനശ്വര സ്നേഹവാത്സല്യത്താൽ,
അണിയിക്കാമൊരുനൂറു പുഷ്പമാല്യം..

എല്ലാരുമൊന്നായിച്ചേർന്നിടും മാനവ-
രെല്ലാം ചെറുത്തങ്ങു മുന്നേറിടും..
എല്ലാം മറക്കുവാനാവില്ലയെങ്കിലും,
നല്ലൊരു നാളെ നാം കാത്തിരിക്കും…

ശ്രീലകം വിജയവർമ്മ

By ivayana