ഷാജി നായരമ്പലം*
അടുത്തതാരെന്നു ഭയന്നുവോ? മന-
സ്സൊടുക്കമായെന്നു നിനച്ചുവോ? വെറും
നിലത്തിതേകനായ്
ശരങ്ങൾ ശൂന്യമായ്
അടുത്തിടുന്ന വൻ ഭയത്തിലാണ്ടുവോ?
വെറുതെ വെന്തുവേർത്തൊടുങ്ങയോ ?
വിധി-ക്കമരുമെന്നോർത്തു കുഴങ്ങിയോ? നിഴൽ
നിലച്ചു പോയപോൽ
നിശബ്ദതയ്ക്കുമേൽ
അടയിരുന്നതിന്നൊടുക്കമെത്തിയോ?
തിടുക്കമായെത്ര നടന്നുവോ? വഴി
തെളിച്ച ചൂട്ടെത്രെയെരിച്ചെറിഞ്ഞുവോ,
ഉഡുഗണങ്ങളിൽ
തെളിനിലാവിലും
വിമുഖമായ് പാദമുടക്കി വീണുവോ?
നിരനിരന്നെത്തിയഗാധമാം ചുഴി-
യെഴുന്നഴൽത്തിര തിമിർക്കവേ, ചിലർ
അരൂപ രൂപികൾ
കടന്നു പോയവർ’
നടന്നടുത്തെത്തി വിളിച്ചിടുന്നുവോ??
പിടി തരാതെയിന്നൊളിക്കുവാൻ
പണിതുയിരൊളിപ്പിച്ചയിടങ്ങളിൽ, പനി
വലിയ മുള്ളുകൾ
നരക വേരുകൾ
നിറയെയാഞ്ഞാഞ്ഞു തറച്ചിടുന്നുവോ?
വ്യഥ,യടങ്ങാതെ,യുറങ്ങിടാതിരുൾ-
ക്കയങ്ങൾ താണ്ടുവാനുഴറി നിൽക്കവേ
അകലെ വാനിലെ
തെളി തെളിച്ചമായ്
ഉയരെ ഉച്ചിയിൽ ഉദിച്ചു വന്നവൻ….
നിയതമായ് നാളെയുദിച്ചു നിൽക്കുവാൻ
ഇവിടെയാരു നീർകുമിളപോലെ നീ!
അതു നിരന്തരം
തിരിയവേയതിൻ
ഇടയിടങ്ങളിൽത്തളിർത്തു നിൽക്കുക….