രചന :- സതി സുധാകരൻ.*
പനിനീർ തളിച്ചു വരും പൂനിലാവിൽ,
പരിമളം വീശി ഞാൻ തൊഴുതു നിന്നു.
പ്രഭാതരശ്മികൾ തൊട്ടുണർത്തീ
മണമുള്ള റോസാക്കുസുമമായ് വിരിഞ്ഞു.
അരിമുല്ല പ്പൂക്കളും, മുക്കുറ്റിപ്പൂക്കളും
എൻ മേനി കണ്ടു കൊതിച്ചു നിന്നു.
തൊട്ടാൽ ക്കരയുന്ന തൊട്ടാവാടിയും,
അരികത്തു നോക്കിച്ചിരിച്ചു നിന്നു.
ഞാനൊരു സുന്ദരിയാണെന്നഹങ്കാരം ,
എൻ മനതാരിലും വന്നു ചേർന്നു.
മാലോകരേപ്പോലെ ഞാനുമീ ഭൂമിയിൽ ജാതിക്കു മുന്നിലാണെന്നു തോന്നി.
കുട്ടികൾ വന്നെൻ്റെ മേനിയിൽ തൊട്ടപ്പോൾ
രോമാഞ്ചം കൊണ്ടു ഞാൻ നിന്നു പോയി.
പൂജയ്ക്കെടുക്കാനായ് എന്നെ ഇറുത്തപ്പോൾ
വേദന കൊണ്ടു കരഞ്ഞു ഞാനും.
എന്നിളം മേനിയെ പിച്ചിപ്പറിച്ചവർ ദേവനു പൂജയ്ക്കായ് കാഴ്ചവച്ചു.
ആരും തിരിഞ്ഞൊന്നു നോക്കുവാനില്ലാത്ത മുള്ളുള്ള, തൊട്ടാവാടിപ്പൂക്കളെല്ലാം
മൂക്കത്തു വിരൽ വച്ചു നോക്കിനിന്നു.
എൻ മനതാരിലെ സുന്ദര സ്വപ്നങ്ങൾ
പൊട്ടി വിരിഞ്ഞു വിടരും മുൻപേ,
എന്നെ പിഴുതെടുത്തീട്ടവർ
അമ്മയിൽ നിന്നും വേർപെടുത്തി.