രചന :- ജോയ് പാലക്കമൂല*

കുരുത്തം കെട്ടവന്റെ
ജാതകമായതുകൊണ്ടാവാം
പൂജയിൽ മന്ത്രാക്ഷരങ്ങൾ
തലതിരിഞ്ഞ് നടന്നു.
ഭൂതഗണങ്ങൾ കളത്തിനപ്പുറം
ദിശയറിയാതെ ഉഴലുന്നു.
നിശബ്ദമായ് കാതോർത്ത
മിഴികളിൽ ജിജ്ഞാസ
ബുധനിൽ നിന്ന്
ചൊവ്വ വഴി
വ്യാഴത്തിലേയ്ക്കുള്ള സഞ്ചാരം
ശനിയിൽ ചുറ്റി തിരിയുന്നത്രേ
കണിയാൻ ഗണിച്ചിത്
കണിശമാണന്ന് അമ്മ
പിഴച്ച കാലത്തിനും
പിശകിയിരിക്കാമെന്ന് അച്ഛൻ
ഇടക്ക് ഇടവഴികളിൽ
കണ്ടൻ പൂച്ചകൾ
വിലങ്ങായ് ചാടുന്നതും
നിമിത്തമെന്ന് ഞാൻ
പൂജാദ്രവ്യങ്ങളിലും
മായമുണ്ടന്നൊരു ശങ്ക
തന്ത്രിശിരസ്സിൽ
സന്ദേഹം ഒഴിയുന്നില്ല.
കൂടെ നടന്ന കൂട്ടുകാർ മാത്രം
മറിച്ചൊന്ന് ചൊല്ലി
കുറിയും, കാലവുമല്ലവന്റെ
കയ്യിലിരുപ്പ് അതു മാറ്റണം

By ivayana