മൻസൂർ നൈന*
” Do sitaro ka zameen par Hai milan aaj ki rat ……”
തബലയിൽ നിന്നുയരുന്ന താളവും , ഹർമോണിയം മീട്ടുന്ന ഈണവും , ആരേയും പിടിച്ചിരുത്തുന്ന ഹിന്ദുസ്ഥാനി സംഗീതത്തിന്റെ , മെഹ്ഫിലുകളുടെ രാവുകളിൽ കൊച്ചിയെ ഉണർത്തിയിരുന്ന രണ്ട് മുഖങ്ങളെ കൊച്ചീക്കാർക്ക് മറക്കാനാവില്ല . കൊച്ചിക്കത് എങ്ങനെ മറക്കാനാവും .
– ഗുജറാത്തിയും – മലയാളിയും കൈകോർത്ത് പിടിച്ചപ്പോൾ വിരിഞ്ഞ ഗസൽ പൂക്കൾ കൊച്ചിക്കെന്നല്ല കേരളത്തിനാകെയും സുഗന്ധം പരത്തി . നൈനാ കുടുംബത്തിലെ പ്രശസ്ത അഭിഭാഷകൻ അബ്ദുൽ ഖാദിർ വക്കീലും , ഗുജറാത്തി വ്യവസായി ജാവേരിലാൽ ആനന്ദ് ജി – യുമാണ് കൊച്ചിയുടെ മുഹബ്ബത്തായി മാറിയ ആ രണ്ട് നക്ഷത്രങ്ങൾ .
ഇവർ കൈകൾ കോർത്തു പിടിച്ചപ്പോൾ മ്യൂസിക്കൽ മീറ്റ് പ്രോഗ്രാമിലൂടെ കേരളത്തിൽ സംഗീത വിരുന്നുകളൊരുങ്ങുകയായിരുന്നു . ഷഹനായ് വിദ്വാൻ ഉസ്താദ് ബിസ്മില്ലാ ഖാൻ , ഇന്ത്യയിലെ പ്രശസ്ത തബല വിദ്വാൻ സാക്കിർ ഹുസൈന്റെ പിതാവ് പ്രശസ്ത തബല മാന്ത്രികൻ ഉസ്താദ് അല്ലാരഖ , ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായിക ബീഗം പർവീൻ സുൽത്താന , ഗസൽ രാജ്ഞി ബീഗം അക്തർ , പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ചലച്ചിത്ര പിന്നണി ഗായകനുമായ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ …….
ഈ അന്താരാഷ്ട്ര പ്രശസ്തരെ കൊച്ചിയിലെത്തിച്ച് കേരളത്തെ പരിചയപ്പെടുത്തിയതിലൂടെ അബ്ദുൽ ഖാദിർ വക്കീലും , ജാവേരിലാൽ ആനന്ദ് ജി – യും വലിയ ദൗത്യമാണ് നിർവ്വഹിച്ചത് . മട്ടാഞ്ചേരിയിലെ ടൗൺഹാളിന് സമീപം മ്യൂസിക്കൽ മീറ്റിന്റെ ഒരു ഓഫീസ് മുറിയുണ്ടായിരുന്നു അവിടെ നായിക്ക് മാഷ് തബല പഠിപ്പിച്ചിരുന്നു . ജാവേരിലാൽ ആനന്ദ് ജി – യും , അബ്ദുൽ ഖാദിർ വക്കീലും രണ്ടു പേരും നന്നായി തബല വായിക്കുമായിരുന്നു . ജല തരംഗ് വിദ്വാൻ മങ്കേഷ് റാവു ജാവേരിലാൽ ആനന്ദ് ജി – യുടെ വീട്ടിൽ ഇടയ്ക്ക് എത്തുമായിരുന്നു .
പ്രോഗ്രാമുകളുടെ റിഹേഴ്സലുകൾ നടന്നിരുന്നത് ഒന്ന് ഗുജറാത്തി റോഡിലുള്ള ജാവേരിലാൽ ആനന്ദ് ജി – യുടെ വീട്ടിലും , കപ്പലണ്ടിമുക്കിലെ അബ്ദുൽ ഖാദിർ വക്കീലിന്റെ വീടിന്റെ എതിർ വശത്ത് താമസിച്ചിരുന്ന ഞങ്ങളുടെ വീട്ടിലുമായിരുന്നു . ഞങ്ങളുടെ വീടിന്റെ മുകൾ നിലയിൽ നിന്നുള്ള തബലയുടെയും , ഹാർമോണിയത്തിന്റെയും ശബ്ദവും , ഗസലുകളും ഇന്നും ഓർമ്മയിൽ നിൽക്കുന്നു . അബ്ദുൽ ഖാദിർ വക്കീലിന്റെ ഭാര്യ ഫാത്തിമ വീട്ടിനകത്തെ പാട്ടുകാരിയാണ് , അൽപ്പമൊക്കെ തബല കൊട്ടാനും അറിയാം , നൈനാമാരിലെ പെണ്ണുങ്ങളായ താച്ചിമാർക്കിടയിൽ ഒരു പ്രത്യേക രീതിയിലുള്ള കൈകൊട്ടി കളിയുണ്ട് ഫാത്തിമ അത് വളരെ ഭംഗിയായി കളിക്കുമായിരുന്നു .
മൂത്ത മകൻ ഷൗക്കത്തിന് ബാല്യത്തിൽ തന്നെ കാഴ്ചശക്തി നഷ്ട്ടപ്പെട്ടു പക്ഷെ നന്നായി പാടാനും തബലയടിക്കാനും അറിയാം , മറ്റൊരു മകൻ മൻസൂർ ഹൈക്കോടതിയിൽ വർക്ക് ചെയ്യുന്നു , പിന്നെ മൂന്ന് പെൺമക്കളാണ് വാഹിദ , ശബീബ , ശബാന . വക്കീൽ ഏകദേശം 48 വയസ്സിൽ മരണപ്പെട്ടു . സംഗീതത്തിനായി ജീവിതം ഒഴിഞ്ഞു വെച്ച വക്കീലിന്റെ സംഗീത സദസ്സുകളിൽ പാടി തെളിഞ്ഞവരിൽ ഇന്നത്തെ പല പ്രശസ്തരുമുണ്ട് . അങ്ങനെയായിരുന്നു വക്കീൽ , കഴിവുകളറിഞ്ഞ് പലർക്കും അവസരങ്ങളൊരുക്കി .
സംഗീതത്തിനായി ജീവിതം മാറ്റി വെച്ചപ്പോൾ കോട്ടിടാൻ മറന്നു പോയി പ്രശസ്ത അഭിഭാഷകനായ അബ്ദുൽ ഖാദിർ വക്കീൽ . ജാവേരിലാൽ ആനന്ദ് ജി- യുടെ ഭാര്യ ലീലാവതി ജാവേരിലാൽ ആരാലും അറിയപ്പെടാതെ പോയ ഒരു ഗായികയാണ് , അവർ വളരേ സുന്ദരമായി പാടുമായിരുന്നു . കൊച്ചിയിലെ ജൈന ക്ഷേത്രത്തിൽ ജൈൻ ഭക്തി ഗാനങ്ങൾ തന്റെ സുന്ദരമായ ശബ്ദത്തിൽ ഇവർ പാടുമായിരുന്നു . മൂത്ത മകൻ നവീൻ മരണപ്പെട്ടു , മറ്റൊരു മകൻ മഹീന്ദ്ര ഗുജറാത്തിലെ ബറോഡയിലാണ് , ഒരു മകൾ അനുപമ ബോംബെയിലും , മറ്റൊരു മകൾ ഉഷ മട്ടാഞ്ചേരിയിലും , ഉഷയെ വിവാഹം ചെയ്തിട്ടുള്ളത് മട്ടാഞ്ചേരിയിലെ കിഷോർ ശ്യാംജി കുറുവ എന്ന കുരുമുളക് വ്യവസായിയാണ് .
1939 -ൽ നിർമ്മിച്ച കൊച്ചിയിലെ ജാവേരിലാൽ ആനന്ദ് ജി- യുടെ വീടിന് ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട് . ഒരു കാലത്ത് കൊച്ചിയിലെസംസാരമായിരുന്നു ഈ വീട് , ബോംബ് ഷെൽട്ടർ സംവിധാനത്തോടെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത് , മൈസൂരിലെ വൃന്ദാവൻ ജലധാര നിർമ്മിച്ചവരിൽ ഒരാളാണ് ജാവേരിലാൽ ആനന്ദ് ജി -യുടെ വീട്ടിലുണ്ടായിരുന്ന ജലധാരയും നിർമ്മിച്ചത് , പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ബീഗം പർവിൻ സുൽത്താനയും ,പണ്ഡിറ്റ് രവിശങ്കറിന്റെ സഹോദരി ലക്ഷ്മി ശങ്കറും ,ഉപ പ്രധാനമന്ത്രിയായിരിക്കെ മൊറാർജി ദേശായിയും ജാവേരിലാൽ ആനന്ദ് ജി- യുടെ വീട്ടിൽ കുടുംബ സമേതം താമസിച്ചിട്ടുണ്ട് .
ഗ്വാളിയോർ കൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്ന ഹാഫിസ് അലി ഖാന്റെ മകൻ സരോദ് വാദ്യോപകരണ വിദഗ്ദ്ധനും , സംഗീതജ്ഞനുമായ അംജത് അലി ഖാൻഇവരുടെ കുടുംബ സുഹൃത്തായിരുന്നു .മട്ടാഞ്ചേരിയിലെ ജാവേരിലാൽ ആനന്ദ് ജീ യുടെ ആ വീട് കൈമാറ്റം ചെയ്യപ്പെട്ടു , ഇന്നത് ആൾ താമസമില്ലാതെ കാട് പിടിച്ച് ഒഴിഞ്ഞു കിടക്കുന്നു . ജാവേരിലാൽ ആനന്ദ് ജി-യുടെ സുഹൃത്തുക്കളിൽ മിക്കവരും മുസ്ലിം സുഹൃത്തുക്കളായിരുന്നു , കലയെ സ്നേഹിച്ച മനുഷ്യ സ്നേഹി അതായിരുന്നു ജാവേരിലാൽ ആനന്ദ് ജി എന്ന ഗുജറാത്തി .
ജാവേരി ലാൽ ആനന്ദ് ജി – 1991 ലുംഅബ്ദുൽ ഖാദിർ വക്കീൽ – 1983 ലും മരണപ്പെട്ടു .