രചന :- ഷീജ ദീപു *
ഒറ്റ കാലിനിണയെ തേടി ഞാൻ
തിക്കിലും തിരക്കിലുമലഞ്ഞേറെ നേരം
പുറം തിരിഞ്ഞവനെ തട്ടിത്തിരിച്ചും
ഒട്ടു മുക്കാലുമൊത്തു നോക്കിയും
പൊട്ടിപൊളിഞ്ഞവ ദൂരേക്ക് തട്ടിയും
കഷ്ട്ട ത്തിലാക്കിയവളെ മനസ്സാ ശപിച്ചും
ഒറ്റകാലിനിണ തേടി ഞാൻ
ചപ്പിനിടയിലും തേടി നടന്നു
ആരു ചെയ്താലു മീർഷ്യ തോന്നി
വള്ളി പൊട്ടിയടർന്നത് മാറ്റി
ചന്തം കണ്ടു വാങ്ങിയതിന്നലെയല്ലയോ?
ഉത്സവം കൂടുവാൻ അമ്പല നടയിൽ
ചന്തത്തിൽ ചമഞ്ഞിട്ടൊട്ടൊരു ഗമയിൽ
കൂടെ കൂട്ടിയതല്ലയോ നിന്നെയും
ആ ഗമനം നോക്കി നടക്കും തോറും
മൊട്ടിട്ടഹന്ത യെൻ ഉടലിനുള്ളിലും
ഹാ….എന്തൊരിണക്കം. എന്തൊരു ഭംഗി
കാഴ്‍ചകൾ കണ്ടു നടക്കുമൊരു കൂട്ടർ
കാഴ്ചയിലല്ല ദൃഷ്ട്ടി പതിയും
വിലപിടിപ്പുള്ള മുതലിലല്ലയോ
അങ്ങനെ വീഴ്ചകൾ എത്രയോ പിന്നിട്ടു എന്നിട്ടും
ആഴ്‌ചകൾ പലതു കഴിഞ്ഞതുമില്ല
പിന്നെയും പിന്നെയും വാങ്ങുന്നു പുത്തനായ്
ആശിച്ചു മോഹിച്ചു കീശയും ഓട്ടയായ്
ഒറ്റകാലിനിണ യെതേടി ഞാൻ
മണ്ടി നടന്നു പലവട്ടം വട്ടത്തിൽ
ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്നു ചിലർ
കുത്തികെട്ടിയ മുറിവുകൾ അകലാതെ
ആണി തറച്ചു കിടപ്പായ രോഗികൾ
പഴകി പൊളിഞ്ഞ വൃദ്ധരും കൂട്ടത്തിൽ
റബ്ബർ പോലെ വലിഞ്ഞു മുറുകി ചിലർ
കൂട്ടത്തിലെങ്ങുമില്ല ഒറ്റകാലിനിണ മാത്രം
തുണ പോയ ദുഃഖത്തിലിടറുന്ന ഇണയെ
ചേർത്തു പിടിച്ചോതി നാളെയുമെത്തിടാം ഒറ്റകാലിനിണയെതേടി..