ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) ന്റെ നാഷ്ണല്‍ കമ്മറ്റിയെ പ്രഖ്യാപിച്ചു. ലോകപ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധനും കോളമിസ്റ്റുമായ ഡോ. എസ്.എസ്. ലാലാണ് പ്രസിഡന്റ്. 2014 മുതല്‍ 2016 വരെ ഐഎപിസി ഡയറക്ടറായിരുന്ന ഡോ. ലാല്‍ ഇപ്പോള്‍, വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള അമേരിക്കന്‍ ഫാമിലി ഹെല്‍ത്ത് ഇന്റര്‍നാഷണല്‍ എന്ന ഓര്‍ഗനൈസേഷനിലെ പകര്‍ച്ചവ്യാധി (ക്ഷയ രോഗം) വിഭാഗം ഡയറക്ടറാണ്. ലോകാരോഗ്യ സംഘടനയ്ക്കായി പല രാജ്യങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. ലാല്‍, ജനീവയിലെ ഗ്ലോബല്‍ ഫണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ വിവിധ ഉപദേശക സമിതികളില്‍ അംഗമാണ്. അന്താരാഷ്ട്ര ജേണലുകളില്‍ ഡോ. ലാലിന്റേതായി നിരവധി ശാസ്ത്രീയ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളില്‍ ആരോഗ്യ കോളമിസ്റ്റുമാണ്. 1993-ല്‍ ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷന്‍ ഹെല്‍ത്ത് ഷോ (പള്‍സ്, ഏഷ്യാനെറ്റ്) യ്ക്കു തുടക്കം കുറിക്കുന്നത് ഡോ. ലാലാണ്. 2003 വരെ 500 പ്രതിവാര എപ്പിസോഡുകള്‍ക്ക് അദ്ദേഹം അവതാരകനായി. ഇപ്പോള്‍ ലോകത്തെ മഹാവിപത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെപ്പറ്റിയുള്ള ശാസ്ത്രീയ സംവാദങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും തന്റെ ബൃഹത്തായ അറിവും അനുഭവസമ്പത്തും പകരുന്നതിലും ഡോ. ലാല്‍ കര്‍മ്മോത്സുകനാണ്. നിരവധി ചെറുകഥകളും നോവലുകളും ലാലിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാലിന്റെ ചെറുകഥകളുടെ ശേഖരം ‘ടിറ്റോണി’ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. എംബിബിഎസ്, എംപിഎച്ച്, എംബിഎ, പിഎച്ച്ഡി എന്നിവയാണ് ഡോ. ലാലിന്റെ അക്കാദമിക് യോഗ്യതകള്‍. ഭാര്യ ഡോ. സന്ധ്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം വിര്‍ജീനിയയിലെ വിയന്നയിലാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. ലാല്‍ താമസിക്കുന്നത്.
എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആനി കോശി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മള്‍ട്ടി-ടാലെന്റഡ് മീഡിയ പ്രഫഷണലാണ്. മികച്ച പ്രാസംഗികയും അവതാരകയുമാണവര്‍. മാധ്യമ-കലാരംഗങ്ങളില്‍ സജീവസാന്നിധ്യമായ ആനിയുടെ സൃഷ്ടികള്‍ പ്രശംസനീയമാണ്. വിവിധ മേഖലകളിലെ ആനിയുടെ അച്ചടക്കമുള്ള തൊഴില്‍ നൈതികത, ബ്രാന്‍ഡിംഗിനോടുള്ള അഭിരുചി, ബിസിനസ് നെറ്റ്വര്‍ക്കിംഗിലെ വൈദഗ്ധ്യം എന്നിവ സമൂഹത്തിലെ പലര്‍ക്കും മാതൃകയാണ്. മള്‍ട്ടി-ഡിസിപ്ലിനറി വുമന്‍ ലീഡര്‍ എന്ന നിലയില്‍ കമ്മ്യൂണിറ്റിയിലെ മികച്ച ഉദാഹരണമാണ് ആനി. ആനിയുടെ കഥ യുവ സംരംഭകര്‍ക്കും സ്ത്രീകള്‍ക്കും പ്രചോദനവും സമാനതകളില്ലാത്തതുമാണ്.
വൈസ് പ്രസിഡന്റുമാരായി സി.ജി.ഡാനിയല്‍, ജെയിംസ് കുരീക്കാട്ടില്‍, പ്രകാശ് ജോസഫ്, സുനില്‍ മഞ്ഞനിക്കര എന്നിവരെ തെരഞ്ഞെടുത്തു. സി.ജി.ഡിനിയല്‍ ഇന്‍ഡോ അമേരിക്കന്‍ എഴുത്തുകാരനും അമച്വര്‍ ഫോട്ടോഗ്രാഫറുമാണ്. ദീപാലയ ഫൗണ്ടേഷന്റെ പ്രസിഡന്റും സിഇഒയുമായ അദ്ദേഹം ഡല്‍ഹിയിലെയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും താഴ്ന്ന വരുമാനക്കാരായ സമുദായങ്ങളിലെ കുട്ടികളുടെ സാക്ഷരതയ്ക്കും വിദ്യാഭ്യാസത്തിനുമായി പ്രവര്‍ത്തിച്ചുവരുന്നു. ലക്ഷക്കണക്കിന് വരുന്ന നിരക്ഷരരായ കുട്ടികളുടെ ജീവിതപരിവര്‍ത്തനമാണ് ഇദ്ദേഹം ലക്ഷ്യംവയ്ക്കുന്നത്. സംരംഭകന്‍ എന്ന നിലയില്‍ ഡല്‍ഹിയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സി.ജി. ഡാനിയല്‍, ബിസിനസുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. ഹൂസ്റ്റണിലെ വില്യം പി ഹോബി വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന സമയത്തും സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ ഡാനിയല്‍ താത്പര്യം കാട്ടി.
പ്രമുഖ ഇന്‍ഡോ അമേരിക്കന്‍ എഴുത്തുകാരനും കോളമിസ്റ്റും ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനുമാണ് ജെയിംസ് കുരീക്കാട്ടില്‍. നിരവധി പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹത്തിന്റേതായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്ലോബല്‍ റിപ്പോര്‍ട്ടല്‍ ചാനലിനു വേണ്ടി നിവധി സംഭവങ്ങളാണ് അധ്യാപകന്‍ കൂടിയായ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മിഷിഗണില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ധ്വനി എന്ന മാഗസിന്റെ ചീഫ് എഡിറ്ററായ അദ്ദേഹം അമേരിക്കയിലെ സാഹിത്യപ്രവര്‍ത്തകരുടെ സംഘടനയായ ലാനയുടെ നേതൃത്വത്തിലും സജീവമാണ്.
പ്രകാശ് ജോസഫ് ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് അറ്റ്‌ലാന്റാ ചാപ്റ്ററിന്റെ ബോര്‍ഡ് അംഗമായിരുന്നു. ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്‍ (ഗാമ) അംഗമാണ്. 2016-ല്‍ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2017 മുതല്‍ ഗാമയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമാണ്. അറ്റ്‌ലാന്റാ പ്രവിശ്യയിലെ ലോക മലയാളി കൗണ്‍സില്‍ പ്രസിഡന്റായി അടുത്തിടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സുനില്‍ മഞ്ഞിനിക്കര ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പ്രോഗ്രാം ഇന്‍ ചീഫായി പ്രവര്‍ത്തിക്കുന്നു. ജയ്ഹിന്ദ് ടിവി യുഎസ്എയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന സുനില്‍ ഫോട്ടോഗ്രാഫിയിലും വീഡിയോ ഗ്രാഫിയിലും മികവു തെളിയിച്ചിട്ടുണ്ട്. നിരവധി ടിവി പ്രോഗ്രാമുകള്‍ നിര്‍മിച്ചിട്ടുള്ള അദ്ദേഹം സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ദൃശ്യമാധ്യമ സംരംഭത്തിന് തുടക്കം കുറിച്ചതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മലങ്കര അതിഭദ്രാസനത്തിന്റെ 2017 മുതല്‍ 2019 വരെ പബ്ലിക്ക് റിലേഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി ഇഗ്നാത്തിയോസ് അപ്രം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ വാഴിക്കപ്പെട്ട ചടങ്ങ് മലങ്കരടിവിക്കു വേണ്ടി സിറിയയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തത് സുനിലാണ്. ജയ്ഹിന്ദ് ടിവിക്കുവേണ്ടി സുനില്‍ അമേരിക്കയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ആദ്യമായി റിയാലിറ്റി ഷോ നടത്തിയത് ചരിത്രസംഭവമായി. ആയിരക്കണക്കിന് മലയാളികള്‍ പങ്കെടുത്ത റിയാലിറ്റിഷോ ഇരുന്നൂറ്റിയമ്പതോളം എപ്പിസോഡാണ് സംപ്രേക്ഷണം ചെയ്തത്. നിരവധി ഗായകര്‍ക്ക് ഈ പരിപാടിയിലൂടെ തങ്ങളുടെ കഴിവുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു.
ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബിജു ചാക്കോ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ്. അമേരിക്കയിലും കാനഡയിലുമായി പ്രസിദ്ധീകരിക്കുന്ന ജയ്ഹിന്ദ് വാര്‍ത്തയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. നോര്‍ക്കയടക്കം നിരവധി സംഘടനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബിജു ചാക്കോ ന്യൂയോര്‍ക്ക് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാളിയായ കെവിന്‍ തോമസിന്റെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും സെനറ്ററുടെ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളുടെ സജീവമായ പങ്കാളിയുമാണ്.
സെക്രട്ടറിമാരായി ആന്‍ഡ്രൂസ് ജേക്കബ്, രാജ് ഡിങ്കര, ആനി ആനുവേലില്‍, ഡോ. നീതു തോമസ് എന്നിവരെ തെരഞ്ഞെടുത്തു. ആന്‍ഡ്രൂസ് ജേക്കബ് ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടറാണ്. ഐഎപിസി ഹ്യുസ്റ്റണ്‍ ചാപ്റ്ററിന്റെ മുന്‍ സെക്രട്ടറി കൂടിയായ ഇദ്ദേഹം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. ഹ്യൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന്റെ ട്രഷറര്‍, മുന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഹ്യൂസ്റ്റണ്‍ കോട്ടയം ക്ലബ് പ്രസിഡന്റ്, വേള്‍ഡ്മലയാളി അസ്സോസിയേഷന്റെ അമേരിയ്ക്കന്‍ റീജിയന്‍ കള്‍ചറല്‍ ഫോറം ചെയര്‍മാന്‍ എന്നി പദവികള്‍ വഹിച്ചിട്ടുണ്ട്. രാഗം ആര്‍ട്‌സ്, പ്രതിഭ ആര്‍ട്‌സ് തുടങ്ങിയ ജീവകാരുണ്യ കലാസംഘടനകളിലെ നിറസാന്നിധ്യവും ഗായകനുമാണദ്ദേഹം.
രാജ് ഡിങ്കര ന്യൂയോര്‍ക്കില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക്ക് ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പബ്ലീഷറും ഇന്‍ഡോ അമേരിക്കന്‍ കമ്മ്യൂണിറ്റിയുടെ നിരവധി സംഘടനകളിലെ സജീവാംഗവുമാണ്.
ആനി ആനുവേലില്‍ അറ്റ്‌ലാന്റാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ്. മനോരമ സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനില്‍ (മാസ്‌കോം) നിന്ന് ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ആനി, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ആര്‍ആര്‍ ഡൊണല്ലിയുടെ പബ്ലിഷിംഗ് വിഭാഗം എന്നിവയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. 2018 നവംബര്‍ മുതല്‍ അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ (എഎംഎംഎ) പ്രസിദ്ധീകരിക്കുന്ന പ്രതിമാസ വാര്‍ത്താക്കുറിപ്പായ ‘നാട്ടുവിശേഷം’ തുടങ്ങുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആനിയുടെ കരങ്ങളാണ്. നിലവില്‍ നാട്ടുവിശേഷം ന്യൂസ് എഡിറ്ററാണ് ആനി. കൂടാതെ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവ പങ്കാളിത്തം വഹിക്കുന്നു. ഭര്‍ത്താവും രണ്ട് കുട്ടികളും യുഎസില്‍ ആനിക്കൊപ്പമുണ്ട്.
ഡോ. നീതു തോമസ് അയോവയിലെ ഗ്ലോബര്‍ റിപ്പോര്‍ട്ടല്‍ ചാനലിന്റെ സീനിയര്‍ റിപ്പോര്‍ട്ടറാണ്. ഗ്ലോബര്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ദിവസേനയുള്ള ഗ്ലോബല്‍ ന്യൂസ് അവറിലേക്ക് നീതു റിപ്പോര്‍ട്ടു ചെയ്ത പല വാര്‍ത്തകളും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.
റെജി ഫിലിപ്പിനെ ട്രഷററായി തെരഞ്ഞെടുത്തു. ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടറായ ഇദ്ദേഹം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍കൂടിയാണ്. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദമുള്ള റെജി നിരവധി വിഷ്വല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ക്രിയേറ്റീവ് വിഭാഗം കൈകാര്യം ചെയ്യുന്നുണ്ട്. ഫിലാഡാല്‍ഫിയയില്‍ കുടുംബവുമൊത്താണ് റെജി താമസിക്കുന്നത്.
ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഇന്നസെന്റ് ഉലഹന്നാന്‍ ഏഷ്യന്‍ഇറ മാഗസിന്റെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റാണ്. ന്യൂയോര്‍ക്കില്‍ 25 വര്‍ഷം റവന്യൂ മാനേജരായി പ്രവര്‍ത്തിച്ച് അനുഭവപാരമ്പര്യമുള്ള അഡ്വ. ഇന്നസെന്റ് ഉലഹന്നാന്‍, ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റായും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ – അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്, ഫോക്കാന ന്യൂയോര്‍ക്ക് മേഖലാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു.
ഇന്ത്യന്‍ അമേരിക്കന്‍ ലോയേഴ്‌സ് ഫോറം ട്രഷറര്‍ എന്ന നിലയിലും കമ്മ്യൂണിറ്റി സര്‍ട്ടിഫൈഡ് നോട്ടറി എന്ന നിലയിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തി. കമ്മ്യൂണിറ്റിയില്‍ നികുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ 22 വര്‍ഷമായി ഇദ്ദേഹം വഹിച്ചുവരുന്ന പങ്ക് വലുതാണ്. വിവിധ സ്ഥാപനങ്ങളുടെ സംഘടന ചുമതല വഹിച്ചിട്ടുള്ള അഡ്വ. ഇന്നസെന്റ് ഉലഹന്നാന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
നാഷ്ണല്‍ കോ-ഓര്‍ഡിനേറ്റേഴ്സായി ബൈജു പകലോമറ്റത്തേയും രൂപസി നെരൂലയേയും തെരഞ്ഞെടുത്തു. ഐഎപിസി മുന്‍ സെക്രട്ടറി കൂടിയായ ബൈജു പകലോമറ്റം ജയ്ഹിന്ദ് വാര്‍ത്തയുടെ നയാഗ്ര റീജിയണല്‍ ഡയറക്ടറും കോളമിസ്റ്റുമാണ്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ വിവിധ ലേഖനങ്ങള്‍ വിവിധമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നയാഗ്ര മലയാളി സമാജത്തിന്റെ പ്രസിഡന്റായ അദ്ദേഹം സെന്റ് മദര്‍ തെരേസ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ കൈക്കാരനുമാണ്. 2011 ല്‍ രൂപീകൃതമായ നയാഗ്ര മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവാണ് അദ്ദേഹം. രണ്ടുതവണ ഈ സംഘടനയുടെ പ്രസിഡന്റായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2016 ല്‍ ഫൊക്കാനയുടെ കാനഡ റീജിയണല്‍ വൈസ് പ്രസിഡന്റായി. 2007 ല്‍ ആഗോള കാത്തലിക് സംഘടനയായ നൈറ്റ് ഓഫ് കൊളംബസില്‍ ചേരുകയും ഫോര്‍ത് ഡിഗ്രി എടുത്ത് സര്‍ നൈറ്റാകുകയും ചെയ്തു.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ സജീവസാന്നിധ്യവും പ്രഫഷണലുമാണ് രൂപ്‌സി നരുല. യുഎസില്‍നിന്ന് എംബിഎ പഠനം പൂര്‍ത്തിയാക്കിയ രൂപ്‌സി, സോഷ്യോളജിയില്‍ മാസ്റ്റേഴ്‌സ് ബിരുദധാരിയാണ്. സീ ടിവി അമേരിക്കാസ്, ടിവി ഏഷ്യ, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്, ദ സൗത്ത് ഏഷ്യന്‍ ടൈംസ് എന്നിവയുള്‍പ്പെടെ നിരവധി അച്ചടി, ഡിജിറ്റല്‍, പ്രക്ഷേപണ ശൃംഖലകളുമായി ബന്ധപ്പെട്ട് പത്തു വര്‍ഷമായി രൂപ്‌സി പ്രവര്‍ത്തിച്ചുവരുന്നു.
പിആര്‍ഒമാരായി ഒ.കെ. ത്യാഗരാജന്‍, തെരേസ ടോം, ഷിബി റോയ് എന്നിവരെ തെരഞ്ഞെടുത്തു. കാനഡയിലെ വാന്‍കൂവറില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ ഒ.കെ. ത്യാഗരാജന്‍ ജയ്ഹിന്ദ് പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമാണ്. നിയമത്തിലും പത്രപ്രവര്‍ത്തനത്തിലും വിദ്യാഭ്യാസം നേടിയിട്ടുള്ള അദ്ദേഹം ദൂരദര്‍ശന്‍, കൈരളി ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മല്ലു കഫേ മലയാള റേഡിയോ യുഎസ്എ @ 99.5 എഫ്എം ഉടമയും സിഇഒയും ലീഡ് ആര്‍ജെയുമാണ് ഷിബി. ഹൂസ്റ്റണ്‍ ആസ്ഥാനമാക്കിയാണ് ഈ എഫ്എം പ്രവര്‍ത്തിക്കുന്നതെങ്കിലും, സ്ട്രീമിംഗ് ലോകമെമ്പാടും ലഭ്യമാണ്. കൊല്ലം സ്വദേശിയായ ഷിബി ഹ്യൂസ്റ്റണ്‍ ടിഎക്‌സില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം താമസിക്കുന്നു. ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഇവര്‍. ഈ വര്‍ഷം സംഘടനയിലെ വനിതാ പ്രതിനിധിയായി ഷിബി തെരഞ്ഞെടുക്കപ്പെട്ടു.
പ്രമുഖ എഴുത്തുകാരിയും കോളമിസ്റ്റുമാണ് തെരേസ ടോം. പത്രങ്ങളിലും മാസികകളിലും നിരവധി കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു കവിതാ സമാഹാരങ്ങളും രണ്ടു ലേഖന സമാഹാരങ്ങളും ഉള്‍പ്പടെ നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡബ്ല്യുഎംസി സാഹിത്യസമ്മേളനത്തിന്റെ ചെയര്‍പേഴ്‌സണ്‍ ആണ്. ആദ്യകാലം മുതല്‍ ഐഎപിസിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണിവര്‍.