വാസുദേവൻ കെ വി*
നവമാധ്യമങ്ങളിൽ സ്ത്രീ പക്ഷ നിലപാടുകൾ കോറിയിടുന്നവൾ..’സ്ത്രീ തന്നെ ധനം ‘എന്ന ഹാഷ്ടാഗ് ഒരുക്കിയവൾ.. അവന്റെ സഹപാഠി അവൾ. അവനോടാവൾ ഉപദേശം. “കാള കളിച്ചു നടക്കാതെ വല്ലതും സമ്പാദിച്ചു വെക്കാൻ നോക്കൂ.. പെണ്കുട്ടികളാണെന്ന ഓർമ്മയോടെ.. ” ചിരിയടക്കി അവൻ ചോദിച്ചു
“നീ ലിസ സ്തലെക്കേറെ കേട്ടിട്ടുണ്ടോ?” “ഇല്ലല്ലോ ആരാണവൾ “. ക്രിക്കറ്റ് കമ്പക്കാരി കൈമലർത്തി. അവൾ അവൾക്ക് ലിസയെ പരിചയപ്പെടുത്തി.
സ്റ്റാർ സ്പോർട്സ് ചാനൽ കമന്റെറ്റർ ലിസ ഇപ്പോൾ. ജനിച്ചതൊരു പെൺ കുഞ്ഞാണെന്നറിഞ്ഞപ്പോൾ അവളെ പൂനെ ശ്രീവാസ്ത അനാഥാലയത്തിന് മുമ്പിൽ ഉപേക്ഷിച്ചപ്പോൾ മാതാ പിതാക്കൾക്ക് തിരിച്ചറിയാൻ ആവാതെപോയി അവൾ ലോക ക്രിക്കറ്റിൽ മുടിചൂടാ”മന്ന ” ആവാൻ നിയോഗിക്കപ്പെട്ടവളെന്ന്.
ലിസ സ്തലേക്കർ എന്ന ഇന്ത്യൻ വംശജയായ ഓസ്ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് താരത്തിന്റെ ജീവിതം പെണ്മക്കളെ പുച്ഛിക്കുന്നവർക്ക് നല്ലൊരു പാഠമാണ്. 1978 ഓഗസ്റ്റ് 30ന് പുനെയിൽ ലിസ സ്തലേക്കറുടെ പിറവി പെണ്ണാണെന്ന് അറിഞ്ഞ് അവളെ അനാഥാലയ പടിവാതിൽക്കൽ അവളെ ഉപേക്ഷിച്ച് മാതാപിതാക്കൾ പോയി. അനാഥാലയത്തിലുള്ളവർ അവൾക്ക് പേരിട്ടു വിളിച്ചു , “ലൈല”…
മിഷിഗണിൽ നിന്നുള്ള ദമ്പതികൾ ഒരു ആൺകുട്ടിയെ ദത്തെടുക്കാൻ ഉറച്ചാണ് ഈ അനാഥാലയത്തിലേക്ക് എത്തുന്നത്. ഇവർക്ക് ഒരു മകളുണ്ടായിരുന്നു. മകന് വേണ്ടി തിരഞ്ഞ് അനാഥാലയത്തിലെത്തിയ അവർക്ക് തവിട്ട് നിറത്തിലെ കണ്ണുകളുള്ള ലൈലയോട് ഇഷ്ട്ടം. അവൾ മതിയെന്നുറപ്പിച്ച് നിയമപരമായി ദത്തെടുത്ത് അവർ യുഎസ്എയിലേക്ക് പറന്നു. യുഎസിൽ പേര് ലൈലയിൽ നിന്നും ലിസയായി.
പിന്നീട് കുടുംബം ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് മാറി. വീട്ടുവളപ്പിൽ പിതാവിനൊപ്പം ക്രിക്കറ്റ് കളിച്ച് തുടക്കം. 1997ൽ ന്യൂസൗത്ത് വെയിൽസിന് വേണ്ടി അരങ്ങേറ്റം. 2001ൽ ഓസ്ട്രേലിയക്ക് വേണ്ടി ഓഡിസിൽ. 2003ൽ ഓസീസ് ടെസ്റ്റ് ടീമിൽ അരങ്ങേറ്റം. 2005ൽ ടി20 ക്രിക്കറ്റിൽ.ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും കൈവരിക്കുന്ന ആദ്യ വനിതാ താരം. രണ്ട് ഏകദിന ലോകകപ്പിലേക്കും രണ്ട് ട്വന്റി-20 ലോകകപ്പിലേക്കും ഓസീസിനെ എത്തിച്ചതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചത് ലിസയായിരുന്നു.
എട്ട് ടെസ്റ്റിൽ നിന്നുള്ള സമ്പാദ്യം 416 റൺസും 23 വിക്കറ്റും. 125 ഏകദിനങ്ങളിൽ നിന്ന് വാരിയത് 2728 റൺസും 146 വിക്കറ്റും. 60 മില്യൺ ഡോളർ ആസ്തി ലിസയ്ക്ക്.. അതേ പെൺകുഞ്ഞ് പൊൻ കുഞ്ഞു തന്നെ..ഉത്തമ കരങ്ങളിൽ വളരുമ്പോൾ.