താഹാ ജമാൽ*

തേങ്ങായിടാൻ വന്ന രഘുവിനോട്
തെങ്ങു ചെത്താൻ വന്ന സുകുവിനോട്
കുരുമുളക് പറിയ്ക്കാൻ ഏണിയുമായിപ്പോകുന്ന ബാബുവിനോട്
ഒരു തളപ്പു കിട്ടുമോ?
ചോദ്യം ചിന്തിതം
പക്ഷേ? ഇക്കാലത്ത് ‘തളപ്പ് ‘ വ്യവഹാര ഭാഷയിൽ നിന്നും മാറിക്കൊണ്ടിരിക്കുമ്പോൾ
എന്താണ് തളപ്പ്?
ആപ്പുകൾ മാത്രം കേട്ടു ശീലിച്ചവർക്ക് എന്ത് തളപ്പ്?
ഉയരങ്ങളിലെത്താൻ
പാടുപെടുന്നവർ
തളപ്പിനോളം ഉയരം പ്രതീക്ഷിച്ച്
നടവഴിയിൽ കുശലം പറയുന്നു.
കുശുമ്പ് പറയുന്നു
എത്തിക്കുത്താൻ ശ്രമിച്ച്
ഒന്നാമതെത്താൻ ശ്രമിച്ച്
ചിന്തകൾ മരവിച്ചു പോയവരുടെ
കൂട്ടത്തിലവർ ഒന്നാമതായിരുന്നു
നിരക്ഷരരുടെ പരവതാനികളിൽ
ഒന്നാമതിരുന്നും, ഓരം ചേർന്നും
അവരിപ്പോൾ
കൂട്ടിക്കെട്ടാൻ മറന്ന
എപ്പോഴും അഴിഞ്ഞു പോകുന്ന
ഒരു തളപ്പായി മാറിയിരിക്കുന്നു.
വിജയത്തിൻ്റെ അരികിലെത്തി
എപ്പോളും പരാജയം ഏറ്റുവാങ്ങുന്നതിനാലാണ്
അവരുടെ തളപ്പിൽ അവർ
അവരുടെ പേരെഴുതുന്നത്.
അടിവസ്തത്തിൻ്റെ വള്ളിയെ
തളപ്പായി കണ്ട് വലിഞ്ഞു കേറുന്നവരുടെ
വിയർപ്പിൽ സമനില തെറ്റിയ ചിലർ
പലതും കാട്ടിക്കൂട്ടി മറിയുന്നുണ്ട്.
ഉത്തമൻ
ഉന്മത്തനായത് കൊണ്ട്
ഉത്തരത്തിൽ നിന്നു കഴുക്കോൽ മാറ്റി
ഓട് നിരത്താനാവില്ലല്ലോ
പ്രഭോ….
എനിയ്ക്കും വേണം ഒരു തളപ്പ്
മുകളിലേക്ക് കയറുന്നവനെ
പുറകിൽ നിന്നും വലിച്ച് താഴെയിടാൻ.

By ivayana