ഹരിദാസ് കൊടകര*
നിമിഷസാന്ദ്രങ്ങളെ തപ്തമാക്കി
തന്നിടം തന്നെ തിരിച്ചുവച്ചു.
ചെറുകെട്ടുമേലും പലമടക്കായ്
ആചാരപിണ്ഡം അടുക്കിവച്ചു
ചാരത്തിരുത്തിയാ മൂകശ്വാസം
പിരിഞ്ഞിറക്കത്തിൻ ക്രമം പുതച്ചു.
കരിയിലച്ചപ്പിന്നുടുതുണിയിൽ
രാഗമമർഷം പൊതിഞ്ഞു വച്ചു.
അല്ലലുണക്കിയ കെട്ടുകളിൽ
ചുള്ളിയടക്കിയ കാടുകളിൽ
സന്താപസായം മുഖത്തുരഞ്ഞു.
വേശിച്ച വേഷവും ചങ്ങാത്തവും
മുരടും തടിയുമായ് വീടിറങ്ങി.
ദിനമണിക്കൂറുകൾ വർഷങ്ങളും
വേദനാവേതനം ഗുണിച്ചുമൂടി.
സംയുക്തമിശ്രം ജനിസഞ്ചയം
ഭിന്നിച്ച വാഴ് വും എതിർബന്ധവും
പിൻനടത്തത്തിൻ കരിഞ്ഞിടങ്ങൾ
സാമന്തരോഷം പുണർന്നെരിഞ്ഞു.
അർത്ഥരാഹിത്യത്തിൻ നാൾവഴിയിൽ
അർത്ഥനിരൂപണം വിത്തൊഴിഞ്ഞു.
കത്തിച്ചുഴിഞ്ഞഴൽ ദീപധൂപം
ഭൂതാളലഗ്നങ്ങളേറിയേറി
വിരസതാവർഷവും മുൾമുനപ്പും
മുൻ ദാനതീരം കണക്കെടുപ്പിൽ
കാരണം കാട്ടൽ മുഖപ്പരസ്യം
എന്തിനെൻ കാണാക്കരയിലെങ്ങും
മുഖനിന്ദമൗനവും വിജനത്വവും.