സന്ധ്യാ സന്നിധി*

പ്രസവിച്ച ഉടന്‍
അമ്മ കുഞ്ഞിനെ കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞു.
ഒരു കുഞ്ഞ് ജനിക്കാന്‍ പത്തുമാസം.
വീട്ടുകാരും നാട്ടുകാരും പോകട്ടേ,
കൂടെ കിടന്നുറങ്ങുന്ന കെട്ട്യോന്‍ പോലും
അറിഞ്ഞില്ലെന്നു പറഞ്ഞാല്‍
അല്‍പം കടുത്ത ക്യാപ്സൂള്‍ ഗര്‍ഭംതന്നേ.

ആദ്യമായ് ഗര്‍ഭിണിയാകുന്നത് 2018 ജനുവരിയിലാണ്.
സ്വന്തം വീട്ടില്‍ പോയി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ശരീരത്താകെ ഒരു ചൂടും
ചെറിയ ശരീരവേദനയും
കുളികഴിഞ്ഞ് തുവര്‍ത്തുമ്പോള്‍
നെഞ്ചിന് പതിവിലും വലുപ്പം
ഒപ്പം വേദനയും..
പനിക്കോളാകുമെന്ന് കരുതി കാര്യമാക്കിയില്ല.

കിണറ്റില്‍ നിന്ന് വെള്ളം കോരുന്നത് ഇഷ്ടമായതിനാല്‍
കുളിച്ചതും തുണി അലക്കിയതും
പാത്രം കഴുകിയതുമൊക്കെ കിണറ്റില്‍ നിന്ന് വെള്ളം കോരിയാണ്.
എന്‍റെ അവശത കണ്ടാകണം ബക്കറ്റില്‍ വെള്ളം കോരിയെടുത്തപ്പോഴൊക്കെ
അവിടെങ്ങാനും അടങ്ങിയിരിക്കാനെന്ന്
അമ്മ വഴക്കുപറഞ്ഞു.
എന്നിട്ടും കാര്യമാക്കിയില്ല.

പിറ്റേന്ന് നിച്ചേട്ടന്‍ കൊണ്ടുപോകാനെത്തിയപ്പോള്‍
വയ്യ പനിയാണെന്ന് പറഞ്ഞു.
തിരിച്ച് വണ്ടിയില്‍ കയറാന്‍ നേരം
എനിക്കിച്ചിരി അവല് നനച്ച് തരുമോ..വണ്ടിയേല്‍ ഇരുന്ന് തിന്നാനാണമ്മേ…
എന്നു പറഞ്ഞു.

ഇത്രേം നേരം സമയമില്ലായിരുന്നോ കായംകുളം ചെന്നിട്ട് കഴിക്കാമെന്ന് നിച്ചേട്ടന്‍ ദേഷ്യപ്പെട്ടു.
ഒരഞ്ച് മിനിറ്റ് ഇപ്പോ തരാമെന്ന് പറഞ്ഞ് അമ്മ ഒരു കവറില്‍ അവല് നനച്ചതുമായി ഓടി വന്ന് പതുക്കെ പോകണേ മോനേ
എന്നുപറഞ്ഞ്
കൈയ്യില്‍ തന്നു.
വണ്ടിഓടുന്നതിനിടയിലെല്ലാം
ഞാന്‍ അവല് വാരിതിന്നുകൊണ്ടിരുന്നു.
അതുവരെയില്ലാത്തൊരു ആര്‍ത്തിതോന്നി.

വണ്ടിയില്‍ ഇരുന്നുള്ള കുലുക്കവും അനക്കവും കണ്ട് വീട്ടിചെന്നിട്ടാകട്ടെടീ പെണ്ണേ..വല്ലവരും കാണുമെന്ന് നിച്ചേട്ടന്‍.
അപ്പോഴേക്കും അവല് തീര്‍ത്ത് കവറ് ഞാന്‍ ബാഗില്‍ വെച്ചിരുന്നു.
വണ്ടി മാവേലിക്കരയെത്തി.

അടുത്തു കണ്ട മെഡിക്കല്‍ സ്റ്റോറീന്ന്
വെറുതെ നോക്കിയേക്കാം എന്നുകരുതി രണ്ട് PT kit വാങ്ങി.
വീട്ടിലെത്തി നോക്കി.
ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവ്.
വിശ്വാസവരാതെ രണ്ടാമത്തേതും നോക്കി വീണ്ടും അതുതന്നെ.
പിന്നേന്ന് മുതല്‍ ക്ഷീണം കൂടുതല്‍ തോന്നിതുടങ്ങി തലകറക്കം ശരീരവേദന ഛര്‍ദ്ധിക്കാന്‍ തോന്നുക.

ഛര്‍ദ്ധിയാണേല്‍ സഹിക്കാം
ഇത് vomting ടെന്‍റെന്‍സിയാണ്..
കുടല് വരെ പറിഞ്ഞുപോകും പോലെ.
അങ്ങനെ ഓരോ ദിവസം പോകുംതോറും കലശലായ പ്രശ്നങ്ങള്‍ കൂടി ഒരു ഭക്ഷണ സാധനങ്ങളും അടുത്തുകൂടിപോലും കൊണ്ടുപോകാന്‍ വയ്യാത്ത അവസ്ഥ.
പുലര്‍ച്ചെ കുളിക്കണമെന്നും കുറിതൊട്ട് പ്രസന്നവതിയായി ഇരിക്കണമെന്നുമൊക്കെ
എനിക്കും ആഗ്രഹമുണ്ട്.

പക്ഷേ..രാവിലെ ഏഴ് ആയാലും തല ഒരു ശകലംപോലും പൊങ്ങാന്‍ വയ്യാത്ത സ്ഥിതി. തലയുയര്‍ത്തിയാല്‍ അപ്പോള്‍ കണ്ണിലിരുട്ട് കയറും ഛര്‍ദ്ധിക്കാന്‍ വരും.
ശരീരം വിറക്കും വിയര്‍ക്കും.
പല്ല് പോലും തേക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ എനിക്ക് ശരിക്കും വിഷമം തോന്നിയിട്ടുണ്ട്.

എന്‍റെ പൊന്നോ…കൃത്യം മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അബോര്‍ഷനായെങ്കിലും
മാനം മര്യാദയ്ക്കുള്ള ഒരുഗര്‍ഭത്തിന്‍റെ
അവസ്ഥാന്തരങ്ങളുടെ അനുഭവം ഭയങ്കരമായിരുന്നു.
വാല്‍ക്കഷണം:അവനവന്‍റെ വീട്ടിലെ പെണ്ണുങ്ങള്‍
ഒന്‍പത് നാല്‍പത്തിയഞ്ചിന് എഴുനേല്‍ക്കുകയും വിയര്‍പ്പിന്‍റെ അസുഖവുമുള്ളവരാണെന്നതും
മറന്ന്,

ഈ അവസ്ഥയില്‍ എന്നെ കാണാന്‍ വന്ന അമ്മയോട്
മോള് രാവിലെ എഴുനേല്‍ക്കില്ലയെന്ന് പരാതിപറഞ്ഞ തലമൂത്ത പുരുഷകേസരികളെ ഓര്‍ക്കുമ്പോള്‍……

സന്ധ്യാ സന്നിധി

By ivayana