അസ്‌ക്കർ അരീച്ചോല .*
വിവാഹം..ചേരുംപടി ചേർന്നാൽ… പരസ്പരം അക്ഷരതെറ്റുകൾ സംഭവിക്കാതിരുന്നാൽ പവിത്രവും,സ്വർഗത്തിൽ വെച്ച് നടക്കുന്നതുമായ ദിവ്യമായ ഒന്നാകുന്നു.വിവാഹം…ചേരുംപടി ചേരാതിരുന്നാൽ…ചേർക്കാൻ കഴിയാതിരുന്നാൽ ആത്മഹത്യാപരവും, സ്വയം സദാ കത്തിയെരിയുന്ന നരകവുമായി ശിഷ്ട്ജീവിതം മാറുന്നു.
ജീവിതമെന്ന മഹാനാടകം മറ്റുള്ളവരുടെ മുന്നിൽ വിഭിന്ന വേഷങ്ങളിൽ, വിഭിന്ന വേദികളിൽ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ,അതിമനോഹരമായി അഭിനയിക്കുകയാണ് ആസുരമായ ഈ കാലത്ത് ഓരോ മനുഷ്യരുമെന്ന് മനസ്സിലാക്കാൻ എടുത്താൽ പൊങ്ങാത്ത അക്കാദമിക് ബിരുദങ്ങളോ,ഉന്നതമെന്ന് സ്വയം കരുതുകയും, രാജാകീയമെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും, ഒരുപരിധി വരെ മിന്നുന്നതൊക്കെ പൊന്നെന്ന് കരുതുന്ന അക്കരപ്പച്ചയിൽ ജീവിക്കുന്നവർ വിശ്വസിക്കുകയും ചെയ്യുന്ന ഭൂമിയിലെ സ്വയം സാങ്കൽപ്പിക നക്ഷത്രവാസിയവണമെന്നില്ല.. “!
ചേർത്ത്പിടിച്ചതും, കാര്യം സാധിച്ചാൽ ചേർത്ത് പിടിച്ചവർ തന്നെ തെരുവ് പട്ടിയെ പോലെ ആട്ടിയകറ്റിയതും,സ്വന്തമെന്ന് കരുതിയവരാൽ തീർത്ത കെണികളിൽ പെട്ട് ശ്വാസംമുട്ടി പിടയുമ്പോൾ അത് കണ്ട് അവർ കളിയാക്കി ചിരിച്ചതും,സ്വദിഷ്ഠമായ കറിയിൽ നിന്ന് ഉപയോഗ ശേഷം കറിവേപ്പില പോലെ വലിച്ചെറിയുമ്പോൾ കാര്യബോധമില്ലാത്തവനെന്നും, കഴിവ് കെട്ടവനെന്നും, ഒന്നിനും കൊള്ളാത്തവനെന്നും ഭർത്സിച്ചും, ചീത്ത പറഞ്ഞും വ്യക്തിഹത്യ നടത്തിയതും, അത്ഭുതകരവും, അതിലേറെ ആശ്ചര്യകരവുമായി തികച്ചും യാദൃശ്ചികമായി ആരൊക്കെയോ അവരവരുടെ സ്വാർത്ഥതകൾക്ക് വേണ്ടി തള്ളിയിട്ട കുപ്പയിൽ നിന്ന്, ഓടയിൽ നിന്ന് ഉന്നതമായ ഹൃദയങ്ങളിലേക്ക് ചേർത്ത് വെച്ച് അനശ്വരമായ മാനവികതയുടെ ദിവ്യപ്രണയം കൊണ്ട് ആശ്ലേഷിച്ച അതുവരെ കാണുകപോലും ചെയ്യാത്ത അപരിചിതരാൽ ജീവിതത്തിന്റെ പവിത്രമായ മറ്റൊരു ജീവന തലത്തിലേക്ക് എത്തിപ്പെട്ടതും ഈ വെറും ഏഴാം ക്ലാസുകാരന്റെ പച്ചയായ ജീവിതമായത് കൊണ്ട് ചില ജീവിതയാഥാർഥ്യങ്ങളെയെങ്കിലും നിഷ്പ്രയാസം എനിക്ക് മനസ്സിലാക്കാൻ സാധിക്കും.
ഓരോ വൈവാഹിക, ദാമ്പത്യ ദാരുണഹിംസകളെയും കൊലപാതകം, ആത്മഹത്യ എന്നീ സാധാരണ വാക്കുകൾ കൊണ്ടല്ല മാറിയ കാലത്ത് ചെകുത്താൻ പോലും അറക്കുന്ന ഈ ദുഷ്ടതയെ പേരിട്ടു വിളിക്കേണ്ടത്.സമൂഹവും, ജന്മം നൽകിയ മാതാപിതാക്കളും ഒത്തുചേർന്ന് നടത്തുന്ന പൊറുക്കാനാവാത്ത നരബലി എന്ന് തന്നെയാണ്.തങ്ങളുടെ മക്കൾക്ക് നേരെ വരാൻ പോകുന്ന ഒരു മഹാദുരന്തത്തെ കണ്മുന്നിൽ കണ്ടിട്ടും, അതിൽ നിന്ന് രക്ഷ നേടാൻ നൂറായിരം വഴികൾ വളരെ വ്യക്തതയോടെ മുന്നിലുണ്ടായിട്ടും കുറ്റകരമായ നിസ്സംഗതയോടെ മൗനം പാലിക്കുന്ന ഒരവസ്ഥയുടെ പേരോ ജനിപ്പിച്ച തന്തയും, തള്ളയും.. “!!
വിവാഹം എന്ന് പറയുന്നത് നമ്മുടെ സാഹചര്യങ്ങളിൽ പലപ്പോഴും വളർത്തി “കൊല്ലുക” എന്ന നാടൻ പദപ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന, അല്ലെങ്കിൽ നിർവ്വചിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.കുടുംബം എന്നത് ഇന്ന് പരസ്പരം നട്ട് വളർത്തി പരിപാലിച്ചു വിളവെടുക്കുക, അതിലൂടെ പരസ്പരം ലാഭം കൊയ്യുക.. അതാണ് സാമൂഹികമായ അന്തസ്സും, ആഭിജാത്യവുമെന്ന് കരുതി നിർജ്ജീവമായ കോൺഗ്രീറ്റ് നിർമ്മിതികൾക്കുള്ളിൽ ജീവിതാവസാനം വരെ ജീവനുണ്ടെന്ന് മറ്റുള്ളവരെ ബോധിപ്പിച്ച് കൂട്ടത്തോടെ ചത്തുജീവിക്കുക എന്നതായി ഗണിക്കപ്പെടുന്നു.പ്രണയത്തിലധിഷ്ഠിതമാവേണ്ടുന്ന കുടുംബ, ദാമ്പത്യ,ആത്മബന്ധങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പോലും സാമ്പത്തികമായ ലാഭക്കൊതി കൊണ്ട്നടക്കുന്ന നശിച്ച ഒരു ജനതയായി നമ്മൾ കാലങ്ങളായിട്ട് മാറി കഴിഞ്ഞിരിക്കുന്നു..
അല്ലെങ്കിൽ നമ്മൾ എങ്ങിനെയൊക്കെയോ സ്വയം അറിഞ്ഞോ, അറിയാതെയോ ആ നാറിയ സാമൂഹിക വ്യവസ്ഥിതിയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.. “വൈവാഹിക ജീവിതത്തിലെ പല അവസരങ്ങളിലും തെങ്ങിൻചെള്ള് (ചെല്ലി)പോലെ ഒരു വ്യക്തിയുടെ ശാരീരിക, ബൗദ്ധിക,മാനസിക ഇടങ്ങളിൽ ഒളിഞ്ഞിരുന്ന് അവന്റെ/അവളുടെ ബാഹ്യവും,ആന്തരികവുമായ വ്യക്തിത്വനാശം ആ വ്യക്തിക്ക് പോലും മനസ്സിലാവാത്ത വിധത്തിൽ വരുത്തുന്ന ക്ഷുദ്രജീവികളാണ് “ചില” മാതാപിതാക്കളും,ചില രക്ത, കർമ്മ ബന്ധങ്ങളും..”!
സ്വന്തം മാതാപിതാക്കളും, സാമൂഹിക വ്യവസ്ഥിതികളും നിർബന്ധപൂർവ്വം തങ്ങളുടെ മേൽ കെട്ടിവെച്ച വൈവാഹിക ജീവിതമെന്ന മാരണത്തേക്കാൾ കൊലപാതകങ്ങളിലൂടെയും, ആത്മഹത്യകളിലൂടെയും മരണത്തെ തെരഞ്ഞെടുക്കുന്നവരാണ് അനിഷ്ടദാമ്പത്യ നാടകങ്ങളിൽ ദുരന്തവേഷമണിയൻ വിധിക്കപ്പെട്ട എല്ലാ മക്കളും..”ആത്മഹത്യയെയും, കൊലപാതകങ്ങളെയും അതിജയിച്ചവരവട്ടെ മാറ്റാർക്കൊക്കെയോ വേണ്ടി, മറ്റാരെയൊക്കെയോ തൃപ്തിപ്പെടുത്താനും, ബോധിപ്പിക്കാനും വേണ്ടി വെറും ജഡജന്മങ്ങളായി നിർവ്വികാരതയോടെ അടിമയായി ഒരു നീണ്ട ജന്മം മുഴുവൻ നരകജീവിതം ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവർ..
“നമ്മുടെ ആൺമക്കളും, പെൺമക്കളും ദാമ്പത്യത്തിന്റെ പേരിൽ എത്ര ലാഘവത്തോടെയാണ് കൊലചെയ്യപ്പെടുന്നതും, ആത്മഹത്യ ചെയ്യിക്കപ്പെടുന്നതും..സ്വന്തം മാതാപിതാക്കളുടെ ആർത്തിയും, എത്രയും പെട്ടെന്ന് തങ്ങളുടെ തലയിലുള്ള മക്കളെന്ന ബാധ്യത തീർക്കാനുള്ള ബദ്ധപ്പാടും, തന്നിഷ്ടവും,തന്റേതെന്ന അന്ധമായ വ്യക്തി സ്വച്ഛാധിപത്യത്തിന്റെ കുടിലതകളും അത് നയിക്കുന്ന ഒരിക്കലും ഒരുതരത്തിലും പൊരുത്തപ്പെട്ട് പോകാനാവാത്ത ഇണയോടൊപ്പം ഏത് വിധേനയും വൈവാഹിക ജീവിതം ഉന്തിത്തള്ളി കാലം കഴിച്ചോളണം എന്ന മാതാപിതാക്കളുടെയും, കൂട്ടുകുടുമ്പ ബന്ധങ്ങളുടെയും നിരുത്തരവാദിത്തപരമായ കാടൻ തീരുമാനങ്ങൾ തന്നെയാണ് നമ്മുടെ മക്കളുടെ ദാമ്പത്യജീവിതം മിക്കപ്പോഴും നരകതുല്യമാക്കുന്നത്.. “!
മക്കളുടെ ശാരീരിക, മാനസിക, ആത്മീയ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും പ്രകൃതിപരവും, നൈസർഗ്ഗികവും, ദിവ്യവുമായ അവസ്ഥകളിൽ അതിനനുസരിച്ച് അവരുടെ ഒപ്പം ഒരു സാക്ഷിയായി, കാവലായി നിൽക്കാതെ തികച്ചും അന്യവും, അവനവന്റെ ഉള്ളിലെ ചോദനകൾക്ക് ഒരിക്കലും യോജിക്കാത്തതുമായ അതികഠിനവും, സങ്കീർണ്ണവുമായ വൈരുധ്യത്മക ജീവിത വഴികളിലേക്ക്(സാധാരണ ജീവിതത്തിൽ പോലും മനുഷ്യന്റെ മുന്നിലുള്ള വഴികളെല്ലാം സ്വഭാവികമായി വൈരുദ്ധ്യാത്മക രീതിയിലുള്ളതായിരിക്കെ അതിലും അതി കഠിനമായ അവസ്ഥകളിലേക്ക്) കാശപ്പുശാലയിലേക്ക് നാൽകാലികളെ ആട്ടിക്കയറ്റുന്നത് പോലെ നിർബന്ധപൂർവ്വം പിടിച്ചു തള്ളി നരകം തീർത്തുകൊടുക്കുന്നത് തീർത്തും നരബലി തന്നെയാണ്…”!!
സ്വന്തം മകളുടെ/മകന്റെ വ്യക്തിത്വത്തെ തികച്ചും സങ്കുചിതമായ കള്ളികൾക്കുള്ളിൽ തളച്ചിട്ട “നെറികെട്ട”(നന്മയുള്ളതും, മാനവീകമായതുമായ ഒരു വ്യവ്യസ്ഥകളെയും, വ്യവസ്ഥിതികളെയും അടിച്ചാക്ഷേപിക്കുകയല്ല) സാമൂഹിക, രാഷ്ട്രീയ,മത, സാമ്പത്തിക, അധികാര, തറവാടിത്ത,സാംസ്കാരിക വീക്ഷണപരതയിൽ നിന്ന് ഉടലെടുക്കുന്ന ദുഷിച്ച ചളിക്കുഴികളിൽ നിന്ന് നമുക്ക് സ്വയം മോചനം നേടാൻ സാധിക്കാത്തിടത്തോളം കാലം കൊലപാതകങ്ങളായും, ആത്മഹത്യകളായും ഈ നരബലികൾ ആൺ/പെൺ ഭേദമില്ലാതെ നമ്മുടെ മക്കൾക്കിടയിൽ തുടർന്നു കൊണ്ടേയിരിക്കും.
അടുത്ത നിമിഷം തന്നെ സംഭവിക്കും എന്ന് ഉറപ്പുള്ള ഒരു വൈവാഹിക കൊലപാതക, ആത്മഹത്യയെ കുറിച്ച് പോസ്റ്റ് തയ്യാറാക്കാൻ സജീവമായിരിക്കുന്ന ഒരു ജനതയായി നാം മാറിക്കഴിഞ്ഞിരിക്കുന്നു..അല്ല.. ആരൊക്കെയോ മാറ്റിയെടുത്ത നമ്മുടെ സാമൂഹിക വ്യവസ്ഥിതികളും, കാഴ്ച്ചപ്പാടുകളും നമ്മേ അങ്ങിനെ ആക്കി തീർത്തിരിക്കുന്നു..
: അസ്‌ക്കർ അരീച്ചോല .