ജനാർദനൻ കേളത്ത്*
നമ്മൾ
ഗർഭപാത്രത്തിലെ
ഏകാന്തതയെ വിട്ട്
പിരിയുന്ന കുഞ്ഞ്,
അമ്മക്ക് നൽകിയ
പ്രാണവേദനയും,
ശ്മശാനാനന്തതയിലേക്ക്
പിരിയുന്ന അവ്യക്ത വാഴ്‌വ്
സഹജീവികൾക്ക്
നൽകിയ ക്ലേശവും,
കുമ്പസാരക്കൂട്ടിൽ
മറച്ച്, പുകഴ് പാടി,
നല്ലവരാക്കുന്നവർ!
…………നമ്മൾ!
നല്ലവരാക്കപ്പെട്ട്
ചില്ലിട്ട കൂട്കളിൽ
ചുമരിൽ തൂക്കിയ
ഛായാ ശീർഷങ്ങൾ
ദൈവങ്ങളായ-ദൃശ്യം
കൊഞ്ഞനം കുത്തി
നമ്മെ പരിഹസിക്കെ,
ജീവിത യാത്രയിൽ
നിർദയ പരികർമാ-
വശിഷ്ടങ്ങളുതിർത്ത
അമാനുഷികതക്ക്
വാഴ്ത്ത് പാടി
നല്ലവരാക്കുന്നവർ!
………..നമ്മൾ!
വിരുന്നൊരുക്കി വിളമ്പിക്കൊടുക്കെ
ഉപ്പില്ലെന്നും മുളകില്ലെന്നും
പരാതികൾ പറഞ്ഞ്
അതിജീവനത്തിൻ്റെ
ആത്മശേഷികളെ
കുറവാക്കിക്കാട്ടി
കൊറോണയുടെ
മഹനീയതകൾ
പാടുന്നവരെ പോലും
നല്ലവരാക്കുന്നവർ!
………..നമ്മൾ!
നല്ലവരാകാത്ത – വരെ,
നല്ലവരാക്കപ്പെടുന്ന
പ്രഹേളികകളിലെ
രാഗം മറന്ന പാട്ടിൻ്റെ,
താളം തെറ്റിയ പക്ക
വാദ്യങ്ങളുടെ,
ഈണം ചേർക്കാത്ത
ആലാപന വിരസമായ
അപശ്രുതികൾ!
…………നമ്മൾ!