ഉഷാ റോയ്*
അരിപ്പത്തിരി ചുട്ട് ഒരു കുന്നുപോലെ ഉയരത്തിൽ അടുക്കിവച്ചിട്ട് സൈനുത്താത്ത, ഉന്നക്കായ് ഉണ്ടാക്കാനായിഏത്തപ്പഴം പുഴുങ്ങി വച്ചിരിക്കുന്നത് അരച്ചെടുക്കാൻ തുടങ്ങി.” ദെന്താ സൈനൂ…ഇവിടെ ഒരു ചെറിയ പെരുന്നാളിന്റെ വട്ടം.. “സുബൈറിക്ക ഉച്ചമയക്കം കഴിഞ്ഞ് പീടികയിലേക്ക് പോകാൻ തയ്യാറെടുത്തു കൊണ്ട് തമാശയായി ചോദിച്ചു. സൈനുത്താത്തയുടെ അടുക്കളയിൽ എന്നും ഒരു ചെറിയ പെരുന്നാളിന്റെ മട്ടാണ്.
അവർ വേഗത്തിൽ കടിയാക്കി സുബൈറിക്കക്ക് ചായ കൊടുത്തു. സൈനുത്താത്തക്ക് മക്കൾ മൂന്ന് പേരാണ്. അവർ മുതിർന്ന കുട്ടികളായി.എങ്കിലുംമക്കൾക്ക് പലഹാരം ഉണ്ടാക്കിക്കൊടുക്കുന്ന പരിപാടിക്ക് ഒരു അയവും വരുത്തിയിട്ടില്ല സൈനുത്താത്ത.. അടുത്തിടെയാണ് തൊട്ടപ്പുറത്തെ പത്തു സെന്റ് സ്ഥലവും വീടും സുബൈറിക്കയുടെ അടുത്തബന്ധു വിലയ്ക്കെടുത്തത്.അവർ കഴിഞ്ഞ ആഴ്ച്ച താമസം തുടങ്ങി.അവിടെ മൂന്ന് ചെറിയ കുട്ടികളാണ്.അവരും വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും’ സൈനുത്താത്താ ‘എന്നു വിളിച്ച് ഇങ്ങെത്തും. പിന്നെ വീട് അവരുടെ സ്വന്തമാണ്.. സ്നേഹമയിയായ സൈനുത്താത്തക്ക്അവരെ കൊഞ്ചിക്കാനും കളിപ്പിക്കാനും കഴിപ്പിക്കാനും വലിയ ഇഷ്ടമാണ്.
അവർക്കും കൂടി വേണ്ടിയാണ് ഇപ്പോഴത്തെ പലഹാരം ഉണ്ടാക്കൽ.. ” ഈ ഉമ്മാക്ക് ന്തിന്റെ കേടാ… ” കുട്ടികളുടെ ഒച്ചയും ബഹളവും കാരണം പരീക്ഷയ്ക്ക് പഠിക്കുന്ന മൂത്തവൾ ഫാത്തിമക്ക് ദേഷ്യം വരാറുണ്ട്. ഇളയവർ നൗഷാദിനും നബീസുവിനും അസഹിഷ്ണുതയുണ്ട്.. “ഈ കുട്ട്യോളെ കഴിപ്പിക്കാനും കുടിപ്പിക്കാനും എന്തിനുമ്മാ പാടുപെടണെ…” എന്ന് അവർ ചോദിക്കും. “അവരുടെ കളീം ചിരീം കാണാൻ ഒരു രസമല്ലേ..”എന്നാണ് സൈനുത്താത്തയുടെപക്ഷം “..
ശനിയും ഞായറും ഉച്ചയുറക്കം പോലും സാധിക്കാത്തതിനാൽ സുബൈറിക്കക്കും ഇഷ്ടക്കേടുണ്ട്. പക്ഷെ സൈനുത്താത്തയോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. ഫാത്തിമ ഉന്നതപഠനത്തിനായി കോളേജ് ഹോസ്റ്റലിലേക്ക് മാറുകയാണ്. നൗഷാദ് കമ്പ്യൂട്ടർ പഠനത്തിനായിബാംഗ്ലൂർക്ക് പോകുന്നു. നബീസുവിനെ പട്ടണത്തിലെ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ ചേർത്തു. മൂന്നു മക്കളും ദൂരേക്ക് പോകുമ്പോൾ സൈനുത്താത്തക്ക് വല്ലാത്ത വിഷമമുണ്ട്.കുട്ടികളുടെ ഭാവിക്ക് അതാണ് നല്ലത് എന്നാണ് സുബൈറിക്ക പറയുന്നത്.”എനിക്ക് ഒരു മണിക്കൂർ യാത്രയല്ലേ ഉള്ളു..ഇടയ്ക്കിടെ വരാല്ലോ.. ഉമ്മാക്ക് കൂട്ടിന് കുട്ട്യോള് അടുത്തുണ്ടല്ലോ…”ഫാത്തിമ ഉമ്മയെ സമാധാനിപ്പിച്ചു. എല്ലാവരും യാത്രയായി.
ആഴ്ചയവസാനം ഫാത്തിമക്ക് ഒരു തോന്നൽ ‘വീട്ടിൽ ഒന്നു പോയിവരാം. ഉമ്മാനേം ഉപ്പാനേം കാണാല്ലോ…’ അവൾ വിളിച്ചുപറയാനൊന്നും നിൽക്കാതെ ഉച്ചക്ക് ശേഷം ബസ് കയറി. വീടിന്റെ മുൻപിൽ ബസ് ഇറങ്ങുമ്പോഴേ അവൾ കണ്ടു… മുറ്റത്ത് ചെടികളെ തലോടിയും..എന്തൊക്കെയോ ചിന്തിച്ചും.. അങ്ങനെ മറ്റേതോ ലോകത്തെന്നപോലെനടക്കുന്ന തന്റുമ്മയെ.. അവളെ പെട്ടെന്ന് കണ്ടപ്പോൾ സൈനുത്താത്തയുടെ കണ്ണുകൾതിളങ്ങി. മുഖത്ത് ആശ്വാസവും ചിരിയും നിറഞ്ഞു. അവർ മകളുടെ അടുത്തേക്ക് വേഗത്തിൽ വന്നു. ” ന്തുമ്മാ തനിച്ച് നടക്കണ്?.. ഉപ്പ ഉച്ചക്ക് ബന്നീലെ…ഇന്ന് കുട്ട്യോള് എവിടെപ്പോയി..?ഫാത്തിമ ചുറ്റും നോക്കി ചോദിച്ചു.
“അവര് ഉച്ചക്ക് ഞാൻ ഒന്നിരിക്കുമ്പോ ബന്ന് ഒച്ചയാക്കി..ഞാൻ ദേഷ്യത്തിൽ എന്തോ കനപ്പിച്ചു പറഞ്ഞു..അബര് പോയി.. പിന്നെ ബന്നീല..”….സൈനുത്താത്ത ഉത്സാഹത്തോടെഅടുക്കളയിലേക്ക് നടന്നുകൊണ്ട് പറഞ്ഞു..”ഞങ്ങൾ ഇല്ലാത്തപ്പോ ഉമ്മാക്ക് അവർ ഒരു കൂട്ടാവൂല്ലോ ന്ന് ഞാൻ അവിടിരുന്ന് ആശ്വസിക്കും.. ന്തിനുമ്മാ കുട്ട്യോളെ പായിച്ചത്..” ഫാത്തിമ ചോദിച്ചു. ” ന്റെ മക്കളിബടെ ഇല്ലാത്തപ്പോ എനിക്ക് ബേറെ മക്കള് കൂട്ടിന് ബേണ്ട.. അവർക്ക് ബേണ്ടി ഉണ്ടാക്കാനും മ്മക്ക് കയ്യൂല.. ” പത്തിരിക്കുള്ള അരിപ്പൊടി പാത്രത്തിലേക്കു കുടഞ്ഞിട്ടുകൊണ്ട് സൈനുത്താത്ത കട്ടായംപറഞ്ഞു. ” ന്റുമ്മാന്റെ തനിനിറം വെളിപ്പെട്ടൂലോ”എന്ന് പറഞ്ഞ് ഫാത്തിമ ചിരിച്ചപ്പോൾ സൈനുത്താത്തയും ചിരിച്ചുപോയി.
ഉഷാ റോയ്