രചന : ശ്രീകുമാർ എം പി*
ഇനി നിന്റെ സ്വരം
അവരുടെ സ്വരത്തിനേക്കാൾ
ഉയരേണ്ട.
ഇനി നിന്റെ വാക്യങ്ങൾ
അവരുടെ വാക്യങ്ങളെ
താഴേയ്ക്കു തള്ളരുത്.
ഇനി നീ പറയുന്നത്
അവർ പറയുന്നതിനേക്കാൾ
കുറഞ്ഞിരിയ്ക്കട്ടെ.
ഇനി മുതൽ നീ,
പറയുന്നതിനേക്കാൾ
കൂടുതലായി കേൾക്കുക.
അവരെ നാട്ടുകാരും, പരിചയക്കാരും
മാത്രമായി കണ്ടത്
നിന്റെ അറിവില്ലായ്മ
യായിരുന്നു.
അവർ നിനക്ക്
സഹോദരങ്ങളാണ്.
അവർ നിനക്ക് പുത്ര തുല്യരാണ്.
അവർ നിനക്ക്
അച്ഛനമ്മമാർക്കൊപ്പമാണ്.
അവരുടെ പരിമിതികൾ
നിന്റെ ഉത്തരവാദിത്വങ്ങളാണ്.
അവരുടെ അറിവുകൾ
നിനക്ക് പ്രചോദനമേകണം.
അവരുടെ കഴിവുകൾ
നിനക്ക് അഭിമാനമാകണം.
അവരുടെ സന്തോഷം
നിനക്ക് ആഹ്ലാദമേകണം.
ഇനിയൊരിയ്ക്കൽ
അവർ നിന്നിൽ നിന്നും ഭിന്നമല്ലെന്നും
അവർ നീ തന്നെയാണെന്നും
ബോധ്യം വരുന്ന മുഹൂർത്തത്തിൽ,
നീ വളരെ ശ്രേഷ്ഠതലത്തിൽ
എത്തിയിരിക്കും.